SignIn
Kerala Kaumudi Online
Thursday, 28 March 2024 6.19 PM IST

ഉത്തരവുകൾ നിങ്ങൾ പാലിയ്ക്കണം, ഞങ്ങൾക്ക് ലംഘിക്കാം

opinion

'പൂച്ച പെറ്റുകിടക്കുന്ന ഖജനാവെ'ന്നത് പ്രതിപക്ഷ ആക്ഷേപമെന്ന് പറഞ്ഞ് തള്ളിക്കളയുമ്പോഴും സംസ്ഥാനം ഇപ്പോൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നത് പച്ചപ്പരമാർത്ഥമാണ്. ജീവനക്കാർക്ക് ശമ്പളം നൽകാൻ പോലും കോടികൾ കടമെടുക്കേണ്ട സാഹചര്യമാണ് . മദ്യവും ലോട്ടറിയുമാണ് സർക്കാരിന്റെ പ്രധാന വരുമാന സ്രോതസുകളെന്നതും അംഗീകരിക്കപ്പെട്ട വസ്തുതയാണ്. സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് അടുത്ത ഒരു വർഷത്തേക്ക് അനാവശ്യ ചെലവുകളെല്ലാം ഒഴിവാക്കണമെന്നും കടുത്ത സാമ്പത്തിക നിയന്ത്രണം പാലിക്കണമെന്നും നിർദ്ദേശിച്ച് സംസ്ഥാന ധനകാര്യവകുപ്പ് ഈ മാസം ഒൻപതിന് പ്രത്യേക ഉത്തരവ് തന്നെ പുറപ്പെടുവിച്ചു. മന്ത്രിമാർക്കും വകുപ്പ് മേധാവികൾക്കും പുതിയ കാർ വാങ്ങുകയോ മന്ത്രിമാരോ ഐ.എ.എസ് ഉദ്യോഗസ്ഥരോ വിദേശയാത്ര നടത്തുകയോ ചെയ്യരുതെന്നും നിർദ്ദേശിച്ച് നവംബർ നാലിലെ ചീഫ് സെക്രട്ടറിയുടെ പ്രത്യേക ഉത്തരവും നിലവിലുണ്ട്. എന്നാൽ ഉത്തരവുകളൊക്കെ സാധാരണക്കാർക്കാണ് ബാധകമെന്നും തങ്ങൾക്കിതൊന്നും ബാധകമല്ലെന്നുമാണ് സർക്കാരിന്റെ നിലപാടെന്ന് അവർ തന്നെ തെളിയിക്കുന്നുണ്ട്. അതിന്റെ അവസാനത്തെ ഉദാഹരണമാണ് സംസ്ഥാന ഖാദിബോർഡ് വൈസ് ചെയർമാനും സി.പി.എം നേതാവുമായ പി. ജയരാജന് ബുള്ളറ്റ് പ്രൂഫ് കാർ വാങ്ങാൻ 35 ലക്ഷം രൂപ അനുവദിച്ചത്. ചീഫ് വിപ്പിനും മറ്റു നാല് മന്ത്രിമാർക്കും പുതിയ ഇന്നോവ ക്രിസ്റ്റ കാർ വാങ്ങാൻ 33 ലക്ഷം രൂപ വീതം ഇതിനൊപ്പം അനുവദിച്ചു. പുതിയ വാഹനങ്ങൾ വാങ്ങാൻ മാത്രം രണ്ടുകോടിയോളം രൂപയാണ് അനുവദിച്ചിരിക്കുന്നത്.

