SignIn
Kerala Kaumudi Online
Wednesday, 01 February 2023 11.40 PM IST

സതീശനോ സുധാകരനോ അല്ല തരൂരിന്റെ നീക്കങ്ങൾ ഏറ്റവും വലിയ വിലങ്ങുതടിയാകുന്നത് രാജസ്ഥാനിൽ നിന്ന് കേരളത്തിലേക്ക് വരുന്ന ഈ നേതാവിന്

shashi-taroor

ഡോ. ശശി തരൂരിന്റെ സന്ദർശനത്തെ ആരാണ് ഭയക്കുന്നത്? ഇന്നലെ പാണക്കാട് എത്തിയപ്പോൾ മാദ്ധ്യമ പ്രവർത്തകർ ശശി തരൂരിനോടു തന്നെ ചോദിച്ചു.

'എനിക്ക് ആരെയും ഭയമില്ല, എന്നെ ആർക്കും ഭയമില്ല, അതിന്റെ ആവശ്യമേയില്ല'

പുതിയൊരു ഗ്രൂപ്പ് ഉണ്ടാവുകയാണോ?

'കോൺഗ്രസിൽ ഗ്രൂപ്പുണ്ടാക്കാൻ താത്‌പര്യമില്ല. എ യും ഐ യും ഒക്കെ കൂടുതലാണ്. ഒയും ഇയും ഒന്നും വേണ്ട. അഥവാ ഇനി ഒരക്ഷരം വേണമെന്നുണ്ടെങ്കിൽ യുണൈറ്റഡ് കോൺഗ്രസ് എന്നതിനെ പ്രതിനിധീകരിക്കുന്ന 'യു' ആണ് വേണ്ടത്'

എത്ര സൗമ്യമായ, അ‌ർത്ഥപൂർണമായ മറുപടി. കൃത്യമായ ലക്ഷ്യം വച്ച് മുന്നോട്ടു പോകുമ്പോഴും എതിർക്കുന്നവരെ പരസ്യമായി കുത്തി നോവിക്കാൻ ശശി തരൂർ തയ്യാറല്ല.

അതേസമയം ശശി തരൂരിനെ കൃത്യമായി കുത്തിക്കൊണ്ടാണ് ഇന്നലെ പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ പ്രതികരിച്ചത്. 'മാദ്ധ്യമങ്ങൾ ഊതിവീർപ്പിച്ച ബലൂണുകൾ പെട്ടെന്നു പൊട്ടും. ഞങ്ങളൊന്നും അങ്ങനെ പൊട്ടുന്ന ബലൂണല്ല' കോൺഗ്രസിൽ എല്ലാവർക്കും ഇടമുണ്ടെന്നു പറഞ്ഞ പ്രതിപക്ഷ നേതാവ് തുടർന്ന് പറഞ്ഞതിങ്ങനെ. ''സംഘടനയിൽ എല്ലാവരെയും കൂടെനിറുത്തും. കോൺഗ്രസിലെ സംവിധാനം അനുസരിച്ച് ആരെയും ഒഴിവാക്കില്ല. വ്യവസ്ഥാപിത മാർഗങ്ങളിലൂടെ സംഘടനയെ ശക്തിപ്പെടുത്താൻ എല്ലാവരും ശ്രമിക്കണം.'' അവസാനം പറഞ്ഞ വാക്കുകളിലാണ് ഒരു സംഗതി കിടക്കുന്നത്. ''വ്യവസ്ഥാപിത മാർഗങ്ങളിലൂടെ സംഘടനയെ ശക്തിപ്പെടുത്താൻ എല്ലാവരും ശ്രമിക്കണം''. എന്താണ് വ്യവസ്ഥാപിത മാർഗമെന്ന് അദ്ദേഹം വ്യക്തമാക്കിയില്ലെങ്കിലും കേരളത്തിൽ തുടർന്നുവരുന്ന കോൺഗ്രസ് വ്യവസ്ഥ ഒന്ന്- ഏതെങ്കിലും ഗ്രൂപ്പിന്റെ ഭാഗമായിമാറി പ്രവർത്തിക്കുക. രണ്ട്- നേതാക്കന്മാരുടെ ആജ്ഞാനുവർത്തികളായി നടന്ന് സ്ഥാനമാനങ്ങൾ ഉറപ്പിക്കുക. മൂന്ന്- ഏതെങ്കിലും ഒരു നിയമസഭാ മണ്ഡലത്തിൽ ജയിച്ചു കഴിഞ്ഞാൽ പിന്നെ പട്ടടയിലേക്ക് എടുക്കുംവരെ അത് ആർക്കും വിട്ടുകൊടുക്കാതിരിക്കാൻ ജാഗ്രത പാലിക്കുക. അതിങ്ങനെ നീളും.

