രാജ്യം മുഴുവനുമുള്ള സിനിമാ പ്രേമികളുടെ ഹൃദയം കീഴടക്കിയ കന്നഡ ചിത്രമാണ് 'കാന്താര'. ഇപ്പോഴും തീയേറ്ററുകളിൽ പ്രദർശനം തുടരുന്ന ചിത്രത്തെ അഭിനന്ദിച്ചുകൊണ്ട് സിനിമാരംഗത്തെ പ്രമുഖരെല്ലാം എത്തിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ സംവിധായകനും നായകനുമായ ഋഷഭ് ഷെട്ടിക്ക് ഒരു സ്വർണ ചെയിൻ സമ്മാനമായി നൽകിയിരിക്കുകയാണ് സൂപ്പർ സ്റ്റാർ രജനികാന്ത്.
കാന്താര പോലുള്ള ചിത്രങ്ങൾ 50 വർഷത്തിലൊരിക്കലേ സംഭവിക്കൂ എന്നാണ് രജനികാന്ത് പറഞ്ഞത്. ട്രേഡ് അനലിസ്റ്റ് രമേഷ് ബാലയാണ് ഈ വിവരം ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചത്. ഇന്ത്യൻ സിനിമയിലെ മാസ്റ്റർപീസ് എന്ന് കാന്താരയെ അദ്ദേഹം നേരത്തേ വിശേഷിപ്പിച്ചിരുന്നു. ഋഷഭ് ഷെട്ടിക്കും ചിത്രത്തിലെ മുഴുവൻ അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കും ട്വിറ്ററിലൂടെ അദ്ദേഹം അഭിനന്ദനവും അറിയിച്ചു. കഴിഞ്ഞ മാസം 29ന് രജനികാന്തിന്റെ വീട്ടിലെത്തി ഋഷഭ് അദ്ദേഹത്തെ കണ്ടിരുന്നു. അപ്പോഴാണ് ചെയിൻ സമ്മാനമായി നൽകിയത് എന്നാണ് സൂചന.
2022ൽ പുറത്തിറങ്ങിയ ഇന്ത്യൻ ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയവയിൽ ഒന്നാണ് കാന്താര. ഐഎംഡിബിയിൽ 9.4 റേറ്റിംഗാണ് ചിത്രത്തിന് ലഭിച്ചത്. സപ്തമി ഗൗഡയാണ് ചിത്രത്തിലെ നായിക. കിഷോര്‍, ദീപക് റായ് പനാജി, അച്യുത് കുമാര്‍,പ്രമോദ് ഷെട്ടി എന്നിവരാണ് മറ്റു താരങ്ങള്‍. കെജിഎഫ് നിര്‍മാതാക്കളായ ഹോംബാലെ ഫിലിംസാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.