ചീഫ് വിപ്പ് എൻ. ജയരാജ്, മന്ത്രിമാരായ റോഷി അഗസ്റ്റിൻ, വി.എൻ വാസവൻ, വി.അബ്ദുൽ റഹ്‌മാൻ, ജി.ആർ അനിൽ എന്നിവർക്കാണ് പുതിയ വാഹനം വാങ്ങാൻ പണം അനുവദിച്ചത്. പി. ജയരാജന്റെ ശാരീരികാവസ്ഥയും സുരക്ഷയും കണക്കിലെടുത്താണ് അദ്ദേഹത്തിന് ബുള്ളറ്റ് പ്രൂഫ് കാർ വാങ്ങാൻ തുക അനുവദിച്ചതെന്നാണ് വിശദീകരണം. സംസ്ഥാനത്ത് ഇപ്പോൾ മുഖ്യമന്ത്രി പിണറായി വിജയന് മാത്രമാണ് ബുള്ളറ്റ് പ്രൂഫ് കാറുള്ളത്. ജയരാജന് ഇത്തരമൊരു കാർ അനുവദിക്കേണ്ട പ്രത്യേക സാഹചര്യമൊന്നും നിലവിലില്ല. അദ്ദേഹത്തിന് നിലവിൽ സുരക്ഷാ ഭീഷണിയുമില്ല. സാമ്പത്തിക നിയന്ത്രണമെന്നാൽ ഒന്നും ചെയ്യാതിരിയ്ക്കലല്ലെന്നും കാലാനുസൃതമായി കാറുകൾ വാങ്ങാതിരിക്കാനാകില്ലെന്നുമാണ് ധനകാര്യമന്ത്രി കെ.എൻ ബാലഗോപാലിന്റെ വിശദീകരണം. കാർ സ്ഥിരമായി കേട് വരുന്നതിനാലാണ് മാറ്റുന്നതെന്നും 35 ലക്ഷത്തിന്റെ കാറല്ല , പരമാവധി 35 ലക്ഷം ചെലവഴിക്കാമെന്നാണ് ഉത്തരവിൽ പറയുന്നതെന്നുമാണ് ജയരാജന്റെ വിശദീകരണം. മഹാത്മാഗാന്ധിയുടെ ആശയത്തെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഖാദിബോർഡ് ലാഭനഷ്ടങ്ങൾ നോക്കി പ്രവർത്തിക്കുന്ന സ്ഥാപനമല്ലെന്നാണ് അധികൃതരുടെ തന്നെ നിലപാട്. ഒരു വർഷത്തെ വിറ്റുവരവ് പോലും രണ്ട് കോടിയിലധികമില്ലെന്നാണ് സൂചന. ഖാദിബോർഡ് സെക്രട്ടറിയായി നിയമിതനായ ഡോ.കെ.എ രതീഷ് തന്റെ ശമ്പളമായി ലക്ഷങ്ങൾ എഴുതിയെടുത്തതും വിവാദമായിരുന്നു.

കടമെടുത്തിട്ടും

പെൻഷൻ നൽകിയില്ല

ഈ മാസത്തെ ശമ്പളവും പെൻഷനും വിതരണം ചെയ്യാൻ റിസർവ് ബാങ്ക് മുഖേന കടപ്പത്രം ഇറക്കി 2000 കോടി രൂപയാണ് നവംബർ ഒന്നിന് സർക്കാർ വായ്പയെടുത്തത്. 23 വർഷത്തെ തിരിച്ചടവ് കാലാവധിയിൽ 7.83 ശതമാനം പലിശയ്ക്ക് കടമെടുത്തിട്ടും സാമൂഹ്യക്ഷേമ പെൻഷനുകൾ മാസങ്ങളായി മുടങ്ങിയിരിക്കുകയാണ്. സെപ്തംബർ മുതലുള്ള പെൻഷൻ ഇതുവരെ നൽകിയിട്ടില്ല. രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തിയ ശേഷം ആദ്യമായാണ് ക്ഷേമ പെൻഷൻ മുടങ്ങുന്നത്. പ്രതിമാസം 1600 രൂപവീതം ക്ഷേമ പെൻഷൻ വാങ്ങുന്നത് 55 ലക്ഷം പേരാണ്. ഇതിന് 774 കോടി വേണ്ടിവരും. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഓണത്തിനും ക്രിസ്‌മസിനും ഒക്കെ മൂന്നോ നാലോ മാസത്തെ പെൻഷൻ ഒരുമിച്ച് നൽകുന്നതായിരുന്നു രീതി. എന്നാൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എല്ലാ മാസവും കൃത്യമായി ക്ഷേമപെൻഷൻ നൽകുമെന്ന എൽ.ഡി.എഫ് വാഗ്ദാനമാണ് ഇപ്പോൾ ലംഘിക്കപ്പെട്ടത്. ക്ഷേമപെൻഷന്റെ കാര്യം ഇതാണെങ്കിൽ പങ്കാളിത്ത പെൻഷൻകാർക്കും പെൻഷൻ മുടങ്ങുന്ന സ്ഥിതിയാണ്. വിരമിച്ച പത്രപ്രവർത്തകർക്കും പത്രജീവനക്കാർക്കും നൽകേണ്ട ഈ മാസത്തെ പെൻഷൻ ഇതുവരെ നൽകിയിട്ടില്ല. പത്രപ്രവർത്തകരും ജീവനക്കാരും സർവീസിലിരിക്കെ മാസം തോറും അടയ്ക്കുന്ന അംശാദായത്തിൽ നിന്നുള്ള വിഹിതമാണ് വിരമിക്കുമ്പോൾ പെൻഷനായി നൽകേണ്ടത്. ഇപ്പോൾ 500 രൂപ വീതം ഓരോ പത്രപ്രവർത്തകനും പദ്ധതിയിലേക്ക് അംശാദായം അടയ്ക്കുന്നുണ്ട്. അംശാദായം സ്വീകരിച്ച് നടപ്പാക്കുന്ന ക്ഷേമപദ്ധതികളുടെ പരിധിയിൽ പത്രപ്രവർത്തക പെൻഷനെ ഉൾപ്പെടുത്താൻ സർക്കാർ തയ്യാറാകാത്തതിനാലാണ് ഔദാര്യത്തിനായി കാത്തുനിൽക്കേണ്ടി വരുന്നത്.

