SignIn
Kerala Kaumudi Online
Friday, 19 April 2024 2.44 PM IST

ആത്മമിത്രത്തിന്റെ നിർബന്ധത്തിന് വഴങ്ങി; കഥയുടെ രാജശില്പി ശില്പഭാഷയിൽ തെളിഞ്ഞു

kalagram
പ്രശസ്ത ജലച്ഛായ ചിത്രകാരൻ പ്രശാന്ത് ഒളവിലം എ.പി.യുടേയും പത്മനാഭന്റെയും ചിത്രം വരച്ചപ്പോൾ

മാഹി :മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് സ്വപ്ന സാഫല്യം പോലെ ഉയർന്ന മലയാള കലാഗ്രാമത്തിൽ തന്റെ 'ആത്മമിത്രമായ ടി.പത്മനാഭന്റെ വെങ്കലപ്രതിമ ഡോ:ശശി തരൂർ എം.പി അനാച്ഛാദനം ചെയ്തപ്പോൾ കലാഗ്രാമം മാനേജിംഗ് ട്രസ്റ്റി എ.പി.കുഞ്ഞിക്കണ്ണന് ആത്മനിർവൃതി.കലാഗ്രാമത്തിന്റെ ശിൽപ്പകലാവിഭാഗം മേധാവിയായിരുന്ന മനോജ് കുമാറിന്റെ കൈവഴക്കം കണ്ട കഥയുടെ രാജശില്പിയ്ക്കും അത് സന്തോഷാനുഭവമായി.

പത്മനാഭന്റെ പ്രതിമ കലാഗ്രാമത്തിന്റെ പ്രവേശനവഴിയിലെ ചെറുകുന്നിലാണ് സ്ഥാപിച്ചത്. മലയാളം കണ്ട അത്യപൂർവം ധീഷണാശാലിയായ എം.ഗോവിന്ദന്റെ കളരിയിൽ പയറ്റിതെളിഞ്ഞവരാണ് പത്മനാഭനും എ.പി.യും. പത്മനാഭന്റെ അഞ്ചോളം കഥകളിൽ കഥാപാത്രമാണ് എ.പി. ചടങ്ങിൽ സംസാരിക്കുമ്പോൾ ആ സൗഹൃദത്തിന്റെ ആഴം എടുത്തുപറയുകയായിരുന്നു മലയാളത്തിന്റെ വിശ്രുത കഥാകാരൻ. മദിരാശിയിലെ താമസം വിട്ട് നാട്ടിലെത്തിയപ്പോഴും ആ വിശുദ്ധ സ്‌നേഹം നിലനിൽക്കുകയാിരുന്നു. മദിരാശിയിലെ ഒട്ടേറെ സാഹിത്യ വേദികളിലും, വർഷം തോറും വിവിധ സംഗിത സഭകൾ നടത്തുന്ന മാർകഴി സംഗീത മഹോത്സവങ്ങളിലും ഇരുവരും ഒന്നിച്ചിരുന്നു.

'അക്കാലത്ത് ആശയങ്ങളുടെ ന്യൂക്ലിയസ് പോലെ 'പവിത്ര സംഘ'ത്തിനൊപ്പമുണ്ടായിരുന്നവരിൽ എം .ഗോവിന്ദനും, പിന്നീട് എം.വി.ദേവനും ഇന്നില്ല. 96 കാരനായ എ.പി.യും,94 കാരനായ ഞാനും ബാക്കിയായി' പത്മനാഭൻ പറഞ്ഞു. വേറിട്ട ആവിഷ്‌ക്കാരങ്ങളാണെങ്കിലും ,കലകളുടെ സംഗമ ഭൂമികയായ മാഹി മലയാള കലാഗ്രാമവും കാർഷിക തോട്ടങ്ങളുടെ സമന്വയമായ ഊത്തുക്കോട്ടയിലെ കൃഷിയിടവും കുഞ്ഞിക്കണ്ണന്റെ സ്വപ്ന സാക്ഷാത്ക്കാരങ്ങളാണ്. ദേശീയ അന്തർദ്ദേശിയ നേതാക്കളടക്കം പങ്കെടുത്തിട്ടുള്ള ഒട്ടേറെ പരിപാടികൾ കലാഗ്രാമത്തിൽ നടന്നപ്പോഴെല്ലാം അതിലൊക്കെ അദ്ധ്യക്ഷൻ താനായിരിക്കണമെന്ന നിർബ്ബന്ധം കുഞ്ഞിക്കണ്ണനുണ്ടായിരുന്നു.അന്നെല്ലാം സദസ്സിലെ ഒന്നാം നമ്പർ സീറ്റിൽ കുഞ്ഞിക്കണ്ണൻ ഇരിക്കുന്നുണ്ടാവും.- പത്മനാഭൻ പറഞ്ഞു.

