SignIn
Kerala Kaumudi Online
Tuesday, 23 April 2024 11.38 PM IST

ഇറാനെ കീറിമുറിച്ച് ഇംഗ്ളണ്ട്

england

ലോകകപ്പിൽ ഇംഗ്ലണ്ട് 6-2 ന്ഇറാനെ തരിപ്പണമാക്കി

ഇംഗ്ളണ്ടിനായി ഗോൾ നേടിയത് യുവ താരങ്ങൾ

ദോഹ: അയൽനാട്ടിലെ ലോകകപ്പിൽ ആരവമുയർത്താനിറങ്ങിയ ഇറാനെ കീറിമുറിച്ച് ഇംഗ്ളണ്ടിന്റെ ഇടിവെട്ട് വിജയത്തുടക്കം. ത്രീലയൺസിന്റെ ജേഴ്സിയിൽ പത്തൊമ്പതുകാരൻ ജൂഡ് ബെല്ലിംഗ്ഹാം വരവറിയിച്ച മത്സരത്തിൽ ഇരുപത്തൊന്നുകാരൻ ബുക്കായോ സാക്ക ഇരട്ടഗോളുമായി തിളങ്ങുകകൂടി ചെയ്തപ്പോൾ രണ്ടിനെതിരെ ആറ് ഗോളുകൾക്ക് ഗ്രൂപ്പി ബിയിൽ ഇംഗ്ലണ്ട് ഏഷ്യൻ വമ്പൻമാരായ ഇറാന്റെ കൊമ്പൊടിക്കുകയായിരുന്നു.

ബെല്ലിംഗ്ഹാമിനും സാക്കയ്ക്കുമൊപ്പം റഹീം സ്റ്റെർലിംഗ്, മാർകസ് റാഷ്ഫോർ‌ഡ്, ജാക്ക് ഗ്രീലിഷ് എന്നിവരും ഇംഗ്ലണ്ടിന്റെ ഗോൾ പട്ടികയിൽ ഇടം നേടി. പോർച്ചുഗീസ് ക്ലബ് പോർട്ടോയിൽ കളിക്കുന്ന സൂപ്പർ താരം മെഹദി തരേമിയാണ് പെനാൽറ്റിയിൽ നിന്നുൾപ്പെടെ ഇറാനായി രണ്ട് തവണ ലക്ഷ്യം കണ്ടത്.

വലിയ വേദികളിൽ സെറ്ര് പീസ് ഗോളുകളുടേയും മറ്റും ബലത്തിൽ ചെറിയ ലീഡുമായി ജയം കണ്ടെത്തിയിരുന്ന പതിവ് ഇംഗ്ലണ്ടിനെ അല്ലായിരുന്നു ഖത്തറിലെ ഖലീഫ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ഇന്നലെ കണ്ടത്. ബസ് പാർക്ക് ഡിഫൻസിന് പേരുകേട്ട ഇറാനെ മികച്ച പന്തടക്കവും പാസിംഗും ആക്രമണങ്ങളുമായി ഗാരത് സൗത്ത് ഗേറ്റിന്റെ ശിഷ്യൻമാർ തരിപ്പണമാക്കി. ബാൾ പൊസഷനിലും പാസിംഗിലും ടാർജറ്റിലേക്കുള്ള ഷോട്ടിലുമെല്ലാം ഇംഗ്ലണ്ട് ഇറാനെക്കാൾ ബഹുദൂരം മുന്നിലായിരുന്നു. ആദ്യ ഗോളിനായുള്ള കാത്തിരിപ്പ് മുപ്പത്തിയഞ്ചാം മിനിട്ട് വരെ നീണ്ടെങ്കിലും ഒന്നാം പകുതിയുടെ അവസാന പത്ത് മിനിട്ടിൽ മൂന്ന് ഗോളുകൾ കണ്ടെത്തി ഇംഗ്ലണ്ട് കളികൈയിലാക്കി. മത്സരത്തിന്റെ ഒമ്പതാം മിനിട്ടിൽ തന്നെ സഹതാരം ഹൊസൈനുമായി കൂട്ടിയിടിച്ച് മൂക്കിന് പരിക്കേറ്റ ഒന്നാം നമ്പർ ഗോളി അലിറെസാ ബെയിറൻവാൻഡിനെ പിൻവലിക്കേണ്ടി വന്നത് ഇറാന് വലിയ തിരിച്ചിടിയായി. ഗോൾ മഴകണ്ട മത്സരത്തിൽ ഒന്നാം പകുതിയിൽ ഇംഗ്ലണ്ടിന്റെ ഹാരി മഗ്യുയറിന്റെ ഹെഡ്ഡറും രണ്ടാം പകുതിയുടെ അവസാന നിമിഷങ്ങളിൽ ഇറാന്റെ സർദാർ അസ്മൗവുന്റെ ഷോട്ടും ക്രോസ്ബാറിൽ തട്ടിത്തെറിച്ചു. ഗോളെന്നുറച്ച അസ്മൗവിന്റെ ഷോട്ടിനു മുന്നിൽ ഫിംഗർടിപ് സേവുമായി ഇംഗ്ലീഷ് ഗോളി പിക്ഫോർഡിന്റെ വൈദഗദ്ധ്യമാണ് ഇറാന് വിലങ്ങ് തടിയായത്.

ഗോളുകൾ

35-ാം മിനിട്ട്: പലതവണ ഗോളിനടുത്തെത്തിയ ഇംഗ്ലണ്ട് ബെല്ലിംഗ്ഹാമെന്ന യുവവാഗ്ദാനത്തിലൂടെ മത്സരത്തിലെ ആദ്യ ഗോൾ നേടുന്നു. ഇടതുവിംഗിൽ നിന്ന് ലാക്ക് ഷാ നൽകിയ തകർപ്പൻ ക്രോസ് പിഴവേതുമില്ലാതെ ബെല്ലിംഗ്ഹാം ഗോളിലേക്ക് തിരിച്ചു വിടുമ്പോൾ ഇറാൻ ഗോളി ഹൊസൈൻ ഹൊസൈൻ വെറും കാഴ്ചക്കാരൻ മാത്രമായി.