ഇനിയിപ്പോൾ ശശി തരൂരിനെ സംസ്ഥാന കോൺഗ്രസിന്റെ കടിഞ്ഞാൺ ഏൽപ്പിച്ചാലും ഈ 'വ്യവസ്ഥാപിത മാർഗങ്ങൾ' സ്വീകരിക്കുന്നതും അടിച്ചേൽപ്പിക്കുന്നതുമൊക്കെ അവസാനിക്കുമെന്ന് കരുതുന്നത് മണ്ടത്തരമായിരിക്കും. ഒരു കാര്യം ഉറപ്പാണ് ശശി തരൂരിന്റെ യു.ഡി.എഫ് അധികാരത്തിലെത്തുമ്പോൾ മുഖ്യമന്ത്രിപദം സ്വപ്നം കാണുന്ന നേതാക്കളുടെ ഉറക്കമാണ് കെടുത്തുന്നത്. കൃത്യമായ ആസൂത്രണത്തിലൂടെ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകാൻ താൻ യോഗ്യനാണെന്ന് തെളിയിക്കാനാണ് തരൂർ ശ്രമിക്കുന്നതെന്ന വ്യാഖ്യാനങ്ങൾ ഇതിനകം തന്നെ വന്നുകഴിഞ്ഞു.

എം.എൽ.എമാർ ഉൾപ്പെടെയുള്ള കോൺഗ്രസിലെ യുവനേതാക്കൾ ഭൂരിപക്ഷവും ശശി തരൂരിനൊപ്പമാണ്. ഇപ്പോഴത്തെ ഗ്രൂപ്പ് കെട്ടുപാടിൽ മുന്നോട്ടു പോയാൽ തങ്ങളുടെ രാഷ്ട്രീയഭാവിക്ക് പ്രത്യേകിച്ച് ഒരുഗുണവും കിട്ടാനില്ലെന്നു കരുതുന്നവരാണ് അവരിലേറെയും. 2025ലാണ് നിയമസഭാ തിരഞ്ഞടുപ്പ് വരുന്നത്. 2024ൽ പാർലമെന്റ് തിരഞ്ഞെടുപ്പ് വരും. അതുവരെയൊക്കെ ഇപ്പോഴത്തെ ഓളം നിലനിറുത്താൻ ശശി തരൂരിന് കഴിയുമോ എന്ന് കണ്ടറിയണം.

തരൂർ മുഖ്യമന്ത്രി പദം ലക്ഷ്യം വയ്ക്കുമ്പോൾ

കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകാനുള്ള ചുവടുവയ്പ്പാണ് ശശി തരൂർ നടത്തുന്നതെന്ന പ്രചാരണം ശക്തമാണ്. തോൽവി ഉറപ്പിച്ചിട്ടും യു.എൻ.ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാൻ തയ്യാറായി വാർത്തകളിൽ നിറഞ്ഞ ശശി തരൂർ ആഗോളപൗരൻ എന്ന ഇമേജിൽ പിന്നെ എത്തിയത് തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനർത്ഥിയായിട്ടാണ്.

ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ കോൺഗ്രസ് അദ്ധ്യക്ഷസ്ഥാനത്തേക്ക് മത്സരിച്ചതും ജയം പ്രതീക്ഷിച്ചല്ല, ലഭിച്ച ആയിരത്തിലേറെ വോട്ടുകൾ കൊണ്ടുതന്നെ ദേശീയ രാഷ്ട്രീയത്തിൽ ചർച്ചയായി മാറിയ തരൂർ യഥാർത്ഥത്തിൽ ലക്ഷ്യമിട്ടത് കേരളത്തിലെ സുപ്രാധാന സ്ഥാനമാണെന്നാണ് വിലയിരുത്തൽ.

