SignIn
Kerala Kaumudi Online
Monday, 28 November 2022 1.26 AM IST

ജി 20യുടെ കടമയും യുദ്ധവും

g20

ഡിസംബർ ഒന്നു മുതൽ ഒരു വർഷത്തേക്ക് ജി 20യുടെ അധ്യക്ഷ പദവി വഹിക്കുന്ന ഇന്ത്യയ്ക്ക് ചെയ്തുതീർക്കാൻ കാര്യങ്ങൾ അനവധി ഉണ്ടെങ്കിലും, അവയിൽ ഏറെ നിർണായകമാകുന്നത് യുക്രെയിനിലെ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യ ഏറ്റെടുക്കുന്ന നേതൃത്വപരമായ നീക്കങ്ങൾ ആയിരിക്കും. ജി 20 എന്ന വികസിത വികസ്വര രാഷ്ട്രങ്ങളുടെ സംഘം, അവരെയും, ലോകത്തെ പൊതുവിലും അലട്ടുന്ന സാമ്പത്തിക പ്രതിസന്ധികൾക്ക് പരിഹാരം തേടാൻ നിയോഗിക്കപ്പെട്ടിരിക്കുന്ന കൂട്ടായ്മയാകുന്നു. ലോകം ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന മിക്ക സാമ്പത്തിക വ്യഥകളടെയും പ്രധാന കാരണം പത്താം മാസത്തിലേക്ക് നീളുന്ന റഷ്യ യുക്രെയിൻ യുദ്ധം തന്നെ. ഈ സംഘർഷം ഭക്ഷ്യ ഇന്ധന സുരക്ഷയ്ക്ക് വിനയായി; വിലക്കയറ്റത്തിന് തിരികൊളുത്തി; ചില രാജ്യങ്ങളെയെങ്കിലും പട്ടിണിയിലാഴ്ത്തി; ജീവിത ചെലവിൽ ഉണ്ടായ വർദ്ധനവ് വികസിതരാജ്യങ്ങളിൽ പോലും പ്രതിസന്ധി സൃഷ്ടിച്ചു; പല വസ്തുക്കളുടെയും ആഗോള വിതരണ ശൃംഖല താറുമാറായി; പല രാജ്യങ്ങളെയും മാന്ദ്യത്തിലേക്ക് തള്ളിയിട്ടു ഇങ്ങനെ നീണ്ടപോകുന്നു യുദ്ധമുണ്ടാക്കിയ സാമ്പത്തിക വ്യാകുലതകൾ. അധപതനങ്ങളുടെ ഈ ആഗോള സാഹചര്യത്തിൽ യുദ്ധം അവസാനിപ്പിക്കുക എന്ന കർത്തവ്യം ജി20 യുടെകൂടി കടമയാകുന്നു. എത്രയും ക്ലേശകരമായ ഈ ദൗത്യം നിർവഹിക്കാൻ, ഇന്നത്തെ ലോക രാഷ്ട്രീയ ഭൂപടത്തിൽ, ഇന്ത്യയെ പോലെ കഴിയുന്ന മറ്റൊരു രാജ്യമില്ല.

യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നത് രണ്ട് കക്ഷികളാണ് ഒരു ഭാഗത്ത് റഷ്യയും മറുഭാഗത്ത് പാശ്ചാത്യ രാജ്യങ്ങളും അവരുടെ സഖ്യകക്ഷികളും. ഈ രണ്ടു ശത്രുപക്ഷങ്ങൾക്കിടയിൽ ഏറെ വിലപിടിപ്പുള്ളതും സൗഹൃദ മൂല്യമുള്ളതുമായ രാജ്യമാണ് ഇന്ത്യ. ആക്രമണത്തിനിറങ്ങി പുറപ്പെട്ട റഷ്യയെ ഒട്ടുമിക്ക പ്രധാന രാജ്യങ്ങളും അപലപിക്കുകയും അതിനെതിരെ സാമ്പത്തിക യുദ്ധം തുടങ്ങുകയും ചെയ്ത അവസരത്തിൽ, ഇന്ത്യ സ്വീകരിച്ചത് നിഷ്പക്ഷ നിലപാടായിരുന്നു. ധാർമികതയ്ക്ക് അപ്പുറം ഇത്തരം ഒരു തീരുമാനത്തിന് ഇന്ത്യയെ പ്രേരിപ്പിച്ചത്, റഷ്യയോടുള്ള ചങ്ങാത്തത്തിനുപരി, സ്വന്തം രാജ്യ താൽപര്യങ്ങൾ തന്നെയായിരുന്നു. പല കാരണങ്ങളാലും നമ്മുടെ രാജ്യത്തിന് റഷ്യയെ ഒറ്റപ്പെടുത്താൻ കഴിയില്ലായിരുന്നു. ഇന്ത്യയുടെ പ്രതിരോധ ഇന്ധന ആവശ്യങ്ങൾക്കെല്ലാം റഷ്യയെ നമുക്ക് വേണമായിരുന്നു. ഭൂരാഷ്ട്രതന്ത്രത്തിന്റെ ഭാഗമായും റഷ്യയെ ഇന്ത്യയ്ക്ക് ആവശ്യമായിരുന്നു. ആ രാജ്യത്തെ ചൈനയ്ക്ക് മാത്രമായി വിട്ടുകൊടുക്കുന്നത് നമ്മുടെ അതിർത്തികൾക്ക് കൂടുതൽ ഭീഷണി ഉയർത്തിയേനെ. രാജ്യത്തിന്റെ സമുദ്ര സുരക്ഷയ്ക്കും റഷ്യ അനിവാര്യമാകുന്നു എന്നാൽ യുദ്ധം നീണ്ടപോയ അവസരത്തിൽ റഷ്യയെ തള്ളിപ്പറയാതെ തന്നെ ചില തുറന്നുപറച്ചിലുകൾക്കും ഇന്ത്യ തയ്യാറായി. ഇക്കാരണത്താൽ, യുദ്ധം അവസാനിപ്പിക്കാൻ മാന്യമായ ഒരു വഴി തേടുന്ന റഷ്യക്ക് ഇന്ത്യയുടെ സമാധാനനീക്കം അലോസരമുണ്ടാക്കാനിടയില്ല.

അതുപോലെതന്നെ, യുദ്ധം നിർത്തിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾ അമേരിക്ക, ജപ്പാൻ, .ആസ്‌ട്രേലിയ മറ്റു പാശ്ചാത്യ രാജ്യങ്ങൾ എന്നിവർ അവഗണിക്കാനിടയില്ല.ആ രാഷ്ട്രങ്ങളുമായി ഇന്ത്യയ്ക്കുള്ള നല്ല ബന്ധങ്ങൾക്ക് പുറമേ ഇക്കാര്യത്തിൽ കരുത്തേകുന്നത് രാജ്യത്തിന്റെ സാമ്പത്തികശേഷി തന്നെയാണ്. ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയാണ് ഇന്ത്യ. പല രാജ്യങ്ങളും മാന്ദ്യത്തിന്റെ പിടിയിലാണെങ്കിലും, താരതമ്യേന ഏറ്റവും ഉയർന്ന സാമ്പത്തിക വളർച്ചാനിരക്കുള്ള രാജ്യമാണ് ഇന്ത്യ. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രവുമാണ് . അതുപോലെതന്നെ ഇപ്പോഴത്തെ സംഘർഷം നീണ്ടു പോയപ്പോൾ ' ഇത് യുദ്ധത്തിന്റെ കാലഘട്ടമല്ല' എന്ന പ്രധാനമന്ത്രിയുടെ തുറന്നു പറച്ചിൽ പാശ്ചാത്യ രാജ്യങ്ങൾക്കിടയിൽ വലിയ മതിപ്പും പ്രത്യാശയും ഉളവാക്കിയിട്ടുണ്ട്. ഈ പ്രസ്താവന ഇപ്പോൾ മാലിയിൽ സമാപിച്ച ജി20 സമ്മേളനത്തിന്റെ അന്തിമരേഖയിലും ഇടം നേടി. പുതിയ അധ്യക്ഷൻ എന്ന നിലയിൽ ഇന്ത്യ ലക്ഷ്യമിടുന്നത് പതിവ് രീതിയിലുള്ള വർത്തമാനങ്ങൾ അല്ലെന്നും, മറിച്ച് കർമ്മങ്ങളിൽ അധിഷ്ഠിതമായ ശൈലി ആയിരിക്കുമെന്നും മോദി വ്യക്തമാക്കിയിട്ടുണ്ട്.

ലോക സമ്പദ് വ്യവസ്ഥയ്ക്ക് വലിയ വില നൽകേണ്ടി വന്നിരിക്കുന്ന റഷ്യയും പാശ്ചാത്യ ശക്തികളും തമ്മിലുള്ള വൈരം ശമിപ്പിക്കാനുള്ള ഉദ്യമങ്ങളിൽ ഇന്ത്യ വിജയിക്കുകയോ പരാജയപ്പെടുകയോ ചെയ്‌തേക്കാം എന്നാൽ അതിനായുള്ള ശ്രമം ശ്രേഷ്ഠമായ ഒരു മുൻകൈയായി ലോകം വിലയിരുത്തും. ലോകത്തെ ദുരിതം അനുഭവിക്കുന്നവർക്കിടയിൽ അത് വലിയ ആശ്വാസം അരുളുകയും ചെയ്യും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: G20
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.