ആലപ്പുഴ: അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്റെ പ്രതിനിധി സമ്മേളന വേദിയായ പാതിരാപ്പള്ളി കാമിലോട്ട് കൺവൻഷൻ സെന്റർ റെഡ് സ്റ്റാർ വനിതാ ബാൻഡ് സെറ്റ് ടീമിന് അരങ്ങേറ്റ വേദിയായി. സി.പി.എം കഞ്ഞിക്കുഴി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാർട്ടി അംഗങ്ങളും അനുഭാവികളുമായ 22 വനിതകളെ കോർത്തിണക്കിയാണ് റെഡ് സ്റ്റാർ എന്ന പേരിൽ ബാൻഡ് സെറ്റ് രൂപീകരിച്ചത്. ഏരിയ കമ്മിറ്റിക്ക് കീഴിലെ12 മേഖലകളിലെ വനിതകളാണ് അംഗങ്ങൾ. ആലപ്പുഴയിലെ സ്കൂളുകളിൽ ബാൻഡ് സെറ്റ് അദ്ധ്യാപകനായ മുരളിയുടെ കീഴിൽ ഒരാഴ്ച്ചകൊണ്ടാണ് ഇവർ ബാൻഡ് മേളം അഭ്യസിച്ചത്. വിദ്യാർത്ഥികൾ മുതൽ വീട്ടമ്മാർ വരെ സംഘത്തിലുണ്ട്. അടുത്ത ദിവസം നടക്കുന്ന മഹിളാ അസോസിയേഷന്റെ പൊതുസമ്മേളന വേദിയിൽ ഈണങ്ങൾക്ക് പുറമേ ഹിറ്റ് ഗാനങ്ങൾ ഉൾപ്പടെ ബാൻഡിൽ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് സംഘം.
സ്വകാര്യ പരിപാടികളിലും ബാൻഡ് മേളത്തിന് വിളിച്ചാൽ എത്താൻ സന്നദ്ധമാണ്. പ്രതീക്ഷിച്ചതിലും എളുപ്പത്തിൽ ബാൻഡ് പരിശീലിക്കാൻ സാധിച്ചു. കൂടുതൽ പരിപാടികൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു
- ആശാ ലിബിൻ, ടീം ലീഡർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |