മുക്കം: കളഞ്ഞുകിട്ടിയ സ്വർണാഭരണങ്ങൾ ഉടമകളെ കണ്ടെത്തി കൈമാറി ജ്വല്ലറി ഉടമ മാതൃകയായി. ശ്രീരാഗം ജ്വല്ലറി ഉടമ ഷാജിയാണ് തന്റെ ജ്വല്ലറിയിൽ നിന്ന് കളഞ്ഞു കിട്ടിയ സ്വർണം ഉടമകളായ ജയദേവ് -ബ്രജിറ്റ ദമ്പതികൾക്ക് കൈമാറിയത്. 2021 നവംബറിലാണ് സ്വർണം ജ്വല്ലറിയിൽ മറന്ന് വെച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ട ഷാജി ഉടമയെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. നഷ്ടപ്പെട്ടവരാകട്ടെ എവിടെ വച്ചാണ് നഷ്ട്ടപ്പെട്ടതെന്നറിയാതെ പലയിടത്തും അന്വേഷിച്ചു. ബുധനാഴ്ച ഇവർ വീണ്ടും ആഭരണം വാങ്ങാൻ എത്തിയപ്പോൾ മുമ്പ് സ്വർണം നഷ്ടപ്പെട്ട വിവരം പറയുകയായിരുന്നു. ഉടൻ ഷാജി വ്യാപാരി വ്യവസായി സമിതി മുക്കം യൂണിറ്റ് ഭാരവാഹികളായ റഫീഖ് കക്കാട്, ശശി ഊരാളികുന്ന്, ജയ്സൺ കാക്കശ്ശേരി വിവരമറിയിച്ച് സ്വർണം കൈമാറി.