43-ാം മിനിട്ട്: കളിയിലെ താരമായ ബുക്കായ സാക്ക ഇംഗ്ലണ്ടിന്റെ രണ്ടാം ഗോൾ കണ്ടെത്തി. കിരൺ ട്രിപ്പിയറെടുത്ത കോർണർ മഗ്യുയർ തലകൊണ്ട് ബോക്സിലുണ്ടായിരുന്ന സാക്കയ്ക്ക് നൽകുന്നു. തടയാനെത്തിയ മൂന്ന് ഡിഫൻഡർമാരെ നിഷ്പ്രഭരാക്കി സാക്കയുടെ ഗംഭീര ഷോട്ട് വലകുലുക്കി.

45+1 മിനിട്ട്: ഇറാൻ ഗോളിക്ക് പരിക്കേറ്റതിനാൽ ഒന്നാം പകുതിയിൽ പതിന്നാല് മിനിട്ടാണ് ഇഞ്ചുറി ടൈമായി നൽകിയത്. ഇതിന്റഎ ആദ്യ മിനിട്ടിൽ തന്നെ റഹിം സ്റ്റെ‌ർലിംഗ് തകർപ്പൻ ഫിനിഷിംഗിലൂടെ ഇംഗ്ലണ്ടിന്റെ ലീഡ് മൂന്നാക്കി. ക്യാപ്ടൻ ഹാരികേൻ നൽകിയ ഗംഭീരപാസ് ഫൈനൽ തേർഡിലേക്ക് ഓടിയെത്തി ഫസ്റ്റ്ടൈം ഷോട്ടിലൂടെ സ്റ്റെർലിംഗ് ലക്ഷ്യത്തിലെത്തിച്ചു. മൂന്ന് ഗോളിന്റെ ലീഡിൽ ഇംഗ്ളണ്ട് ഇടവേളയ്ക്ക് പിരിഞ്ഞു.

62-ാം മിനിട്ട്: രണ്ടാം പകുതിയിലും ആദ്യ മിനിട്ടുകളിൽ ഗോൾ കണ്ടെത്താൻ ഇംഗ്ലണ്ടിനായില്ല. അറുപത്തിരണ്ടാം മിനിട്ടിൽ സാക്കയിലൂടെയാണ് ഇംഗ്ലണ്ട് നാലാം ഗോൾ കണ്ടെത്തിയത്. സ്റ്റെർലിംഗിന്റെ പാസിൽ നിന്നാണ് സാക്കയുടെ ഗോൾ പിറന്നത്.

65-ാം മിനിട്ട്: കളിയുടെ ഒഴുക്കിന് വിപരീതമായി ഇംഗ്ലണ്ടിനെ ഞെട്ടിച്ച് മെഹദി തരേമിയിലൂടെ ഇറാൻ ഗോൾ കണ്ടെത്തി. ഗോലിസാദ നൽകിയ പന്ത് തടയാനെത്തിയ മഗ്യൂയറിനെ കബളിപ്പിച്ച് ഓട്ടത്തിനിടെ ബുള്ളറ്റ് ഷോട്ടിലൂടെ തരേമി ഇംഗ്ലീഷ് വലയിലേക്ക് അടിച്ചു കയറ്രുമ്പോൾ പിക്ഫോഡിന് ഒരവസരവും ഇല്ലായിരുന്നു.

71-ാം മിനിട്ട്: മികച്ച പ്രകടനം നടത്തിയ സാക്കയ്ക്ക് പകരക്കാരനായെത്തിയ മാർകസ് റാഷ്ഫോർഡ് കളത്തിലിറങ്ങിയ ആദ്യ മിനിട്ടിൽ തന്നെ ഇംഗ്ലണ്ടിന്റെ അക്കൗണ്ടിൽ അഞ്ചാം ഗോൾ എത്തിച്ചു. ഒട്ടും സ്വാർത്ഥ കാണിക്കാതിരുന്ന ഹാരി കേനിന്റെ പാസിൽ നിന്നാണ് റാഷ്ഫോർഡ് ഗോൾ നേടിയത്.

89-ാം മിനിട്ടിൽ: പകരക്കാരനായെത്തിയ ഗ്രീലിഷ് ഇറാന്റെ വലനിറച്ച് എൺപത്തിയൊമ്പതാം മിനിട്ടിൽ ഇംഗ്ലണ്ടിന്റെ ആറാം ഗോൾ നേടി. ബെല്ലിംഗ്ഹാം നൽകിയ പന്ത് ഗോളടിക്കാൻ അവസരമുണ്ടയിട്ടും കല്ലം വിൽസൺ ഗ്രീലിഷിന് മറിച്ചു നൽകി. പിഴവില്ലാതെ ഗ്രീലിഷ് വലകുലുക്കി.

90+13 മനിട്ട്: വാറിന്റെ സഹായത്താൽ ഇറാന് കിട്ടിയ പെനാൽറ്റി ഗോളാക്കി തരേമി ഇറാന്റെ തോൽവിയുടെ ഭാരം അല്പം കുറച്ചു. ബോക്സിലെ കൂട്ടപ്പൊരിച്ചിലിനിടെ തരേമിയെ സ്റ്റോൺസ് വീഴ്ത്തിയതിനാണ് വാറിലൂടെ ഇറാന് പെനാൽറ്റി ലഭിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, ENGLAND
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.