SignIn
Kerala Kaumudi Online
Thursday, 25 April 2024 6.40 PM IST

വിശാലഹൃദയവും ചില്ലറ പൊല്ലാപ്പുകളും

photo

നാക്കിലെ ഗുളികൻ ചില്ലറക്കാരനല്ല. പറഞ്ഞതെല്ലാം പിഴയ്ക്കും. പിഴയ്ക്കുമ്പോൾ തിരുത്തും. വീണ്ടും ഗുളികന്റെ വിളയാട്ടം. ഗുളികനെ കുറിച്ച് പുരാണത്തിൽ നിരവധി ഉദാഹരണങ്ങളുണ്ട്. മന്ഥരയുടെ നാവിൽ ഗുളികൻ കയറിയതു കൊണ്ടാണ് ശ്രീരാമനും സീതയ്ക്കും വനവാസത്തിന് പോലും പോകേണ്ടി വന്നതെന്നാണ് പുരാണങ്ങൾ പറയുന്നത്. ഇതുകാരണമാണ് രാമരാവണ യുദ്ധം പോലും ഉണ്ടായതെന്ന് പറയപ്പെടുന്നു. സാധാരണക്കാരുടെ നാവിൽ ഗുളികൻ കയറിയാൽ അത് എന്തൊക്കെ ദുരിതങ്ങളാണ് ഉണ്ടാക്കുന്നത് എന്ന് ആലോചിക്കാൻ പോലും വയ്യ.

വീരശൂര പരാക്രമിയായ ഗുളികൻ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ നാക്കിലും കയറിയോ എന്നൊരു സന്ദേഹം. പറഞ്ഞതൊക്കെ പിഴയ്ക്കുന്നു. പിഴച്ചത് നാക്കുപിഴയാകുന്നു. പിന്നെ കോൺഗ്രസുകാരും ലീഗുകാരും മറ്റു യു.ഡി. എഫ് നേതാക്കളും എല്ലാം പഴിക്കുന്നു. കോൺഗ്രസ്സും ലീഗും തമ്മിൽ ചെറിയ അസ്വാരസ്യങ്ങൾ വരെയുണ്ടായതും ഈ നാക്കുപിഴ കൊണ്ടു തന്നെ. തുടരെത്തുടരെ പിഴയ്ക്കുമ്പോൾ നാക്കുപിഴ മാത്രമാണെന്നും മാദ്ധ്യമങ്ങളുടെ ദുർവ്യാഖ്യാനങ്ങളാണെന്നും പറ‌ഞ്ഞ് സുധാകരൻ തന്നെ വിശദീകരണവുമായി രംഗത്തു വരുന്നു. അവസാനം എല്ലാം ഒന്നു ഒത്തുതീർന്നപ്പോൾ മഴപെയ്തു ചോർന്ന പ്രതീതി. എന്നാൽ ചില മരങ്ങൾ ഇപ്പോഴും പെയ്യുന്നുണ്ട്.

കോൺഗ്രസ്സിലെ ശബ്ദങ്ങൾ ആരും കേൾക്കാതായപ്പോൾ ഒരു വെടി പൊട്ടിച്ചതാണ് സുധാകരൻ. വിവാദങ്ങൾ നാക്കുപിഴയും വാക്കുപിഴയും ഒക്കെയായപ്പോൾ കോൺഗ്രസ്സിന് ജീവൻ വച്ചതിന് പുറമേ സുധാകരനും പാർട്ടിയിൽ താരമായി.

എന്നാൽ മറ്റു നേതാക്കളാരും സുധാകരനെ വെറുതെ വിടാൻ തയ്യാറല്ല. അകത്തും പുറത്തും സുധാകരനെതിരെ ഉറഞ്ഞുതുള്ളാൻ നേതാക്കൾ കൂടി പുറപ്പെട്ടപ്പോൾ സംഗതി ജോറായി. ഒടുവിൽ കോൺഗ്രസ്സിന്റെ രാഷ്ട്രീയകാര്യ സമിതി യോഗം പോലും മാറ്റിവയ്‌ക്കേണ്ടി വന്നു. സുധാകരന്റെ ആരോഗ്യപ്രശ്നങ്ങളാണ് യോഗം മാറ്റിവയ്ക്കാൻ കാരണമായി പറയുന്നത്.

