അമ്പലപ്പുഴ : അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ ദമ്പതികളുടെ സ്കൂട്ടറിൽ നിന്ന് ഫോണും പണവും കവർന്ന കേസിലെ പ്രതികളെ അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ആറ്റിങ്ങൽ കൊല്ലംപുഴ ശാസ്താംവിള പുത്തൻവീട്ടിൽ സതീഷ് കുമാർ (42,ചിന്തിലൻ സതീഷ്), ശംഖുമുഖം കടക്കപ്പള്ളി ജ്യോസിയാ നിവാസിൽ തിയോഫിൻ (39, അനി) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ഒക്ടോബർ 13നാണ് അമ്പലപ്പുഴ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ കരുവാറ്റ സ്വദേശിയായ സജീവന്റെയും ഭാര്യയുടെയും മൊബൈൽ ഫോണുകളും പണവും സ്കൂട്ടറിന്റെ ഡിക്കിയിൽ നിന്നും മോഷ്ടിച്ചത്. സമാന കേസിൽ മുമ്പ് അറസ്റ്റിലായിട്ടുള്ളവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ 20ഓളം മോഷണ കേസുകളിൽ പ്രതിയായ ഒന്നാം പ്രതിയായ സതീഷിനെ തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാളിൽ നിന്ന് രണ്ടാം പ്രതിയായ തിയോഫിനെപ്പറ്റി വിവരം ലഭിച്ചു. എസ്.എച്ച്.ഒ എസ്.ദ്വിജേഷിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.