SignIn
Kerala Kaumudi Online
Saturday, 04 February 2023 10.10 PM IST

കണ്ണൂർ വാഴ്‌സിറ്റിക്ക് സ്വന്തം നിയമം, നാട്ടിലെ നിയമത്തിന് പുല്ലുവില

kannur

തിരുവനന്തപുരം: അദ്ധ്യാപക നിയമനത്തിൽ, കോളേജ് അനുവദിക്കുന്നതിൽ, പഠനബോർഡ് രൂപീകരിക്കുന്നതിൽ... എല്ലാറ്റിനും കണ്ണൂർ സർവകലാശാലയ്ക്ക് സ്വന്തം നിയമം. നാട്ടിലെ നിയമങ്ങൾക്ക് പുല്ലുവില. വിവാദമായാൽ തലയൂരും. കോടതികളിൽ നിന്ന് കണക്കിന് കിട്ടും. വഴിവിട്ട നീക്കങ്ങൾക്കെല്ലാം 'നിയമോപദേശം'ആണ് വൈസ്ചാൻസലറും കൂട്ടാളികളും മറയാക്കുന്നത്.

ചാൻസലറെന്ന നിലയിൽ ഗവർണരുടെ അധികാരം വെട്ടാൻ സർക്കാർ നീക്കം തുടങ്ങും മുൻപേ കണ്ണൂർ വാഴ്സിറ്റി അത് നടപ്പാക്കിയിരുന്നു. ഗവർണർ അറിയാതെ 72 ബോർഡ് ഒഫ് സ്റ്റഡീസുകൾ തന്നിഷ്ടം പോലെ പുനഃസംഘടിപ്പിച്ചു. ഗവർണറുടെ അധികാരത്തിൽ കൈകടത്തിയത് ഹൈക്കോടതി റദ്ദാക്കി. യോഗ്യതയുള്ള സീനിയർ അദ്ധ്യാപകരെ തഴഞ്ഞ് ഒരു മന്ത്റിയുടെ പേഴ്സണൽ സ്​റ്റാഫും പാർട്ടി പത്രത്തിലെ ഉദ്യോഗസ്ഥരും കരാർ അദ്ധ്യാപകരുമടക്കം അയോഗ്യർ ബോർഡുകളിൽ ഇടംപിടിച്ചു. ഹൈക്കോടതി റദ്ദാക്കിയ ശേഷവും, ഇതേ അംഗങ്ങളെ പഠനബോർഡുകളിലേക്ക് ഗവർണർ നാമനിർദ്ദേശം ചെയ്യണമെന്ന് വി.സി ആവശ്യപ്പെട്ടു. ലിസ്റ്റ് തിരിച്ചയച്ച് യോഗ്യരായവരെ നിർദ്ദേശിക്കാൻ ഉത്തരവിട്ടിരിക്കുകയാണ് ഗവർണർ. സിലബസും പാഠപുസ്തകങ്ങളും തയ്യാറാക്കുക, ചോദ്യപേപ്പർ തയ്യാറാക്കേണ്ടവരുടെ പാനൽ അംഗീകരിക്കുക തുടങ്ങിയ ചുമതലകളുള്ള ബോർഡ് ഒഫ് സ്റ്റഡീസ് ഒരു വർഷമായി പ്രവർത്തിക്കുന്നില്ല.

യു.ജി.സി ചട്ടപ്രകാരം അഞ്ചേക്കർ ഭൂമിയില്ലാത്ത കാസർകോട്ടെ പടന്ന ടി.കെ.സി ട്രസ്റ്റിന് സിൻഡിക്കേറ്റ് അറിയാതെ സ്വാശ്രയ കോളേജ് അനുവദിച്ചതാണ് അടുത്തത്. തന്റെ സവിശേഷ അധികാരം പ്രയോഗിച്ചാണിതെന്നാണ് വി.സി ഗവർണറോട് വിശദീകരിച്ചത്. പിന്നാലെ, വി. സി അധികാര ദുർവിനിയോഗം നടത്തിയെന്ന് കണ്ടെത്തി, കോളേജ് അനുവദിച്ച ഉത്തരവും അതിന് സർക്കാർ നൽകിയ അനുമതിതും ഹൈക്കോടതി റദ്ദാക്കി. അഞ്ചേക്കറിന് പകരം നെൽവയലടക്കം മൂന്നര ഏക്കറേ ട്രസ്റ്റിനുണ്ടായിരുന്നുള്ളൂ. ഇക്കാര്യം ട്രസ്റ്റ് അറിയിച്ചിട്ടും, സിൻഡിക്കേറ്റിനെ അറിയിക്കാതെ വി.സി കോളേജ് അനുവദിക്കുകയായിരുന്നു. ഉന്നതവിദ്യാഭ്യാസ വകുപ്പ് അംഗീകാരവും നൽകി.

വി.സി ഡോ.ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം ശരിവച്ച ഹൈക്കോടതി ഉത്തരവിനെതിരായ അപ്പീലിൽ വി.സിക്കു വേണ്ടി സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനെ ചുമതലപ്പെടുത്താനുള്ള തീരുമാനവും വിവാദമായി. സർവകലാശാലയുടെ പണം ഉപയോഗിച്ച് അഭിഭാഷകനെ നിയോഗിക്കാൻ വി. സി അധ്യക്ഷനായ സിൻഡിക്കേ​റ്റ് തീരുമാനിച്ചത് അധികാര ദുർവിനിയോഗമാണെന്നാണ് ഗവർണർക്ക് പരാതി കിട്ടിയത്.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ്സെക്രട്ടറിയുടെ ഭാര്യ പ്രിയ വർഗീസിനെ നിയമിക്കുന്നതിനെതിരായ പരാതികളിൽ ഗവർണർ വിശദീകരണം ചോദിച്ചപ്പോൾ പ്രിയയെ നിയമിച്ചിട്ടില്ലെന്നും റാങ്ക്‌ലിസ്റ്റ് നിയമപരിശോധനയ്ക്ക് അയച്ചെന്നുമായിരുന്നു വി.സിയുടെ മറുപടി. ഡെപ്യൂട്ടേഷൻ അദ്ധ്യാപനപരിചയമായി കണക്കാക്കാമോയെന്ന് യു.ജി.സി ചെയർമാന് കത്തെഴുതിയെന്നും മറുപടി ലഭിക്കാത്തതിനാൽ നിയമനവുമായി മുന്നോട്ടുപോവുന്നെന്നും പിന്നീടറിയിച്ചു. പ്രിയ വർഗീസിന്റെ നിയമന ഉത്തരവ് രണ്ടുദിവസത്തിനകം ഇറക്കുമെന്ന് കണ്ണൂർ വി.സി വെല്ലുവിളിക്കുകയും ചെയ്‌തു. അന്നുതന്നെ നിയമനം ഗവർണർ സ്റ്റേചെയ്തു.

അദ്ധ്യാപക നിയമനത്തിലടക്കമുള്ള ക്രമക്കേടുകൾ തുറന്നുകാട്ടിയ സേവ് യൂണിവേഴ്സി​റ്റി കാമ്പെയിൻ കമ്മിറ്രി, കെപിസിടിഎ തുടങ്ങിയ സംഘടനകൾക്കെതിരെ അക്കാഡമിക് കൗൺസിൽ പ്രമേയം പാസാക്കിയിട്ടുമുണ്ട്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KANNUR UNI
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.