ശാഖയ്ക്ക്

കാവൽ നിന്നു

'കുടുങ്ങി'

സംഘടനാ കോൺഗ്രസിന്റെ ഭാഗമായിരുന്ന കാലത്ത് കെ.എസ്.യുവിലായിരുന്ന താൻ ആർ.എസ്.എസ് ശാഖയ്ക്ക് സംരക്ഷണം കൊടുത്തിട്ടുണ്ടെന്ന ആദ്യ പ്രസ്താവനയ്ക്ക് തൊട്ടുപിന്നാലെയാണ് ജവഹർലാൽ നെഹ്റുവിനെതിരെ പരാമർശവുമായി സുധാകരന്റെ രംഗപ്രവേശം. ആർ. എസ്. എസുമായി നെഹ്റു സന്ധി ചെയ്തുവെന്നായിരുന്നു വിവാദ പരാമർശം. ഏത് പാർട്ടിക്കും ഇന്ത്യയിൽ പ്രവർത്തിക്കാൻ അവകാശമുണ്ട്. അവർ ശാഖ തുടങ്ങാൻ ശ്രമിച്ചപ്പോൾ സി.പി. എമ്മിന്റെ എതിർപ്പുണ്ടായി. അപ്പോഴാണ് ജനാധിപത്യം സംരക്ഷിക്കാൻ സഹായം നൽകിയത്.

സി.പി.എം ആക്രമിച്ചപ്പോൾ എം.വി.രാഘവനെയും താൻ സംരക്ഷിച്ചിട്ടുണ്ട്. ജനാധിപത്യ നിഷേധത്തിന്റെ രക്തസാക്ഷികൾക്കൊപ്പമാണ് താൻ. ഇക്കാര്യത്തിൽ പിന്നീട് വിശദീകരണം തേടിയ മാദ്ധ്യമപ്രവർത്തകരോടും അദ്ദേഹം ഇതാവർത്തിച്ചു. 'എന്റെ ഉദ്ദേശ്യശുദ്ധിയെയാണ് ചോദ്യം ചെയ്യുന്നത്. ജനാധിപത്യ അവകാശത്തിന് വേണ്ടിയുള്ള നിലപാടാണത്. അത് വളച്ചൊടിക്കുന്ന നിങ്ങളാണ് കുറ്റവാളികൾ ',എന്നായിരുന്നു സുധാകരന്റെ കമന്റ്.

തനിക്ക് ബി.ജെ.പിയിൽ പോകണമെന്ന് തോന്നിയാൽ പോകുമെന്നാണ് ഇപ്പോഴും പറയാനുള്ളത്. പോകണോ, വേണ്ടയോ എന്നൊക്കെ ആലോചിക്കാനുള്ള ബുദ്ധിയും, രാഷ്ട്രീയബോധവും തനിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ ഏതായാലും അതിന്റെ ആവശ്യമില്ലെന്നും കോൺഗ്രസുകാരനായി തുടരുമെന്നും സുധാകരൻ തുറന്നടിച്ചു.

ബി.ജെ.പിയിലേക്ക്

ക്ഷണിച്ച് നേതാക്കൾ

സുധാകരനെ ബി.ജെ.പിയിലേക്ക് ക്ഷണിച്ചു കൊണ്ടും നേതാക്കൾ രംഗത്തെത്തി. സുധാകരന്റെ മനസ് ബി.ജെ.പിക്ക് ഒപ്പമാണെന്നാണ് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പറഞ്ഞത്. അതേ മനസുള്ള നിരവധി നേതാക്കൾ ഇപ്പോൾ കേരളത്തിലെ കോൺഗ്രസിലുണ്ട്. വമ്പൻ ഓഫറുകൾ ലഭിച്ചാൽ കേരളത്തിലെ ഒട്ടുമിക്ക കോൺഗ്രസ് നേതാക്കളും ബി.ജെ.പിയിൽ ചേരുമെന്നായിരുന്നു സുരേന്ദ്രന്റെ വാദം. എന്നാൽ സുരേന്ദ്രന്റെ പ്രസ്താവന കേട്ട് പലർക്കും ഇപ്പോഴും ചിരി നിറുത്താൻ കഴിഞ്ഞില്ലെന്നായിരുന്നു സുധാകരന്റെ മറുപടി.

പക്ഷേ സുധാകരന്റ പ്രസ്താവന വരികൾക്കിടയിലൂടെ വായിച്ചെടുക്കുമ്പോൾ എന്തോ ഒരു അങ്കലാപ്പും ആശങ്കയും കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കുമിടയിലുണ്ടെന്നും സംസാരമുണ്ട്. കോൺഗ്രസ് നേതാക്കളുടെ മനസിലുള്ള അരക്ഷിതാവസ്ഥയാണ് സുധാകരനിലൂടെ പുറത്ത് വന്നതെന്നു കരുതുന്നവരുമുണ്ട്. കോൺഗ്രസിന് ഇനി എത്രകാലം പിടിച്ച് നിൽക്കാൻ കഴിയും. കേരളത്തിലെ മാത്രമല്ല , ഇന്ത്യയിലൊട്ടുക്കും കോൺഗ്രസ് നേതാക്കൾക്കും ഈ അരക്ഷിതബോധമുണ്ട്. എത്രയോ പി.സി.സി അദ്ധ്യക്ഷൻമാർ അടക്കമുള്ള കോൺഗ്രസിലെ പ്രമുഖർ പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേർന്നിട്ടുണ്ട്. സുധാകരനെ ബി.ജെ.പിയിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള പ്രസ്താവനകൾ ഒന്നും താൻ നടത്തുന്നില്ലെന്ന ബി.ജെ.പി നേതാവ് സുരേന്ദ്രന്റെ പ്രസ്താവനയിൽ എന്തോ ഒളിഞ്ഞിരിപ്പുണ്ടെന്ന് ആരെങ്കിലും സംശയിച്ചു പോയാൽ അവരെ കുറ്റം പറയാൻ കഴിയില്ല.

പക്ഷേ കോൺഗ്രസിലെ മഹാഭൂരിപക്ഷം നേതാക്കളുടേയും മാനസികാവസ്ഥ സുധാകരനെപ്പോലെ തന്നെയാണ്. അത് ചിലർ സ്വകാര്യമായി പറയും. സുധാകരനെ പോലെയുള്ളവർ മാദ്ധ്യമങ്ങൾക്ക് മുന്നിൽ പരസ്യമായി പറയും എന്നൊരു തട്ട് കൂടി സുരേന്ദ്രന്റെ വകയുണ്ടായി. ഇതിനൊക്കെ പിന്നാലെ ആർ.എസ്.എസ് അനുകൂല പരാമർശത്തിൽ സുധാകരൻ ഖേദ പ്രകടനം നടത്തിയതു കൊണ്ടായില്ലെന്നും ലീഗിനെ അടക്കം വിശ്വാസത്തിലെടുത്തുള്ള തിരുത്തൽ വേണമെന്നും കോൺഗ്രസ് നേതാവ് കെ. മുരളീധരൻ പറഞ്ഞു.

