കൊച്ചി: കണ്ണൂർ യൂണിവേഴ്സിറ്റിയിൽ അസോസിയേറ്റ് പ്രൊഫസർ ആകാനുള്ള മതിയായ അദ്ധ്യാപന പരിചയമില്ലെന്ന ഹൈക്കോടതി വിധിയിൽ പ്രതികരിച്ച് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസ്. കോടതി വിധിയെ മാനിക്കുന്നു. തുടർനടപടികൾ നിയമവിദഗ്ദ്ധരുമായി ആലോചിച്ച് തീരുമാനിക്കുമെന്നാണ് വിധി വന്നതിന് തൊട്ടുപിന്നാലെ പ്രിയ വർഗീസ് പ്രതികരിച്ചത്.
യുജിസി നിബന്ധനകൾ മറികടക്കാനാകില്ലെന്നും, യുജിസി റെഗുലേഷനാണ് പ്രധാനമെന്ന് സുപ്രീംകോടതി പറഞ്ഞിട്ടുണ്ടെന്നും പ്രിയ വർഗീസിന്റെ നിയമനം ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി പരിഗണിക്കവെ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡെപ്യൂട്ടേഷൻ അദ്ധ്യാപന പരിചയമല്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. റാങ്ക് ലിസ്റ്റ് പുനഃക്രമീകരിക്കണമെന്നും രണ്ടാം റാങ്കുകാരനായ പ്രൊഫ. ജോസഫ് സ്കറിയയുടെ ഹർജി അംഗീകരിച്ചുകൊണ്ട് ഹൈക്കോടതി നിർദേശിച്ചിരിക്കുകയാണ്.
പ്രിയ വർഗീസിന്റെ ഫേസ്ബുക്ക് പോസ്റ്റിനെയും ഹൈക്കോടതി വിമർശിച്ചിരുന്നു. സമൂഹത്തിലെ ഏറ്റവും നല്ലവരായിരിക്കണം അദ്ധ്യാപകരെന്നും കോടതി പറഞ്ഞു. അദ്ധ്യാപക ജോലി ചെയ്യാത്തവരെ അദ്ധ്യാപന പരിചയമുള്ളവരായി പരിഗണിക്കാനാകില്ല. തുടർച്ചയായുള്ള അദ്ധ്യാപന പരിചയം അസോസിയേറ്റ് പ്രൊഫസർ തസ്തികയ്ക്ക് ആവശ്യമാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. ഗവേഷണ കാലയളവിൽ പ്രിയയ്ക്ക് അദ്ധ്യാപന പരിചയം ലഭിച്ചോ എന്നും കോടതി ആരാഞ്ഞു.
യുജിസി ചട്ടം ലംഘിച്ചാണ് പ്രിയ വർഗീസിനെ റാങ്ക് പട്ടികയിൽ ഒന്നാമതാക്കിയതെന്നും, പട്ടികയിൽ നിന്ന് പ്രിയ വർഗീസിനെ നീക്കണമെന്നും ആവശ്യപ്പെട്ടാണ് ജോസഫ് സ്കറിയ ഹൈക്കോടതിയെ സമീപിച്ചത്. യുജിസി ചട്ടപ്രകാരം മാത്രമേ പ്രിയ വർഗീസിന്റെ നിയമനവുമായി മുന്നോട്ട് പോകാൻ ആവുകളുള്ളൂവെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.