SignIn
Kerala Kaumudi Online
Friday, 19 April 2024 1.36 PM IST

വയലാർ ഗാനങ്ങളിലെ ചിരി

vayalar

ഒരു സാഹിത്യ നിരുപകനായിട്ടല്ല, കേവലം പാമരനായ ഒരു ഗാനാസ്വാദകനെന്ന നിലയ്ക്കാണ് വയലാർ ഗാനങ്ങളിൽ തമാശകളെ ഞാൻ തിരയുന്നത്.

'മരുന്നോ നല്ല മരുന്ന്
അര മരുന്ന്
പൊടി മരുന്ന്
വാറ്റു മരുന്ന്
നീറ്റു മരുന്ന്.'

എഴുപതുകളിൽ കേട്ടു തുടങ്ങിയ ആ ഗാനം ഇപ്പോഴും ഒരു ചിരിയോടല്ലാതെ കേട്ടിരിക്കാൻ കഴിയില്ല.

ആ പാട്ടിന്റെ അനുപല്ലവിയിൽ, വൈദ്യരോട് വയ്യുമ്പം (വൈകുമ്പം) വയറ്റിനകത്തൊരുരുണ്ടുകേറ്റം എന്നു ഒരു യുവതി പരാതിപ്പെടുമ്പോൾ വൈദ്യൻ നിർദ്ദേശിക്കുന്ന ചികിത്സയുടെ വർണ്ണന എത്ര ഭാവാത്മകവും ഹാസ്യാത്മകവുമാണെന്നു നോക്കൂ.

''അടുത്ത വീട്ടിലെ ചെറുപ്പക്കാരന്റെ
കടക്കെണ്ണിലെ പൂവ്.
അകത്തുനിന്ന് മുളച്ചുവന്ന സ്വപ്നത്തിന്റെ വേര്.
സമംസമം ചേർത്തരച്ചുരുട്ടി പ്രേമം മെമ്പൊടി ചേർത്ത്
കടുക്കയോളം മൂന്നുനേരം കഴിച്ചാൽ
നിന്റെ ഉരുണ്ടുകേറ്റവും പിരണ്ടുകേറ്റവും പമ്പ കടക്കും
പെണ്ണേ പമ്പകടക്കും'

ചേർത്തരച്ചുരുട്ടി, മേമ്പൊടി ചേർത്ത്, കടുക്കയോളം വലിപ്പത്തിൽ എന്നു തുടങ്ങിയ ആയൂർവേദ വൈദ്യന്മാരുടെ സ്ഥിരം പ്രയോഗങ്ങളെ എത്ര തന്മയത്തത്തോടെ വയലാർ നർമം ചാലിച്ചു വിന്യസിച്ചിരിക്കുന്നു!

(സ്വപ്നത്തിന്റെ വേരു തേടി അവൾ പണ്ടാരമടങ്ങിക്കാണും ! )

വൈകുമ്പം മനസ്സിനകത്തൊരു ലൊട്ടുലൊടുക്ക് എന്ന പരാതിയുമായി വരുന്ന കാമുകനോട് പ്രതിവിധി പറയുന്നതും വൈദ്യരുടെ ആധികാരികതയോടെയാണ്.

'ഒലക്ക ചുട്ടാരുനീക്കിയൊരു കഴഞ്ച്.
ഇരുമ്പുചുട്ടു തുരുമ്പുനീക്കിയരക്കഴഞ്ച്എടുത്തുണക്കിപ്പൊടിച്ചു വെച്ച്
ചൂരൽ കഷായമിട്ട്
മടുക്കുവോളം മൂന്നു നേരം കഴിച്ചാൽ
നിന്റെ ലൊട്ടുലൊടുക്കും തട്ടിപ്പും പറപറക്കും അളിയാ പറപറക്കും.'

ഒരുപക്ഷേ ഇന്ന് വയലാർ ജീവിച്ചിരുന്നെങ്കിൽ ആധുനിക വൈദ്യശാസ്ത്രം പ്രാക്ടീസു ചെയ്യുന്ന ഡോക്ടർ ഉപദേശം കൊടുക്കുന്ന തരത്തിലും ഒരു ഗാനം എഴുതുമായിരുന്നു!

നമ്മുടെയെല്ലാം മനസ്സിൽ തത്തി കളിക്കുന്ന ഒരു പ്രശസ്തമായ പാട്ടാണ് കുണുക്കിട്ട കോഴി കുളക്കോഴി
കുന്നും ചരുവിലെ വയറ്റാട്ടി.

'ചിന്താവിഷ്ടയായ ശ്യാമളയിൽ' നടൻ ശ്രീനിവാസൻ ഭാര്യയ്ക്ക് പാടിക്കൊടുക്കുന്ന പാട്ടെന്ന നിലയിലും ഈ പാട്ട് പ്രസിദ്ധമാണ്.

ഈ പാട്ടിന്റെ നാടൻ പ്രയോഗങ്ങളെ സൂക്ഷ്മമായി പിന്തുടർന്നാലേ അർത്ഥവും വരികളിലെ നർമ്മവും പിടികിട്ടൂ. ഒഴുക്കൻമട്ടിൽ പാട്ടുകേട്ടാൽ ഒന്നും പുടികിട്ടൂല്ല !

