SignIn
Kerala Kaumudi Online
Saturday, 04 February 2023 9.43 PM IST

ഡിസംബറിനെ വരവേൽക്കാനൊരുങ്ങി പാലക്കാടൻ ടൂറിസം

tourism

പ്രളയത്തെയും കൊവിഡിനെയും തുടർന്ന് ടൂറിസം മേഖലകൾ നിശ്ചലമായതോടെ അതുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തിയിരുന്ന ആയിരക്കണക്കിന് കുടുംബങ്ങളാണ് പ്രതിസന്ധിയിലായത്. കുടുംബം പുലർത്താനായി പാടത്തും പറമ്പിലുമടക്കം വിവിധ മേഖലകളിലേയ്ക്ക് വഴിതിരിഞ്ഞ ജനങ്ങളുടെ ജീവിതം പുത്തൻ പ്രതീക്ഷകളോടെ വീണ്ടും ടൂറിസം മേഖലയിലേയ്ക്കു തന്നെ തിരിച്ചെത്തുകയാണ്. പാലക്കാടൻ ഗ്രാമങ്ങളുടെ സൗന്ദര്യവും പാരമ്പര്യവും ആസ്വദിക്കാനും അറിയാനും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് വിദേശികളും സ്വദേശികളുമായ ടൂറിസ്റ്റുകളുടെ ഒഴുക്കാണിപ്പോൾ. ഡിസംബറിനെ വരവേൽക്കാനായി വിനോദസഞ്ചാര കേന്ദ്രങ്ങൾ ഒരുങ്ങിക്കഴിഞ്ഞു.

പാലക്കാടൻ ഗ്രാമങ്ങളുടെ തനിമ ചോരാതെ നാട്ടുവഴികളിലൂടെയുള്ള സഞ്ചാരം വിനോദസഞ്ചാരികൾക്ക് അനുഭവഭേദ്യമാക്കാനാണ് ജില്ലാ വിനോദസഞ്ചാര വികസന കൗൺസിലിന്റെ ശ്രമം. ഗ്രാമങ്ങളെ അറിയുക, ഗ്രാമങ്ങളുടെ ചരിത്രം പഠിക്കുക, പരമ്പരാഗത തൊഴിലും ഉപജീവനങ്ങളും പരിചയപ്പെടുക തുടങ്ങിയ ലക്ഷ്യങ്ങളുമായി മുൻവർഷങ്ങളിലേതു പോലെ വിദേശ സംഘങ്ങളുമായി ഗ്രാമാന്തരങ്ങളിലൂടെ യാത്ര നടത്താനുള്ള ആലോചനയിലാണ് ഡി.ടി.പി.സി. അപൂർവ വാദ്യോപകരണങ്ങളും നെയ്ത്തും പാലക്കാടിന്റെ പ്രത്യേകതകളാണ്. ഇവയൊക്കെ പഠിക്കാനെത്തുന്ന വിനോദ സഞ്ചാരികൾക്കായാണ് ഗ്രാമങ്ങളെ കോർത്തിണക്കുന്ന ഉത്തരവാദിത്ത ടൂറിസം ആരംഭിച്ചത്. ചെണ്ടയും മദ്ദളവും ഇടയ്ക്കയും നിർമ്മിക്കുന്ന പെരുവെമ്പ്, ലോക പൈതൃകഗ്രാമമായി പ്രഖ്യാപിച്ച് നവീകരിച്ച കൽപ്പാത്തി, കഥകളി പാഠ്യപദ്ധതിയായി ഉൾപ്പെടുത്തിയ സർക്കാർ സ്‌കൂൾ സ്ഥിതിചെയ്യുന്ന വെള്ളിനേഴി എന്നീ ഗ്രാമങ്ങളെ കോർത്തിണക്കി ഒരു യാത്രയാണ് ആലോചനയിൽ. ഗ്രാമങ്ങൾ വിനോദസഞ്ചാരമേഖലയുടെ വലിയ സാദ്ധ്യതകളാണ് തുറക്കുന്നത്. പ്രകൃതിഭംഗി നന്നായി നിലനിൽക്കുന്ന പാലക്കാടൻ ഗ്രാമങ്ങളെ ജനങ്ങൾക്ക് ആസ്വദിക്കാൻ തക്കവിധം ടൂറിസം പാക്കേജായി മാറ്റാനാണ് ഡി.ടി.പി.സി ലക്ഷ്യമിടുന്നത്.

സാഡിൽ ഡാമും

റോക്ക് ഗാർഡനും

പുത്തനുണർവുമായി വിനോദ സഞ്ചാര കേന്ദ്രങ്ങൾ കൺതുറക്കുമ്പോൾ ജില്ലയിൽ ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്നത് മലമ്പുഴ റോക്ക് ഗാർഡനിലേക്കാണ്. ഇതിന് പുറമേ ശ്രീകൃഷ്ണപുരം ബാപ്പുജി ചിൽഡ്രൻസ് പാർക്ക്, വാടിക ഗാർഡൻ, കാഞ്ഞിരപ്പുഴ ഡാം ഉദ്യാനം, പറമ്പിക്കുളം, നെല്ലിയാമ്പതി, സൈലന്റ് വാലി, മലമ്പുഴ റോക്ക് ഗാർഡൻ എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങളും സജീവമാണ്.

കേരളത്തിന്റെ വൃന്ദാവനമായ മലമ്പുഴയിൽ ഒളിപ്പിച്ചുവച്ച വിസ്മയമാണ് 'സാഡിൽ ഡാം'. വിനോദ സഞ്ചാരികൾക്ക് ഉദ്യാനനഗരിയുടെ ആസ്വാദത്തിനപ്പുറം കാനനഭംഗിയും അണക്കെട്ടിന്റെ തനതായ വശ്യസൗന്ദര്യവും ആസ്വദിക്കാൻ കഴിയുന്നതാണ് ഉദ്യാനത്തിനകത്തെ സാഡിൽ ഡാമും ഗവർണർ സ്ട്രീറ്റും. മലമ്പുഴ ഡാമിന്റെ അണക്കെട്ടിൽ നിന്നും തുടങ്ങി ഏകദേശം അഞ്ചുകിലോമീറ്ററോളം വിസ്തൃതിയിൽ വ്യാപിച്ചു കിടക്കുന്നതാണ് സാഡിൽഡാം. ഡാമിന്റെ വൃഷ്ടിപ്രദേശത്തുള്ള വലുതും ചെറുതുമായ നിരവധി തുരുത്തുകളും ഉദയാസ്തമയ സൂര്യന്റെ നയന മനോഹര കാഴ്ചകൾക്കപ്പുറം കാട്ടാനകളുടെ വിഹാരകേന്ദ്രമായ കാടിന്റെ ദൃശ്യചാരുതയും ഇപ്പോൾ സാഡിൽഡാമിന്റെ അണക്കെട്ടിൽ നിന്നും സന്ദർശകർക്ക് ആസ്വദിക്കാനാവും. വന്യമൃഗങ്ങളുടെ വിഹാരകേന്ദ്രവും അതീവ സുരക്ഷാ മേഖലയുമായതിനാൽ പലപ്പോഴും ഇവിടേക്കുള്ള സന്ദർശകർക്കുള്ള പ്രവേശനം ടൂറിസം വകുപ്പ് നിഷേധിക്കാറുണ്ട്. നിലവിൽ വന്യമൃഗങ്ങളുടെ സ്വൈര്യവിഹാരത്തിന് ഭംഗം വരാത്തവിധം സാഡിൽ ഡാമിലേക്കുള്ള പ്രവേശനം സജ്ജീകരിക്കുന്നത് പരിഗണിക്കുകയാണ് അധികൃതർ.

പടയോട്ടം എന്ന സിനിമയുടെ ഷൂട്ടിംഗിനു ശേഷം സാഡിൽഡാം പരിസരത്തേക്ക് സന്ദർശകർക്കും വാഹനങ്ങൾക്കും അനുമതിയില്ലായിരുന്നു. രണ്ടുവർഷം മുമ്പ് ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഗവർണർ സ്ട്രീറ്റിനെ പരിസ്ഥിതി സൗഹാർദ്ദമേഖലയാക്കി മാറ്റിയിരുന്നു. പ്രകൃതിയുടെ തനതായ കരവിരുതിനു കോട്ടം വരാത്ത തരത്തിലുള്ള നിരവധി ശില്പങ്ങളും സന്ദർശകരുടെ ആസ്വാദനത്തിനായി മുളകൾകൊണ്ട് നിർമ്മിച്ചിട്ടുള്ള ഇരിപ്പിടങ്ങളും ഗവർണർ സ്ട്രീറ്റിൽ തയ്യാറാക്കിയിട്ടുണ്ട്. നാല് ഹൈമാസ്റ്റ് വിളക്കുകൾ ഉൾപ്പെടെ ഗവർണർ സ്ട്രീറ്റ് മുതൽ സാഡിൽ ഡാം വരെയുള്ള പ്രദേശം വൈദ്യുതാലങ്കാര വിളക്കുകളാൽ അലങ്കരിച്ചിട്ടുണ്ട് എന്നതിനാൽ സന്ധ്യ മയങ്ങുന്നതോടെ സന്ദർശകർക്ക് ആസ്വാദനഭംഗിയും ഏറും. അണക്കെട്ടെന്നതിലുപരി സാഡിൽഡാം നൂറിലധികം വിവിധയിനം പക്ഷികളുടെയും ദേശാടനക്കിളികളുടെയും സങ്കേതം കൂടിയാണെന്നാണ് അധികൃതരുടെയും സന്ദർശകരുടെയും വിലയിരുത്തൽ.

ഇന്ത്യയിൽ ഛണ്ഡിഗഢിലും മലമ്പുഴയിലും മാത്രമാണ് ശിലാ ഉദ്യാനം ഉള്ളത്. ഇന്ത്യയിലെതന്നെ രണ്ടാമത്തെ ശിലാ ഉദ്യാനമായ മലമ്പുഴയിലെ റോക്ക് ഗാർഡൻ കണ്ടതിനുശേഷം സന്ദർശകർക്ക് ഉദ്യാനത്തിനകത്തേക്ക് പ്രവേശിക്കാനായി സമീപത്തുള്ള കൗണ്ടറിൽ നിന്നും ടിക്കറ്റ് ലഭിക്കും. പുതിയതായി നിർമ്മിച്ച പ്രവേശന കവാടവും സന്ദർശകരുടെ ശ്രദ്ധയാകർഷിക്കുന്നുണ്ട്. അറുപതിലെത്തി നിൽക്കുന്ന കേരളത്തിലെ ഉദ്യാന റാണിയുടെ ആസ്വാദക വൃന്ദത്തിനായി നിരവധി പദ്ധതികൾ തയ്യാറാക്കിക്കഴിഞ്ഞു. ഇതിലൂടെ വരുമാന വർദ്ധന മാത്രമല്ല കേരളത്തിന്റെ ആഭ്യന്തര വിനോദസഞ്ചാരകേന്ദ്രം കൂടിയായ മലമ്പുഴ കേരളത്തിലെ തന്നെ മികച്ച ടൂറിസം കേന്ദ്രമായി മാറിയിരിക്കുകയാണ്.

വേണം ട്രക്കിംഗ്

ട്രാക്കുകൾ

മേഘങ്ങൾ തൊട്ടുരുമ്മി നിൽക്കുന്ന പ്രകൃതിരമണീയമായ മലനിരകളും മൊട്ടക്കുന്നുകളും കാണുന്നവർക്ക് അതിന്റെ ഉച്ചിയിൽ കയറാൻ ആഗ്രഹമുണ്ടാകും. പക്ഷേ, ജില്ലയിൽ ഇത്തരത്തിൽ സാഹസിക ട്രക്കിംഗ് നടത്താൻ അവസരം പരിമിതമാണ്. ജില്ലയിൽ വനംവകുപ്പിന്റെ അനുമതിയോടെ ട്രക്കിംഗ് നടത്താൻ കഴിയുന്നത് മൂന്ന് കേന്ദ്രങ്ങളിൽ മാത്രമാണ്. ധോണി, മീൻവല്ലം, അനങ്ങൻ മല എന്നിവിടങ്ങളിലാണിത്. ധോണിയിൽ നാലുകിലോമീറ്ററും മീൻവല്ലത്ത് രണ്ടുകിലോമീറ്ററും ആണ് ട്രക്കിംഗ്. അനങ്ങൻ മലയിൽ മലകയറ്റം മാത്രമാണ് വനംവകുപ്പിന്റെ നേതൃത്വത്തിൽ ഗൈഡിന്റെ സഹായത്തോടെ നടത്താനാവുന്നത്. നെല്ലിയാമ്പതിയിലെ മിന്നാംപാറ, പറമ്പിക്കുളം, സൈലന്റ് വാലി എന്നിവിടങ്ങളിൽ ഉൾവനങ്ങളിലേക്ക് വനംവകുപ്പിന്റെ അനുമതിയോടെ ജീപ്പ് സഫാരിയും നടത്തുന്നുണ്ട്.

അനധികൃത ട്രക്കിംഗ്

11 കേസുകൾ

ജില്ലയിലെ വനമേഖലയിലേക്ക് അനധികൃതമായി കടന്ന സംഭവത്തിൽ മൂന്നുവർഷത്തിനുള്ളിൽ 11 കേസുകളാണ് രജിസ്റ്റർ ചെയ്തത്. നെന്മാറ വനം ഡിവിഷനിൽ നെല്ലിയാമ്പതി വനമേഖലയിൽ ഒന്നും പാലക്കാട് ഡിവിഷനിൽ വാളയാർ വനമേഖലയിൽ മൂന്നും മണ്ണാർക്കാട് ഡിവിഷനിൽ അഗളി, അട്ടപ്പാടി മേഖലകളിലായി ഏഴും കേസുകളാണ് എടുത്തിട്ടുള്ളത്. വനമേഖലയിൽ കൂടുതൽ ഉള്ളിലേക്ക് അനുമതിയില്ലാതെ പ്രവേശിക്കുന്നതും പരിസ്ഥിതിയ്ക്ക് നാശംവരുത്തുന്ന പ്രവർത്തനങ്ങൾ നടത്തുന്നതിനുമാണ് പ്രധാനമായും കേസെടുക്കുന്നത്.

വനമേഖലയോടു ചേർന്നുള്ള ഭാഗങ്ങളിലെ വെള്ളച്ചാട്ടങ്ങളും മലകളും വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളാണ്. ഈ ഭാഗങ്ങളിൽ മുന്നറിയിപ്പുകൾ മറികടക്കുന്നതും പതിവാണ്. മലമ്പുഴ കവ വനമേഖലയിലും കൊല്ലങ്കോട് സീതാർകുണ്ട് വനത്തിലും കോങ്ങാട് മുച്ചീരിമല, ആലത്തൂർ വീഴുമല, വാളയാർ വനമേഖലയോട് ചേർന്നുള്ള കുന്നുകൾ തുടങ്ങിയ ഇടങ്ങളിലാണ് പ്രധാനമായും സഞ്ചാരികൾ എത്തുന്നത്. ഈ മേഖലകളിൽ വനംവകുപ്പിന്റെ നിരീക്ഷണം കുറവാണെന്നതാണ് അനധികൃത മലകയറ്റത്തിന് കാരണം.

വേണം

പരിശീലനം

ശാരീരികവും മാനസികവുമായ കരുത്തുവേണം ട്രക്കിംഗിന്. സർക്കാരിന്റെ അംഗീകാരത്തോടെ ട്രക്കിംഗ് പരിശീലനകേന്ദ്രങ്ങൾ ജില്ലയിലെങ്ങും പ്രവർത്തിക്കുന്നില്ല. സംസ്ഥാനത്ത് സർക്കാർ നിയന്ത്രണത്തിൽ മൂന്നാറിലുള്ള സാഹസിക അക്കാദമി മാത്രമാണ് പരിശീലനം നൽകാനായിട്ടുള്ളത്. സ്‌പോർട്സ് കൗൺസിലിന് കീഴിലുള്ള മൗണ്ടനീറിംഗ് അസോസിയേഷനുകളാണ് ചെറിയരീതിയിൽ പരിശീലനങ്ങൾ നൽകുന്നത്. പരിശീലകരുടെ കുറവും ഈ മേഖലയിലുണ്ട്.

വനമേഖലയിലെ ജൈവവൈവിദ്ധ്യങ്ങൾ അടുത്തറിയാനും പഠനത്തിനുമായാണ് വനംവകുപ്പ് ട്രക്കിംഗ് സൗകര്യങ്ങൾ ഒരുക്കുന്നത്. ജില്ലയിൽ ഇത്തരത്തിലുള്ള സാദ്ധ്യതകൾ പരിശോധിച്ച് പഠന - പരിശീലന കേന്ദ്രങ്ങൾ ആരംഭിച്ചാൽ അത് ടൂറിസം മേഖലയ്ക്ക് കരുത്തു പകരും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: PALAKKADU TOURISM
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.