അനാവശ്യ ചെലവിന്

കുറവൊന്നുമില്ല

തുടർച്ചയായി കടമെടുത്ത് കടക്കെണിയിലായിട്ടും അനാവശ്യ ചെലവുകൾക്കും ധൂർത്തിനും കുറവ് വരുത്താതിരിക്കാനുള്ള സർക്കാർ ജാഗ്രതയുടെ ഭാഗമാണ് നിരോധനത്തെ മറികടന്നും ആഡംബര വാഹനങ്ങൾ വാങ്ങാനുള്ള തീരുമാനം. തോൽക്കുമെന്നറിഞ്ഞിട്ടും വിവിധ കേസുകളിൽ സർക്കാർ നിയമോപദേശം തേടിയതിന് കഴിഞ്ഞ രണ്ട് മാസത്തിനിടെ ചെലവഴിച്ചത് 85 ലക്ഷത്തോളം രൂപയാണ്. നിയമോപദേശം നൽകാൻ സംസ്ഥാനത്ത് നിയമ സെക്രട്ടറിയും അഡ്വക്കേറ്റ് ജനറലും അനുബന്ധ സംവിധാനങ്ങളുമെല്ലാം ഉള്ളപ്പോഴാണ് സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകർക്ക് ലക്ഷങ്ങൾ വാരിക്കോരി നൽകുന്നത്. സാങ്കേതിക സർവകലാശാല വി.സി ആയിരുന്ന ഡോ.എം. എസ് ജയശ്രീയുടെ നിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധിയ്ക്കെതിരെ പുനഃപരിശോധനാ ഹർജി നൽകാൻ അഡ്വക്കേറ്റ് ജനറലിന് വാക്കാൽ നിയമോപദേശം നൽകിയതിന് സുപ്രീം കോടതി അഭിഭാഷകനായ കെ.കെ വേണുഗോപാലിന് 15 ലക്ഷം രൂപയാണ് അനുവദിച്ചത്. നിയമസഭ പാസാക്കിയ ബില്ലുകളിൽ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ ഒപ്പുവയ്ക്കാത്ത സാഹചര്യം എങ്ങനെ നേരിടുമെന്ന നിയമോപദേശത്തിന് സുപ്രീംകോടതിയിലെ സീനിയർ അഭിഭാഷകർക്ക് ഫീസായി അനുവദിച്ചത് അരക്കോടിയോളം രൂപയാണ്. സ്വർണ കള്ളക്കടത്ത്, ലൈഫ് ഭവനപദ്ധതി കേസുകളിലും അഭിഭാഷക ഫീസായി ലക്ഷങ്ങളാണ് നൽകിയത്. നിയമസഭയിൽ പോലും വെളിപ്പെടുത്താതെ നിയമസെക്രട്ടറിയുടെ രഹസ്യ ഉത്തരവായാണ് ഇവയെല്ലാം ഇറങ്ങുന്നത്.

മദ്യത്തിൽ

തിരിച്ചടി

സർക്കാരിന്റെ പ്രധാന വരുമാന മാർഗങ്ങളിലൊന്നായ മദ്യത്തിൽ നിന്ന് സർക്കാരിന് തിരിച്ചടി നേരിട്ടത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കി. കഴിഞ്ഞ മൂന്നാഴ്ചയിലേറെയായി സംസ്ഥാനത്തെ ബിവറേജസ് ഔട്ട്ലെറ്റുകൾ കാലിയാണ്. വിലകുറഞ്ഞ 'ജവാൻ' മദ്യമല്ലാതെ മറ്റൊന്നും കിട്ടാനില്ല. ഇതുമൂലം കോടികളുടെ നികുതി നഷ്ടമാണ് സർക്കാരിനുണ്ടായത്. സ്പിരിറ്റിന് വിലകൂടിയതിനാൽ മദ്യനിർമ്മാണ കമ്പനികൾ ഉത്‌പാദനം നിറുത്തിവച്ചതാണ് കാരണം. ഇനി ഉത്‌പാദിപ്പിക്കുന്ന മദ്യം വിലകൂട്ടിയായിരിക്കും വില്ക്കുക എന്നതിനാൽ സംസ്ഥാനത്തും മദ്യത്തിന് വിലകൂടുമെന്ന് ഉറപ്പായി. ബാറുകളിൽ മദ്യം സ്റ്റോക്ക് ചെയ്തിട്ടുള്ളതിനാൽ ഇതുവരെ മദ്യത്തിന് ക്ഷാമം നേരിട്ടിട്ടില്ല. ബിവറേജസ് മദ്യത്തിന് വിലകൂട്ടുന്നതോടെ ബാറുകളിലും ആനുപാതികമായി വില ഉയരും. 100 രൂപ വിലയുള്ള മദ്യത്തിന് സംസ്ഥാന ബിവറേജസ് കോർപ്പറേഷൻ 500 ഇരട്ടി വരെയാണ് നികുതിയായി പിഴിഞ്ഞെടുക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FINANCE OF KERALA GOVT
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.