SignIn
Kerala Kaumudi Online
Thursday, 25 April 2024 7.24 PM IST

വല നിറച്ച് വലൻസിയ

world-cup

ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഖത്തറിനെ കീഴടക്കി ഇക്വഡോർ

ഇക്വഡോറിനായി ഇരട്ട ഗോളടിച്ച് നായകൻ എന്നർ വലൻസിയ

അൽ ഖോർ : ഉദ്ഘാടനച്ചടങ്ങുകളു‌ടെ സന്തോഷക്കാഴ്ചകളിൽ നിന്ന് തോൽവിയു‌ടെ സങ്കടത്തിലേക്ക് ആതിഥേയരായ ഖത്തറിനെ തള്ളിവീഴ്ത്തി ലോകകപ്പിലെ ആദ്യ മത്സരത്തിൽ ലാറ്റിനമേരിക്കൻ രാജ്യമായ ഇക്വഡോറിന് വിജയം. ഇന്നലെ ഉദ്ഘാടന വേദിയായ അൽബൈത്ത് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത രണ്ടുഗോളുകൾക്കാണ് ഇക്വഡോർ വിജയമാഘോഷിച്ചത്. കളി അരമണിക്കൂർ പിന്നിട്ടപ്പോഴേക്ക്തന്നെ ഇക്വഡോർ നായകൻ എന്നർ വലൻസിയ രണ്ടുവട്ടം വലകുലുക്കിക്കഴിഞ്ഞത് സ്റ്റേഡിയം നിറഞ്ഞിരുന്ന ആതിഥേയ ആരാധകരെ നിരാശപ്പെടുത്തിയിരുന്നു.

മൂന്നാം മിനിട്ടിൽത്തന്നെ വലൻസിയയുടെ ഹെഡ്ഡർ വല തുളച്ച് അകത്തുകയറിയെങ്കിലും വീഡിയോ റഫറി ഒാഫ് സൈഡ് വിളിച്ചു. എന്നാൽ അധികം വൈകാതെ വലൻസിയ സ്കോർ ബോർഡ് തുറക്കുകതന്നെ ചെയ്തു. ഖത്തർ ഗോളി അൽ ഷീബിന്റെ ഫൗളാണ് ഗോളിന് വഴിയൊരുക്കിയ പെനാൽറ്റിക്ക് കാരണമായത്. അൽ ഷീബ് ടൂർണമെന്റിലെ ആദ്യ മഞ്ഞക്കാർഡ് കാണുകയും ചെയ്തു. 31-ാം മിനിട്ടിലായിരുന്നു വലൻസിയയുടെ രണ്ടാം ഗോൾ .

രണ്ടുഗോളുകൾ വീണതോടെ പതറിയ ആതിഥേയർക്ക് മുന്നിൽ ഇക്വഡോർ വഴിയടച്ച് പ്രതിരോധം കനപ്പിക്കുകകൂടി ചെയ്തതോടെ തിരിച്ചടിക്കാനാവാതെ അവർ കുഴങ്ങി. എന്നാൽ ആദ്യ പകുതിക്ക് വിസിൽ മുഴങ്ങുന്നതിന് മുമ്പ് കിട്ടിയ സുവർണാവസരം കണക്ട് ചെയ്യാൻ ഖത്തറിന്റെ അലിമോയസിന് കഴിയാതെ വന്നത് നിരാശ പടർത്തി. രണ്ടാം പകുതിയിലും ഖത്തറിനെ മുന്നേറാൻ അനുവദിക്കാതെ ഇക്വഡോർ കളി വരുതിയിലാക്കി. ആദ്യ പകുതിയിൽ പരിക്കേറ്റിരുന്ന വലൻസിയയെ രണ്ടാം പകുതിയിൽ പിൻവലിച്ചു. 85-ാം മിനിട്ടിൽ മുൻചാരിയിലൂടെ ഒരവസരം ഖത്തറിന് ലഭിച്ചതും പുറത്തേക്ക് പോയി.

ഗോളുകൾ ഇങ്ങനെ

1-0

16-ാം മിനിട്ട്

എന്നർ വലൻസിയ

ഖത്തർ ഗോളി അൽഷീബ് നടത്തിയ ഫൗളിന് റഫറി സ്പോട്ട്കിക്ക് വിധിച്ചു. കിക്കെടുത്ത വലൻസിയ പതിയെ വലത്തേക്ക് തട്ടിയപ്പോൾ അൽഷീബ് ഇടത്തേക്ക് ഡൈവ് ചെയ്ത് കഴിഞ്ഞിരുന്നു.

2-0

31-ാം മിനിട്ട്

എന്നർ വലൻസിയ

വലതുവിംഗിൽ കിട്ടിയ പാസിൽനിന്ന് പ്രെഷ്യാഡോ ഉയർത്തിയ നൽകിയ ക്രോസിനെ മനോഹരമായി ഉയർന്നുചാടി തലകൊണ്ട് തട്ടി വലയിലേക്കിടുകയായിരുന്നു വലൻസിയ.

മലയാളത്തിൽ നന്ദി

ലോകകപ്പ് വേദിയൊരുക്കാൻ സഹായിച്ച ലോക രാജ്യങ്ങൾക്ക് നന്ദി അർപ്പിച്ച് ഉദ്ഘാടനവേദിയായ അൽ ബൈത്ത് സ്റ്റേഡിയത്തിന്റെ ചുവരിൽ വിവിധ ഭാഷകളിൽ നന്ദി എന്ന് എഴുതി പ്രദർശിപ്പിച്ചതൽ മലയാളവും ഇടം പിടിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, WORLDCUP
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.