എന്തായാലും മലബാറിലെത്തി മുസ്ലിംലീഗിന്റെ പിന്തുണ നേടിയ തരൂരിന്റെ അടുത്ത ലക്ഷ്യം എൻ.എസ്.എസിന്റെ പിന്തുണ ഉറപ്പാക്കലാണ്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനോട് എൻ.എസ്.എസ് നേതൃത്വത്തിനുള്ള അതൃപ്തി തരൂരിന് തുണയായി മാറുമെന്നാണ് കണക്കുകൂട്ടൽ. ജനുവരി രണ്ടിന് പെരുന്നയിൽ നടക്കുന്ന മന്നം ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യുന്നത് ശശി തരൂരാണ്.

ക്രിസ്ത്യൻ മതവിഭാഗത്തിന്റെ പിന്തുണ കൂടി ഉറപ്പാക്കാനുള്ള നീക്കവും തരൂർ തുടങ്ങിയിട്ടുണ്ട്. ഇതിനകംതന്നെ താമരശ്ശേരി രൂപത ബിഷപ്പ് മാർ.റമിഞ്ചിയോസ് ഇഞ്ചനാനിയൽ, കോഴിക്കോട് രൂപത ബിഷപ്പ് ഡോ.വർഗീസ് ചക്കാലക്കൽ എന്നിവരെയും തരൂർ സന്ദർശിച്ചു കഴിഞ്ഞു.

മലബാർ സന്ദർശനത്തോടെ കോഴിക്കോട് എം.പി എം.കെ. രാഘവനെ കൂടാതെ വടകര എം.പി കെ.മുരളീധരന്റെയും പരസ്യ പിന്തുണ തരൂരിന് ലഭിച്ചു. അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ തരൂരിനെതിരെ ആദ്യം വാളെടുത്തയാളാണ് കെ.മുരളീധരൻ. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും തരൂരിനെ പിന്തുണയ്ക്കുന്നുണ്ടെന്നാണ് അണിയറ സംസാരം. സുധാകരന്റെ അനുവാദത്തോടെയാണ് യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി കോഴിക്കോട് നടന്ന പരിപാടിയിൽ പങ്കെടുത്തതെന്നാണ് ഇതിനെ സാധൂകരിക്കാനായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

കലങ്ങി മറിയുന്ന ഗ്രൂപ്പുകളിൽ മീൻ പിടിക്കുന്നതാര്?​

സമീപകാലത്ത് കോൺഗ്രസ് രാഷ്ട്രീയം വഴിമാറിയെത്തിയത് കെ.സി. വേണുഗോപാൽ, കെ. സുധാകരൻ, വി.ഡി. സതീശൻ ത്രയത്തിന്റെ കൈകളിലേക്കാണ് . കോൺഗ്രസ് രാഷ്ട്രീയം വഴി മാറുന്നതാണ് പിന്നീട് കണ്ടത്. പഴയ ഐ ആണെങ്കിലും കെ.പി.സി.സി പ്രസിഡന്റ് സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ആദ്യം ഗ്രൂപ്പുകൾക്ക് അതീതരായാണ് പ്രവർത്തിച്ചത്. സംഘടനാ ജനറൽ സെക്രട്ടറിയെന്ന നിലയിൽ ദേശീയ നേതൃത്വത്തിൽ കരുത്തനായി മാറിയ കെ.സി. വേണഗോപാലിന്റെ ആശീർവാദത്തോടെയായിരുന്നു ഇരുവരുടേയും നീക്കങ്ങൾ.

എന്നാൽ കെ.പി.സി.സി. പുനസംഘടനയോടെ സുധാകരൻ സതീശൻ കൂട്ടുകെട്ടിൽ വിള്ളൽ വീണു. നിയമനങ്ങളിൽ കെ.സി. വേണുഗോപാൽ നോമിനികളെ തിരുകിക്കയറ്റി എന്നായിരുന്നു പരാതി. സതീശൻ വഴിയുളള കെ.സി. വേണുഗോപാലിന്റെ ഇടപെടലിൽ അതൃപ്തിയിലായിരുന്ന ഗ്രൂപ്പുകൾ അങ്ങനെ സുധാകരന് പിന്നിൽ അണിനിരന്നു.