ജനങ്ങൾക്കിടയിലുണ്ടായ ആശയക്കുഴപ്പം പരിഹരിക്കണം. ഘടകകക്ഷികളെ കാര്യങ്ങൾ പറഞ്ഞ് ബോദ്ധ്യപ്പെടുത്തണം. നെഹ്‌റു ആർ.എസ്.എസ് അനുകൂല നിലപാട് ഒരിക്കലും സ്വീകരിച്ചിട്ടില്ലെന്നും ശ്യാമപ്രസാദ് മുഖർജി മന്ത്രിസഭയിൽ വന്നത് തിരഞ്ഞെടുപ്പിന് മുൻപാണെന്നും മുരളീധരൻ തിരിച്ചടിച്ചതോടെ സുധാകരനും വെട്ടിലായി. മുരളീധരന്റെ പ്രസ്താവന മുതലെടുത്ത് ലീഗ് നേതാക്കളും പ്രതിഷേധം കടുപ്പിച്ചു. ലീഗ് നേതാക്കൾ ഉന്നതതലയോഗം തന്നെ വിളിച്ച് സുധാകരന്റെ പ്രസ്താവന ചർച്ച ചെയ്തു. സുധാകരന്റെ അതിരുവിട്ട ആർ.എസ്.എസ് അനുകൂല നിലപാടുകളിൽ വലിയ പ്രതിസന്ധിയിലേക്കാണ് കോൺഗ്രസ് നീങ്ങുന്നതെന്നാണ് നേതാക്കൾ തന്നെ നൽകുന്ന സൂചന. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ബാക്കിനിൽക്കെ ആർ.എസ്.എസ് അനുകൂല പ്രസ്താവനകൾ ന്യൂനപക്ഷങ്ങളെ കോൺഗ്രസിൽ നിന്നു അകറ്റുമെന്ന ആശങ്കയാണ് ഇവർക്കുള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ചക്ക വീണ് മുയൽ ചത്തതു പോലെയുള്ള വിജയം നേടിയത് ന്യൂനപക്ഷത്തിന്റെ കരുത്തിലാണെന്ന് മനസിലാക്കിയവരാണ് ഈ ആശങ്ക പങ്കുവയ്‌ക്കുന്നത്.
സുധാകരന്റെ വിവാദപ്രസ്താവന നാക്കുപിഴയെന്ന് ന്യായീകരിച്ച് എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ കഴിഞ്ഞ ദിവസം രംഗത്തെത്തിയതും ഇത്തരമൊരു സാഹചര്യത്തിലാണ് .നാക്ക് പിഴയാണ് പറ്റിയത്. സുധാകരൻ ഖേദം പ്രകടിപ്പിച്ചു കഴിഞ്ഞു. ഇതുമായി ബന്ധപ്പെട്ട് തനിക്ക് ഒരു പരാതിയും ലഭിച്ചിട്ടില്ല. ഭാവിയിൽ ഇത്തരം പ്രസ്താവനകൾ ഉണ്ടാകില്ലെന്ന് സുധാകരൻ ഉറപ്പ് നൽകിയെന്നുമാണ് താരിഖ് അൻവർ പറഞ്ഞത്. എന്നാൽ ഖേദപ്രകടനം കൊണ്ടൊന്നും പ്രശ്നം തീരില്ലെന്ന് പറയുന്നവർ സി.പി. എമ്മിലല്ല, കോൺഗ്രസ്സിൽ തന്നെയാണെന്നതാണ് പരമാർത്ഥം.

നാക്ക് പിഴയെ

പ്രതിരോധിക്കാൻ

നാക്കുപിഴ വരുത്തിവച്ച വിനയെ പ്രതിരോധിക്കാൻ സുധാകരന് ആവനാഴിയിലെ അവസാന അസ്ത്രം വരെ എടുക്കേണ്ടിവന്നു. ആർ.എസ്.എസ് അനുകൂല നിലപാട് സൃഷ്ടിച്ച പ്രതിസന്ധിയിൽ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനമൊഴിയാൻ തയാറാണെന്ന് സൂചിപ്പിച്ച് രാഹുൽ ഗാന്ധിക്ക് കത്തയച്ചു എന്ന അഭ്യൂഹങ്ങളും ഇതിനിടെ കത്തിപ്പടർന്നു. എ.ഐ.സി.സിക്ക് ഒരു പ്രസിഡന്റുണ്ടാകുമ്പോൾ ജോഡോ യാത്രയുടെ ഭാഗമായി രാജ്യം മുഴുവൻ നടക്കുന്ന രാഹുൽഗാന്ധിക്ക് കത്തെഴുതാൻ മാത്രം വിഡ്‌ഢിയാണോ താനെന്നാണ് സുധാകരൻ ചോദിക്കുന്നത്.

ഇനി അത്തരം വിവാദപ്രസ്താവനകൾ സുധാകരന്റെ ഭാഗത്തു നിന്നുണ്ടാകില്ലെന്ന കോൺഗ്രസിന്റെ ഉറപ്പോടെ ലീഗിലും താൽക്കാലിക വെടിനിറുത്തലായി. എല്ലാം കൂടി കലങ്ങിത്തെളിയുമ്പോൾ പച്ചപിടിക്കാൻ കഴിയുമെന്നാണ് കോൺഗ്രസും കരുതുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: K SUDHAKARAN
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.