കൊടുമൺ : റവന്യു ജില്ലാ സ്കൂൾ കായിക മേളയ്ക്ക് ഇന്ന് കൊടുമൺ ഇ.എം.എസ് സ്റ്റേഡിയത്തിൽ തുടക്കം. സിന്തറ്റിക് ട്രാക്കുള്ള സ്റ്റേഡിയത്തിൽ ആദ്യമായാണ് ജില്ലാ കായികമേള നടക്കുന്നത്. കായികമേളയ്ക്ക് മുന്നോടിയായി ട്രാക്കിൽ കുട്ടികൾ പരിശീലനം നടത്തിയിരുന്നു. അഞ്ച് ട്രാക്കുകളാണ് ഇവിടെയുള്ളത്. പതിനൊന്ന് ഉപജില്ലകളിൽ നിന്നുള്ള 1500 കായിക താരങ്ങൾ മത്സരങ്ങളിൽ മാറ്റുരയ്ക്കും. 98 ഇനങ്ങളിലാണ് മത്സരങ്ങൾ. കായികമേളയ്ക്ക് ഒരുക്കങ്ങൾ പൂർത്തിയായെന്ന് സംഘാടക സമിതി അറിയിച്ചു. രാവിലെ 9.30ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. എം.എൽ.എമാരായ കെ.യു.ജനീഷ്കുമാർ, പ്രമോദ് നാരായൺ, മാത്യു ടി.തോമസ് എന്നിവർ പങ്കെടുക്കും.
കൊവിഡ് പ്രതിസന്ധിയകന്ന ശേഷം നടക്കുന്ന കായികമേളയ്ക്ക് പുതുമകളുമുണ്ട്. ട്രാക്കിലെ മത്സരങ്ങളിൽ മുന്നിലെത്തുന്നവരാണ് മുൻ വർഷങ്ങളിൽ താരങ്ങളായതെങ്കിൽ ഇത്തവണ സമയമാണ് വിജയികളെ നിർണയിക്കുന്നത്. ഏറ്റവും കുറഞ്ഞ സമയത്തിൽ ഫിനിഷിംഗ് പോയിന്റ് കടക്കുന്നയാൾ അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടും. സമയം അടിസ്ഥാനത്തിൽ വിജയികളെ നിശ്ചയിക്കാൻ ഒഫിഷ്യലുകൾ ഗ്രൗണ്ടിലുണ്ടാകും.
ഇന്നത്തെ മത്സരങ്ങൾ
800 മീറ്റർ, 600 മീ.ഒാട്ടം (ബോയ്സ്, ഗേൾസ്). ലോംഗ് ജംപ്, ഹൈജംപ്, ഷോട്ട്പുട്ട്, ഡിസ്കസ് ത്രോ, 100മീറ്റർ (ബോയ്സ്, ഗേൾസ്). 400മീ. ഹർഡിൽസ്. അഞ്ച് കി.മീ., മൂന്ന് കി.മി വാക്കിംഗ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |