ഗാന്ധിനഗർ : ഭാരത് ജോഡോയാത്രയിൽ വിവിധ സംസ്ഥാനങ്ങളിലൂടെ പദയാത്ര നടത്തുന്ന കോൺഗ്രസ് നേതാവും വയനാട് എം പിയുമായ രാഹുൽ ഗാന്ധിയെ പരിഹസിച്ച ബി ജെ പി നേതാവിന് അതേ നാണയത്തിൽ തിരിച്ചടി നൽകി കോൺഗ്രസ്. ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയാണ് ഗുജറാത്തിൽ ഒരു തിരഞ്ഞെടുപ്പ് യോഗത്തിൽ പ്രസംഗിക്കവേ രാഹുലിനെ കടന്നാക്രമിച്ചത്. 3500 കിലോമീറ്റർ ദൈർഘ്യമുള്ള ഭാരത് ജോഡോ യാത്രയിൽ പദയാത്ര നടത്തുന്ന രാഹുലിനെ അന്തരിച്ച ഇറാഖി ഏകാധിപതി സദ്ദാം ഹുസൈനെപ്പോലെയുണ്ട് ഇപ്പോൾ കാണാനെന്നാണ് അദ്ദേഹം പരിഹസിച്ചത്. ഗുജറാത്തിനെയും ഹിമാചൽ പ്രദേശിനെയും പദയാത്രയുടെ റൂട്ടിൽ നിന്നും മാറ്റിയത് എന്തുകൊണ്ടെന്നും അദ്ദേഹം ചോദിച്ചു.
'ഇന്ന് രാഹുൽ ജിയുടെ മുഖത്തേക്ക് നോക്കൂ. ഭാരത് ജോഡോ യാത്രയിൽ നിങ്ങളുടെ മുഖത്തിന് ചെറിയ മാറ്റം വന്നിട്ടുണ്ട്. നിങ്ങളുടെ മുഖം മാറ്റണമെങ്കിൽ, നിങ്ങളുടെ മുത്തച്ഛനായിരുന്ന ജവഹർലാൽ നെഹ്റുവിനെപ്പോലെയെങ്കിലും ആക്കുക. എന്തിനാണ് സദ്ദാം ഹുസൈനെപ്പോലെ മുഖവുമായി നാടുനീളെ കറങ്ങുന്നത് ? ഗുജറാത്തിൽ തിരഞ്ഞെടുപ്പ് നടക്കുന്നു, നിങ്ങൾ മഹാരാഷ്ട്രയിൽ കറങ്ങുന്നു, ഹിമാചൽ പ്രദേശിൽ തിരഞ്ഞെടുപ്പ് നടക്കുന്നു, നിങ്ങൾ തമിഴ്നാട്ടിൽ നടക്കുന്നു. ജനങ്ങളെ അഭിമുഖീകരിക്കാൻ കോൺഗ്രസിന് ധൈര്യമില്ല.' ഇങ്ങനെയായിരുന്നു ആസാം മുഖ്യമന്ത്രിയുടെ വിമർശനം.
എന്നാൽ ഗുജറാത്തിൽ ആസാം മുഖ്യമന്ത്രി നടത്തിയ വിമർശനത്തിനുള്ള മറുപടി അദ്ദേഹത്തിന് ആസാമിൽ നിന്നുമാണ് ലഭിച്ചത്. ' തന്റെ മുൻ സഹപ്രവർത്തകന് അധികാരത്തിനു വേണ്ടി ഏത് നിലയിലേക്കും കൂപ്പുകുത്താമെന്ന്' ആസാം കോൺഗ്രസ് അദ്ധ്യക്ഷൻ ഭൂപൻ കുമാർ ബോറ അഭിപ്രായപ്പെട്ടു.