തൃശൂർ: കേരളവർമ്മ കോളേജിലെ ഗസ്റ്റ് അദ്ധ്യാപന നിയമനത്തിൽ നിന്ന് പിന്മാറുന്നതിനായി ഒന്നാം റാങ്കുകാരി സമ്മർദ്ദം നേരിട്ടതായി പരാതി. രണ്ടാം റാങ്കുക്കാരനായ മുൻ എസ് എഫ് ഐക്കാരന് വേണ്ടി കോളേജിലെ പൊളിറ്റിക്കൽ സയൻസ് ഗസ്റ്റ് അദ്ധ്യാപന നിയമനത്തിൽ നിന്ന് പിന്മാറാൻ സമ്മർദ്ദം ചെലുത്തിയെന്നാണ് പരാതി. ഒന്നാം റാങ്ക് നേടിയ യുവതി ഇതുസംബന്ധിച്ച് തൃശൂർ കേരളവർമ്മ കോളേജിലെ അദ്ധ്യാപികയായ ജുവൽ ജോൺ ആലപ്പാട്ടിന് സന്ദേശമയച്ചിരുന്നു. ഇതിന് പിന്നാലെ ജുവൽ ജോണാണ് പൊലീസിൽ പരാതി നൽകിയത്. മുൻ എസ് എഫ് ഐക്കാരനെ നിയമിക്കുന്നതിനായി ഡിപ്പാർട്ട്മെന്റ് മേധാവി ഇടപെട്ടതായാണ് അദ്ധ്യാപിക പരാതി നൽകിയിരിക്കുന്നത്.
കഴിഞ്ഞ മേയിൽ നിയമനം സംബന്ധിച്ച നടപടികൾ പൂർത്തിയാക്കിയിരുന്നു. നാല് പേരാണ് ഇന്റർവ്യൂ ബോർഡിൽ ഉണ്ടായിരുന്നത്. പ്രിൻസിപ്പൽ, പൊളിറ്റിക്കൽ സയൻസ് ഡിപ്പാർട്ട്മെന്റ് മേധാവി, സബ്ജക്ട് എക്സ്പെർട്ടായ അദ്ധ്യാപിക ജുവൽ, മറ്റൊരു അദ്ധ്യാപകൻ എന്നിവരായിരുന്നു ബോർഡ് അംഗങ്ങൾ. അഭിമുഖത്തിൽ പാലക്കാട് സ്വദേശിനിയായ യുവതി മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തു. കേരളവർമ്മ കോളേജിൽ തന്നെ ഗസ്റ്റ് അദ്ധ്യാപകനായി രണ്ടുവർഷമായി പഠിപ്പിക്കുന്ന മുൻ എസ് എഫ് ഐ പ്രവർത്തകന് രണ്ടാം റാങ്കാണ് ലഭിച്ചത്. എന്നാൽ ഇതോടെ ഡിപ്പാർട്ട്മെന്റ് മേധാവി ഒപ്പിടാൻ തയ്യാറായില്ലെന്ന് പരാതിയിൽ പറയുന്നു.
സമ്മർദ്ദം സംബന്ധിച്ച് യുവതി അദ്ധ്യാപികയ്ക്ക് അയച്ച വാട്സ്ആപ്പ് സന്ദേശം പുറത്തുവന്നിരുന്നു. നിരന്തരം ഫോൺ വിളികൾ വരുന്നുണ്ടെന്നും സമ്മർദ്ദമുണ്ടെന്നും അതിനാൽ പിന്മാറുകയാണെന്നും അറിയിച്ചുകൊണ്ടായിരുന്നു സന്ദേശം. പിന്നീട് യുവതി പാലക്കാടുള്ള മറ്റൊരു കോളേജിൽ ഗസ്റ്റ് അദ്ധ്യാപികയായി പ്രവേശിച്ചു. ഇതിന് പിന്നാലെയാണ് കേരളവർമ്മ കോളേജിലെ അദ്ധ്യാപിക പരാതി നൽകിയത്.