സൗഹൃദങ്ങളെ അമൂല്യനിധിയാക്കി....
ചൊക്ലിയിലെ ഒരു കുഗ്രാമത്തിൽ ജനിച്ച്, ഒന്നുമില്ലായ്മയിൽ നിന്നും മദിരാശി തുറമുഖത്തെ വൻ വ്യവസായശൃംഗലയുടെ അമരക്കാരനും കലാ സാഹിത്യ ലോകത്തെ ആത്മ സൗഹൃദങ്ങളുടെ സൂക്ഷിപ്പുകാരനുമായ കലാഗ്രാമം മാനേജിംഗ് ട്രസ്റ്റി എ.പി.കുഞ്ഞിക്കണ്ണൻ അമൂല്യങ്ങളായ സൗഹൃദങ്ങളുടെ കൂട്ടുകാരൻ കൂടിയാണ്.രാഷ്ട്രീയവും, കലയും, സംസ്‌ക്കാരവുമെല്ലാം കുഞ്ഞിക്കണ്ണന് അതിരുകളില്ലാത്ത പച്ചയായ സ്‌നേഹം മാത്രമായിരുന്നു.ഹൃദയത്തിന്റെ ഭാഷയും സമാനതകളില്ലാത്ത ആഖ്യാനവും വ്യതിരിക്തമായ ഇതിവൃത്തവും കൊണ്ട് വായനക്കാരുടെ മനസ്സിൽ ഒരിക്കലും മായാത്ത മുദ്രകൾ ചാർത്തിയ ടി.പത്മനാഭന്റെ കഥകളാണ് 'ഒരു സ്വപ്നം പോലെ ', 'ഒരു പെരുമഴ പോലെ ', 'ചിത്തരഞ്ജിനി, ' തുടങ്ങിയവ ' ഇവയിലൊക്കെ കുഞ്ഞിക്കണ്ണനാണ് നായക കഥാപാത്രം.


ട്രസ്റ്റി സ്ഥാനത്ത് നിന്ന് വിടവാങ്ങൽ പ്രസംഗവും

'ഞാൻ പൂർണ്ണ സംതൃപ്തനാണ്.പരാതികളില്ല.പരിഭവങ്ങളുമില്ല.പ്രായാധിക്യം മൂലം മാനേജിംഗ് ട്രസ്റ്റി എന്ന നിലയിൽ ഇനിയും ഉത്തരവാദിത്വങ്ങളേറ്റെടുത്ത് മുന്നോട്ട് പോകാനുള്ള സാഹചര്യമില്ല.ജനപിന്തുണയോടെ മലയാള കലാഗ്രാമത്തെ മുന്നോട്ട് നയിക്കാൻ എന്റെ കൂടപ്പിറപ്പുകളെ ഞാൻ ഈ സ്ഥാപനം ഏൽപ്പിക്കുകയാണ്'.എ.പി.ക്ക് വേണ്ടി അനുജൻ എ.പി.വിജയനാണ് എഴുതി തയ്യാറാക്കിയ ഈ കുറിപ്പ് വായിച്ചത്.എട്ട് പതിറ്റാണ്ട് കാലമായി ചെന്നെയിലാണ് എ.പി.കുഞ്ഞിക്കണ്ണൻ താമസിക്കുന്നത്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.