ആദ്യം കേട്ടാൽ ഏതോ ഒരു പെണ്ണ് പെറ്റതിനെ കുറിച്ചാണെന്ന് തോന്നും. പക്ഷേ പെറ്റത് ഒരു ചെമ്പരത്തി പൂവാണെന്ന് വരികൾ ശ്രദ്ധിച്ചാൽ മനസ്സിലാകും.

'കുണുക്കിട്ട കോഴി കുളക്കോഴി
കുന്നും ചരുവിലെ വയറ്റാട്ടി !
നീ കേട്ടോ നീ കേട്ടോ
കളിപ്പാങ്കുളങ്ങരെ
കടിഞ്ഞൂൽ പെറ്റൂ
കന്നി ചെമ്പരത്തി....'

ചെമ്പരത്തിപൂവ് തന്റെ കുഞ്ഞിന് പാൽ കൊടുക്കുന്ന രംഗത്തിന്റെ വർണ്ണനയിൽ നർമ്മം വളരെ കാവ്യാത്മകമായി സന്നിവേശിപ്പിച്ചിരിക്കുന്നു.

'മേൽമുണ്ടു മുകളിൽ ചുളിച്ചുവെച്ചു
അമ്മ പൂമണിക്കുഞ്ഞിനു പാൽ കൊടുത്തു
കള്ളിയങ്കാട്ടിലെ കാമുകൻ വണ്ടുകൾ
കള്ളക്കണ്ണിട്ടു നോക്കി നിന്നു.'

ഭഗവാനൊരു കുറവനായി, ശ്രീപാർവ്വതി കുറത്തിയായി , എന്ന പാട്ട് ഒരു ഭക്തിഗാനമായിട്ടായിരിക്കും നമുക്ക് ആദ്യം തോന്നുക.

ധനുമാസത്തിലെ തിരുവാതിരനാൾ ശിവനും പാർവ്വതിയും തീർത്ഥാടനത്തിനിറങ്ങി എന്നു കേട്ടാൽ അസ്സൽ ഭക്തിഗാനം!

കാശ്മീരിലും കന്യാകുമാരിയിലും കറങ്ങിയ കാര്യങ്ങൾ പറഞ്ഞ് മുന്നോട്ടു പോകുമ്പോൾ വരികൾ ഒന്ന് ശ്രദ്ധിക്കുക !


'ആശ്രമങ്ങൾ കണ്ടു,
അമ്പലങ്ങൾ കണ്ടു,
പണക്കാർ പണിയിച്ച പൂജാമുറികളിൽ
പാൽപ്പായസമുണ്ടു ,
അവർ പലപല വരം കൊടുത്തു'

പണക്കാർക്ക് പല പല വരം കൊടുത്ത ശിവപാർവ്വതിമാർ
എന്നാൽ ഈ പാട്ടുപാടുന്ന പാവങ്ങളോട് എങ്ങനെ പ്രതികരിച്ചുവെന്ന് തൊട്ടടുത്ത ചരണത്തിൽ വിശദീകരിക്കുന്നുണ്ട്.

'കൈമൊട്ടുകൾ കൂപ്പിയും കൊണ്ടേ
കണ്ണീരുമായി ഞങ്ങൾ കാത്തുനിന്നു ......
പാവങ്ങൾ ഞങ്ങൾ പ്രാർത്ഥിച്ചതൊന്നും
ദേവനും ദേവിയും കേട്ടില്ല!

വാഴ്‌വേമായം എന്ന സിനിമയിൽ മക്കളില്ലാത്ത ബഹദൂറും കെ.പി.എ.സി ലളിതയും നിരന്തരമായി പ്രാർത്ഥിച്ചിട്ടും ഫലം കിട്ടാത്തതിന്റെ ദുഃഖം പങ്കിടുന്ന സന്ദർഭം.

വയലാറിന്റെ ദുഃസൂചനകൾ കലർന്ന വരികൾ പക്ഷേ ദേവരാജൻ മാസ്റ്റർ തന്മയത്തത്തോടെ ഭക്തിഗാനമായി ചിട്ടപ്പെടുത്തി.

അങ്ങനെ ചില റേഡിയോ നിലയങ്ങൾ വരെ ഭക്തിഗാനമായി സംപ്രേക്ഷണം ചെയ്യുന്ന ആ ഗാനം യഥാർത്ഥത്തിൽ പരിഭവത്തിന്റെയോ പ്രതിഷേധത്തിന്റെയോ മട്ടിലുള്ള ഒരു വിപ്ലവഗാനമാണ് !

പ്രപഞ്ചസൃഷ്ടിയുടെ പഞ്ചലോഹ പ്രതിമയെക്കുറിച്ചും തത്വശാസ്ത്രങ്ങളെക്കുറിച്ചും മാനുഷികമായ ഒട്ടുമിക്ക വികാരങ്ങളെക്കുറിച്ചുമുള്ള അനശ്വരനായ വയലാറിന്റെ അസാമാന്യമായ ഗാനങ്ങളിൽ പലതിലും സസൂക്ഷ്മം പരതിയാൽ നർമ്മം വളരെ കൗശലപൂർവ്വം ഒളിപ്പിച്ചുവെച്ചിരിക്കുന്നതായി കാണാൻ കഴിയും.

(9447055050)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VAYALAR
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.