അതുവരെ തമ്മിലടിച്ച കെ. മുരളീധരനും രമേശ് ചെന്നിത്തലയും ഗുരുവായൂരിൽവെച്ച് പിണക്കം പരിഹരിച്ചു. ഒരുഭാഗത്ത് കെ.സി. വേണഗോപാലും വി.ഡി. സതീശനും. മറുഭാഗത്ത് കെ.സുധാകരൻ, രമേശ് ചെന്നിത്തല, കെ. മുരളീധരൻ എന്ന നിലയിൽ കോൺഗ്രസിലെ ശാക്തിക ചേരിമാറി വരുമ്പോഴാണ് തരൂരിന്റെ രംഗപ്രവേശം. സമീപകാലത്തുണ്ടായ സുധാകരന്റെ നാക്കുപിഴയിൽ നേതാക്കളിൽ ചിലർ മൗനം പാലിച്ചതും അദ്ദേഹത്തെ തരൂരിലേക്ക് അടുപ്പിക്കുന്നതിന് കാരണമായി.

കെ.സിയുടെ രാജസ്ഥാനിലെ രാജ്യസഭാംഗത്വ കാലാവധിയും വൈകാതെ അവസാനിക്കും. സംസ്ഥാനത്തേക്ക് മടങ്ങാൻ തയ്യാറെടുക്കുന്ന കെ.സിക്ക് തരൂരിന്റെ നീക്കങ്ങൾ വിലങ്ങുതടിയാകും.

പരാജയപ്പെട്ട എം.പിയോ ?​

ഡോ.ശശി തരൂർ മൂന്നാം തവണയും എം.പിയായി തിരുവനന്തപുരത്തെ പ്രതിനിധീകരിക്കുകയാണ്. സ്വന്തം മണ്ഡലത്തിലുള്ളവർക്ക് ആഗോളപൗരനെ ദർശിക്കാൻ കിട്ടുന്നില്ലന്നതാണ് തരൂരിനെതിരെയുള്ള പ്രധാന ആക്ഷേപം. തിരുവനന്തപുരത്തെ പ്രധാന പൊതുപരിപാടികളിൽ പോലും തരൂരിനെ കാണാനില്ല. പിണറായി വിജയന്റെ ഭരണത്തിലെ വികസനമുഖത്തിന് ബദലാകാൻ തരൂരിനാകുമെന്ന് അദ്ദേഹത്തിനൊപ്പമുള്ളവർ വാദിക്കുന്നുണ്ടെങ്കിലും മൂന്ന് തവണയായി പ്രതിനിധീകരിക്കുന്ന തിരുവനന്തപുരത്തിന് തരൂർ എന്ത് വികസനം കൊണ്ടുവന്നു എന്നു ചോദിക്കുന്നവരുണ്ട്.

തിരുവനന്തപുരത്തിന്റെ സവിശേഷത കൊണ്ടാണ് തരൂർ ജയിക്കുന്നത്. വികസനത്തേക്കാൾ തിരഞ്ഞെടുപ്പിൽ ചർച്ചയാകുന്നതും അടിയൊഴുക്കുണ്ടാകുന്നതും മറ്റ് ചില ഘടകങ്ങളാണ്. ശശി തരൂരിനെ ജയിപ്പിക്കുന്നതിലുപരി തൊട്ടടുത്ത എതിർസ്ഥാനാർത്ഥിയായ ബി.ജെ.പി നേതാവിനെ തോൽപ്പിക്കുക എന്ന നിലയിലേക്ക് വലിയൊരു വിഭാഗം തീരുമാനമെടുത്ത് നടപ്പിലാക്കുമ്പോൾ അത് തരൂരിന് ഗുണകരമായി ഭവിക്കുകയാണ് ചെയ്യുന്നത്. മറ്റേത് മണ്ഡത്തിൽ മത്സരിച്ചാലും തരൂരിന് ഈ സ്വീകാര്യത ലഭിക്കില്ലെന്നാണ് കോൺഗ്രസിൽ തന്നെയുള്ളവർ പറയുന്നത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: SHASHI TAROOR, CONGRESS, SHASHI TAROORS AIM, VD SATHEESAN, KC VENUGOPAL
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.