SignIn
Kerala Kaumudi Online
Saturday, 20 April 2024 7.17 AM IST

എതിർപ്പിന്റെ രീതി ഇതല്ല

photo

തലസ്ഥാനത്തെ പ്രശസ്തമായ സംസ്‌കൃത കോളേജ് കവാടത്തിൽ ബുധനാഴ്ച രാവിലെ പ്രത്യക്ഷപ്പെട്ട കൂറ്റൻ ബാനർ വിദ്യകൊണ്ട് പ്രബുദ്ധരാകേണ്ട നമ്മുടെ കുട്ടികളുടെ ധാർമ്മിക അപചയത്തിന്റെ ഉദാഹരണമാണ്. സർവകലാശാലകളുടെ ചാൻസലറായ ഗവർണറെ അധിക്ഷേപിച്ചുകൊണ്ടുള്ള ബാനർ രാജ്‌ഭവന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പിന്നീട് നീക്കംചെയ്തെങ്കിലും അതു വമിപ്പിച്ച ദുർഗന്ധം അടുത്തകാലത്തൊന്നും ഇല്ലാതാകുമെന്നു തോന്നുന്നില്ല. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ അംഗങ്ങളായുള്ള, പ്രബുദ്ധ വിദ്യാർത്ഥി സംഘടനയുടെ പേരിൽ പ്രത്യക്ഷപ്പെട്ട ഈ ബാനർ അതു തയ്യാറാക്കിയവരിലോ അതുകണ്ട് ആത്മനിർവൃതികൊണ്ടവരിലോ യാതൊരു ചലനവും ഉണ്ടാക്കിയില്ലെന്നത് വിസ്മയകരം തന്നെ. സംസ്‌കൃത കോളേജിൽ ഒരു ചടങ്ങിൽ സംബന്ധിക്കാൻ ഉന്നത വിദ്യാഭ്യാസമന്ത്രി ഈ ബാനർ കെട്ടിയ കവാടവും കടന്നാണ് എത്തിയത്. ഗവർണറെ അധിക്ഷേപിക്കാൻ വേണ്ടി സ്ഥാപിക്കപ്പെട്ട ഈ ബാനർ ഒരുപക്ഷേ അവരുടെ ശ്രദ്ധയിൽപ്പെട്ടില്ലായിരിക്കും. എന്നാൽ അവിടെ പഠിക്കാനെത്തുന്ന കുട്ടികളും അവർക്ക് വിദ്യ പകർന്നു നൽകുന്ന അദ്ധ്യാപകരുമൊക്കെ തീർച്ചയായും ഈ ബാനർ കണ്ടിട്ടുണ്ടാവണം. രാജ്‌ഭവന്റെ പരാതി ലഭിക്കാൻ കാത്തിരിക്കാതെ,​ ബാനർ കെട്ടിയവരോട് അത് അഴിച്ചുമാറ്റാൻ ആവശ്യപ്പെടാൻ ഇവരിലാർക്കും കഴിയാതിരുന്നത് എന്തുകൊണ്ടാണ് ?​ തീർത്തും സംസ്കാരശൂന്യവും തെരുവിൽ മാത്രം കേൾക്കുന്നതുമായ വാക്കുകൾ എഴുതിവച്ചതിലൂടെ ഏറെ പാരമ്പര്യമുള്ള തങ്ങളുടെ പ്രസ്ഥാനം തന്നെയല്ലേ അവമതിക്കപ്പെട്ടത്? ഗവർണറും സർക്കാരും തമ്മിൽ നടക്കുന്ന അധികാരപ്പോരിൽ വിദ്യാർത്ഥി സംഘടനകളും ഉൾപ്പെടുന്നത് തികച്ചും സ്വാഭാവികം. എന്നാൽ സംസ്ഥാനത്തിന്റെ ഭരണത്തലവൻ ഗവർണർ തന്നെയാണെന്നു മറക്കരുത്. ഗവർണറുടെ നടപടികളെ വിമർശിക്കാം. എന്നാൽ വ്യക്തിഗതമായ അധിക്ഷേപങ്ങൾക്കു മുതിരരുത്. സംസ്കാരശൂന്യവും നാലുപേർ കേട്ടാൽ അറയ്ക്കുന്നതുമായ വാക്കുകൾകൊണ്ട് ബാനറും പോസ്റ്ററുമൊക്കെ സൃഷ്ടിച്ച് പരസ്യപ്രദർശനത്തിനു വച്ചാൽ കാണാനും കേൾക്കാനും ആളുണ്ടായെന്നുവരും. പക്ഷേ അതിന്റെ സ്രഷ്ടാക്കളെ അഭിനന്ദിക്കാൻ വിവേകമതികളാരും തന്നെ തയ്യാറാവില്ല.

ഡിസംബർ അഞ്ചിനു തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ സർവകലാശാലാ ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ ഒഴിവാക്കാനുള്ള ബിൽ അവതരിപ്പിച്ചു പാസാക്കാനിരിക്കുകയാണ്. പുതുവർഷത്തിലെ ആദ്യ സഭാസമ്മേളനത്തിൽ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ഉപേക്ഷിക്കാനും ആലോചനയുണ്ട്. ഇനിയൊരു സമവായത്തിന് സാദ്ധ്യതയില്ലാത്ത വിധത്തിലാണ് കാര്യങ്ങളുടെ പോക്ക്. രണ്ടു സർവകലാശാലകൾക്ക് ഇതിനകം വി.സിമാർ ഇല്ലാതായിക്കഴിഞ്ഞു. സാങ്കേതിക സർവകലാശാലയ്ക്ക് ഇടക്കാല വി.സിയെ ലഭിച്ചെങ്കിലും ഒന്നിലും ഒപ്പിടാൻപോലും കഴിയാത്ത സ്ഥിതിയിലാണ്. ഗവർണർ - സർക്കാർ തർക്കം സംസ്ഥാനം കണ്ട ഏറ്റവും വലിയ രാഷ്ട്രീയപ്പോരായി മാറിക്കഴിഞ്ഞ നിലയ്ക്ക് ഇതിന്റെ ഏറ്റവും വലിയ പ്രത്യാഘാതം നേരിടേണ്ടിവരിക ഉന്നത വിദ്യാഭ്യാസ മേഖലയാകും. അധികാരപ്പോരിനിടയിൽ കുട്ടികളുടെ ഭാവി കഷ്ടത്തിലാകാതെ നോക്കാനുള്ള ബാദ്ധ്യത എല്ലാവർക്കുമുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SFI AND GOVERNOR
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.