ശബരിമല: സന്നിധാനത്തെത്തുന്ന അയ്യപ്പഭക്തർക്ക് അഞ്ചുഭാഷകളിലൂടെയുള്ള അറിയിപ്പുകളുമായി സേവനം നൽകുകയാണ് വലിയനടപ്പന്തലിലെ ദേവസ്വം പബ്ലിക് റിലേഷൻസ് വിഭാഗത്തിൽ ബംഗളുരു മേടഹള്ളി സ്വദേശി ആർ. എം.ശ്രീനിവാസ്. കഴിഞ്ഞ 24 വർഷമായി ഇവിടെ അദ്ദേഹമുണ്ട്. അടുത്തവർഷം ശബരിമലയിലെ സേവനം അവസാനിപ്പിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം. തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകൾ അനായാസം കൈകാര്യം ചെയ്യുന്ന ശ്രീനിവാസിന് മലയാളവും വഴങ്ങും. അയ്യപ്പഭക്തർ അറിഞ്ഞിരിക്കേണ്ടതും അനുഷ്ഠിച്ചിരിക്കേണ്ടതുമായ കാര്യങ്ങൾ വിവിധ ഭാഷകളിൽ അനൗൺസ് ചെയ്യുന്നത് അദ്ദേഹമാണ്. കൂടാതെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്തരുടെ സംശയങ്ങൾക്ക് മറുപടി പറയുക, പൂജകളുടെയും വഴിപാടുകളുടെയും വിവരങ്ങളും കൂട്ടം പിരിഞ്ഞെത്തുന്നവരെക്കുറിച്ചും കളഞ്ഞുകിട്ടിയ സാധനങ്ങളെപ്പറ്റിയും മൈക്കിലൂടെ അറിയിക്കുക എന്നിവയും ജോലിയിൽപ്പെടും. . ബി.എസ്.എഫ് ജവാനായിരുന്ന ശ്രീനീവാസ് നാട്ടിൽ മദ്യവിരുദ്ധ പ്രവർത്തങ്ങളിലും സജീവമാണ്. ദേവസ്വം ബോർഡ് പി.ആർ.ഒ സുനിൽ അരുമാനൂരിന്റെ നേതൃത്വത്തിൽ പതിനഞ്ചുപേർ രണ്ടു ഷിഫ്റ്റുകളിലായി ഇവിടെ ജോലി ചെയ്യുന്നു. നട തുറക്കുമ്പോഴും അടയ്ക്കുമ്പോഴും ഗാനങ്ങൾ പ്ലേ ചെയ്യുന്നത് ഇവിടെ നിന്നാണ്. ഭാര്യയും രണ്ടു പെണ്മക്കളുമടങ്ങുന്നതാണ് കുടുംബം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |