തിരുവനന്തപുരം: എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജന്റെ അവധി അനിശ്ചിതമായി തുടരുന്നത് സി.പി.എമ്മിൽ ചർച്ചയാകുന്നു.
മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിന് പിന്നാലെയാണ് ആരോഗ്യകാരണങ്ങൾ കാട്ടി ഇ.പി. ജയരാജൻ സി.പി.എമ്മിൽ നിന്ന് അവധിയെടുത്തത്. ഒന്നര മാസത്തിലേറെയായി അവധി തുടരുകയാണ്. എം.വി. ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയും പോളിറ്റ്ബ്യൂറോ അംഗവുമായതോടെ, സീനിയറായ താൻ തഴയപ്പെട്ടെന്ന തോന്നലിൽ പ്രതിഷേധ സൂചകമായ വിട്ടുനിൽക്കലാണെന്നാണ് വ്യാഖ്യാനം. ഒരാളെ മന്ത്രിസ്ഥാനത്ത് നിന്ന് രാജി വയ്പിച്ച് പാർട്ടി ചുമതല ഏല്പിക്കുമ്പോൾ മറ്റുള്ളവർ കഴിവില്ലാത്തവരാണെന്ന് കരുതേണ്ടി വരില്ലേയെന്ന് ജയരാജനോടടുത്ത വൃത്തങ്ങൾ പറയുന്നുണ്ട്. അതാണ് അദ്ദേഹത്തിന്റെ പ്രതിഷേധമായി പലരും വായിക്കുന്നത്. ജയരാജൻ പ്രതികരിച്ചിട്ടില്ല. അദ്ദേഹം സജീവരാഷ്ട്രീയം മതിയാക്കാൻ പോകുന്നുവെന്ന അഭ്യൂഹങ്ങളും ഉണ്ട്.
ഈ മാസം 15ന് നടന്ന രാജ്ഭവൻ മാർച്ചിൽ ഇടതുമുന്നണി കൺവീനർ എന്ന നിലയിൽ അദ്ദേഹത്തിന് മുൻനിരയിൽ സ്ഥാനമുണ്ടായിട്ടും വിട്ടുനിന്നത് ചർച്ചയായിരുന്നു. രണ്ടു ദിവസം കഴിഞ്ഞപ്പോൾ ജയരാജൻ തന്നെ അത് നിഷേധിച്ചിരുന്നു.
ഇ.പി. ജയരാജന്റെ മാറിനിൽക്കലിനെപ്പറ്റി പ്രചരിക്കുന്നതെല്ലാം മാദ്ധ്യമങ്ങളുടെ വ്യാഖ്യാനം മാത്രമല്ലേയെന്നാണ് ഇന്നലെ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രതികരിച്ചത്.