കൊച്ചി: ബാങ്ക് ഒഫ് ബറോഡയുടെ കാർഷികവായ്പാ പദ്ധതിയായ 'ബറോഡ കിസാൻ പഖ്വാഡ"യുടെ അഞ്ചാം എഡിഷന് തുടക്കമായി. നവംബർ 30 വരെ പ്രാബല്യത്തിലുള്ള പദ്ധതി പ്രകാരം കുറഞ്ഞ പലിശയിൽ, ലളിതവ്യവസ്ഥയിൽ കേരളത്തിൽ 20-25 കോടി രൂപയുടെ വായ്പ വിതരണംചെയ്യുമെന്ന് എറണാകുളം സോണൽ ഹെഡ് ശ്രീജിത്ത് കൊട്ടാരത്തിൽ പറഞ്ഞു. കേന്ദ്രസർക്കാരിന്റെ ക്രെഡിറ്റ് ഗ്യാരന്റി സ്കീം ഉൾപ്പെടെയുള്ള പദ്ധതികൾ പ്രകാരം കുറഞ്ഞ വായ്പകൾക്ക് ഈടുനൽകുന്നതിനും ഇളവുകളുണ്ടാകും. പദ്ധതിയുടെ ഭാഗമായി തൃശൂരിൽ നവംബർ 25ന് കാർഷിക മേളയും സംഘടിപ്പിക്കും.
കേരളത്തിൽ ബാങ്ക് ഒഫ് ബറോഡയ്ക്ക് 219 ശാഖകളുണ്ട്. മൂന്ന് സ്റ്റാഫുകൾ മാത്രമുള്ള 40 ഓളം മിനി ബ്രാഞ്ചുകളും ഉടൻ തുടങ്ങും. ലോക്കർ സൗകര്യം ഒഴികെ മറ്റ് സേവനങ്ങൾ ഇവിടെ ലഭിക്കും.
യു.എ.ഇയിൽ ഏറ്റവുധികം ബ്രാഞ്ചുകളുള്ള ബാങ്ക് ഒഫ് ബറോഡ കേരളത്തിൽ എൻ.ആർ.ഐ ഇടപാടുകളിൽ കൂടുതൽ ശ്രദ്ധിക്കുമെന്നും ശ്രീജിത്ത് കൊട്ടാരത്തിൽ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ഡി.ജി.എമ്മും ഡെപ്യൂട്ടി സോണൽ ഹെഡ്ഡുമായ ടി.എസ്.വിശ്വജിത്ത്, നെറ്റ്വർക്ക് ഡി.ജി.എം നാഗസുബ്രഹ്മണ്യം മണ്ഡവ എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |