SignIn
Kerala Kaumudi Online
Saturday, 20 April 2024 4.43 AM IST

ഭവന പദ്ധതിക്ക് സ്പീഡ് കൂട്ടണം

photo

സംസ്ഥാനത്തെ പത്തുലക്ഷത്തിലേറെ വരുന്ന ഭവനരഹിതരിൽ ലൈഫ് പദ്ധതി പ്രകാരം ഈ വർഷം 106000 വീടുകൾ പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിട്ടിരിക്കുന്നത്. ആഗ്രഹം ലക്ഷ്യപ്രാപ്തിയിലെത്തുമെന്ന വിശ്വാസത്തിലാണ് തദ്ദേശസ്ഥാപനങ്ങൾ. അടച്ചുറപ്പുള്ള സ്വന്തം വീടെന്ന സ്വപ്നവുമായി കഴിയുന്ന ഭവനരഹിതരെ സംബന്ധിച്ചി‌‌‌ടത്തോളം ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട ഏതുവാർത്തയും ഏറെ താത്‌പര്യമുളവാക്കുന്നതാണ്. സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ലൈഫ് പദ്ധതിക്കൊപ്പം കേന്ദ്രവും പാവപ്പെട്ടവരുടെ ഭവനനിർമ്മാണ പദ്ധതിയിൽ പങ്കാളിയാകുന്നുണ്ട്. പ്രധാനമന്ത്രി ആവാസ് യോജന ഭവനപദ്ധതിക്കു കീഴിൽ ഈ വർഷം 12313 വീടുകൾകൂടി നിർമ്മിക്കാൻ കേന്ദ്രം അനുമതി നൽകിയെന്ന വാർത്ത സന്തോഷകരമാണ്.

ഫണ്ട് വേണ്ടത്ര ഉണ്ടെങ്കിലും പദ്ധതി ഗുണഭോക്താക്കളുടെ ആഗ്രഹമനുസരിച്ച് വേഗമാർജ്ജിക്കുന്നില്ലെന്നതാണ് വലിയ പോരായ്‌മയായി ചൂണ്ടിക്കാണിക്കുന്നത്. 2020ലെ പട്ടികയിൽ ഉൾപ്പെട്ടവരുടെ വീടുകളാണ് ഇപ്പോൾ വിവിധ ദശകളിൽ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്നത്. 2017-ൽ വീട് അനുവദിച്ചുകിട്ടിയവരുടേത് ഉൾപ്പെടെ ഇനിയും നിർമ്മാണം പൂർത്തിയാക്കാത്തവ ധാരാളമുണ്ട്. നിർവഹണഘട്ടത്തിലെ പ്രതിബന്ധങ്ങളും ഫണ്ട് അനുവദിക്കുന്നതിലെ കാലതാമസവും ഔദ്യോഗിക നൂലാമാലകളുമൊക്കെ പദ്ധതിയുടെ പുരോഗതിയെ ബാധിക്കുന്ന ഘടകങ്ങളാണ്. കുടിലിലും വഴിയോരത്തുമൊക്കെയായി ടാർപോളിനും ഷീറ്റുകളുമൊക്കെ വച്ചുകെട്ടി അന്തിയുറങ്ങുന്ന പാവപ്പെട്ട ഭവനരഹിതർക്ക് താങ്ങാനാവുന്നതല്ല ഇത്തരത്തിലുള്ള കാലതാമസം. വീട് അനുവദിച്ചുകിട്ടി എന്ന ഔദ്യോഗിക അറിയിപ്പ് ലഭിച്ച് മതിമറന്ന് ആഹ്ലാദം കൊള്ളുന്നവർ വീടിന്റെ പൂർത്തീകരണത്തിന് മാസങ്ങളല്ല വർഷങ്ങൾ കാത്തിരിക്കേണ്ടിവരുന്നത് നീതീകരണമില്ലാത്ത നടപടിയാണ്. വീട് അനുവദിച്ചാൽ ആറുമാസത്തിനകം, ഏറിയാൽ ഒരു വർഷത്തിനകം താക്കോൽ കൈമാറുന്ന തരത്തിൽ നിർമ്മാണ ജോലികൾ പൂർത്തിയാക്കാൻ കഴിയണം. നാനൂറോ അഞ്ഞൂറോ ചതുരശ്ര അടി വിസ്തീർണമുള്ള ചെറിയൊരു വീട് നിർമ്മാണം പൂർത്തിയാക്കാൻ ആറുമാസം തന്നെ കൂടിയ കാലയളവാണ്. അത് സാദ്ധ്യമാക്കുംവിധമാകണം നടത്തിപ്പു ചുമതല നൽകാൻ.

2020ലെ പട്ടികയനുസരിച്ച് അലോട്ട്‌മെന്റ് ലഭിച്ചവരിൽ 82000 പേർക്ക് ഉടനെ വീടുകൾ കൈമാറാൻ കഴിയുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. അപ്പോഴും മൂന്നും നാലും വർഷം മുൻപ് അലോട്ട്‌മെന്റ് ലഭിച്ചവരിൽ ആയിരക്കണക്കിനു പേരുടെ വീടുനിർമ്മാണം വിവിധ ദശകളിൽ ശേഷിക്കുകയാണ്. ഇതുപോലുള്ള സാമൂഹിക സുരക്ഷാപദ്ധതി എവിടെയും ഒരു തടസവും വരാത്തവിധം ദ്രുതഗതിയിൽ പൂർത്തിയാക്കുമ്പോഴാണ് അത് ശ്രദ്ധേയമാവുക. മാത്രമല്ല സമൂഹത്തിൽ വലിയ ചലനങ്ങളുണ്ടാക്കാനും സാധിക്കും. പതിറ്റാണ്ടുമുമ്പ് സംസ്ഥാനത്ത് നവ്യാനുഭവമായി മാറിയ ലക്ഷംവീട് പദ്ധതി നടത്തിപ്പ് ഇപ്പോഴും പലരും ഓർക്കുന്നുണ്ടാവും. കൃത്യമായി ടൈംടേബിൾ തയ്യാറാക്കി അതനുസരിച്ചാണ് ഓരോ ഗ്രാമത്തിലും ക്ലിപ്തസമയം കൊണ്ട് വീടുകൾ ഉയർന്നത്. ഭവനനിർമ്മാണ വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന എം.എൻ. ഗോവിന്ദൻനായരാണ് രാജ്യശ്രദ്ധ തന്നെ പിടിച്ചുപറ്റിയ ഈ ബൃഹദ് പദ്ധതിയുടെ ചുക്കാൻ പിടിച്ചത്. സെക്രട്ടേറിയറ്റിലെ ഓഫീസ് മുറിയിലിരുന്നല്ല, പണി നടക്കുന്നിടത്തെല്ലാം ഓടിനടന്നാണ് അദ്ദേഹം ഉദ്യോഗസ്ഥരെയും നിർമ്മാണ ജോലിക്കാരെയും മറ്റും പ്രചോദിപ്പിച്ചത്. വൻതോതിലുള്ള ഭവനപദ്ധതികൾ വേഗം പൂർത്തിയാക്കാൻ ഇതുപോലുള്ള കർമ്മശേഷിയും അർപ്പണബോധവും ആർജ്ജവവുമൊക്കെ അനുപേക്ഷണീയമാണ്. ലൈഫ് ഭവനനിർമ്മാണ പദ്ധതിക്ക് ഇപ്പോഴത്തേക്കാൾ സ്പീഡ് അത്യാവശ്യമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LIFE HOUSE PLAN
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.