ശബരിമല: സുപ്രീംകോടതി വിധിപ്രകാരം എല്ലാ തീർത്ഥാടകർക്കും ശബരിമലയിൽ പ്രവേശനം അനുവദിച്ചിട്ടുണ്ടെന്ന പൊലീസുകാർക്കുള്ള കൈപ്പുസ്തകത്തിലെ വിവാദ പരാമർശം പിൻവലിക്കുമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. സർക്കാരിനും ദേവസ്വം ബോർഡിനും ദുരുദ്ദേശം ഇല്ലെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണ്.അതിൽ അന്തിമ തീരുമാനം വരുന്നത് വരെ മുൻപ് ഉണ്ടായ അതേ രീതിയിൽ പ്രവേശനം തുടരുമെന്നും മന്ത്രി അറിയിച്ചു.
മുൻ വർഷങ്ങളിൽ പ്രിന്റ് ചെയ്ത പുസ്തകം കൊടുത്തതാണെന്ന് എ ഡി ജി പി എം ആർ അജിത്കുമാർ വ്യക്തമാക്കി. തെറ്റുകൾ തിരുത്തി പുതിയ നിർദ്ദേശങ്ങൾ കൊടുക്കുമെന്നും എ ഡി ജി പി പറഞ്ഞു.
തീർത്ഥാടനത്തോടനുബന്ധിച്ചുള്ള ആഭ്യന്തര വകുപ്പിന്റെ കൈപ്പുസ്തകത്തിലാണ് വിവാദ നിർദ്ദേശം ഉണ്ടായിരുന്നത്. ശബരിമലയിൽ തീർത്ഥാടകരോട് പൊലീസ് എങ്ങനെ പെരുമാറണം, ഡ്യൂട്ടി പോയിന്റുകളുടെ പ്രത്യേകതകൾ എന്തൊക്കെയാണ്, പൂജാ സമയം, സന്നിധാനത്തെ സ്ഥലങ്ങൾ എന്നീ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള പുസ്തകത്തിൽ ഒന്നാമതായാണ് യുവതീ പ്രവേശന വിധി ഓർമ്മപ്പെടുത്തി നിർദ്ദേശം നൽകിയിരിക്കുന്നത്.ബി ജെ പി സംസ്ഥാന അദ്ധ്യക്ഷനടക്കമുള്ളവർ ഇതിനെതിരെ രംഗത്തെത്തിയിരുന്നു.
ഒരിക്കൽ വിശ്വാസികൾ നിങ്ങളെക്കൊണ്ട് തിരുത്തിച്ചതാണ്. വീണ്ടും അവിവേകത്തിനാണ് വരുന്നതെങ്കിൽ പഴയതൊന്നും മറന്നിട്ടില്ലെന്ന് പിണറായി വിജയനെ ഓർമിപ്പിക്കുന്നു എന്നായിരുന്നു സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചത്. നിർദ്ദേശം പൊലിസ് സേനയ്ക്കിടയിലും വലിയ ചർച്ച ആയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |