തിരുവനന്തപുരം: ഒരു സിനിമയുടെ കഥ തയ്യാറാക്കുന്നതിൽ സതീഷ് ബാബു പൂർണമായും മുഴുകിയിരിക്കുന്നതിനിടെയാണ് ക്ഷണിക്കപ്പെടാത്ത അതിഥിയായി മരണം എത്തിയത്. ഏതാണ്ട് ഒരു മാസത്തോളമായി കഥയുടെ പണിപ്പുരയിലായിരുന്നു അദ്ദേഹം. അടുത്തിടെയും ഇതുസംബന്ധിച്ച് അടുത്ത സുഹൃത്തുക്കളോട് പലതവണ ചർച്ച ചെയ്തിരുന്നു. രണ്ടാഴ്ച മുമ്പ് ഭാര്യ ഗിരിജ കാസർകോട്ട് നീലേശ്വരത്തെ വീട്ടിലേക്ക് പോയതോടെ അദ്ദേഹം ഫ്ളാറ്റിൽ തനിച്ചായിരുന്നു. എഴുത്തുമായി തിരക്കിലായിരുന്നെങ്കിലും ബന്ധുക്കളും സുഹൃത്തുക്കളുമായി നിരന്തരം ബന്ധപ്പെട്ടിരുന്ന അദ്ദേഹം ബുധനാഴ്ച രാത്രിയും ഇവരുമായൊക്കെ ഫോണിൽ സംസാരിച്ചിരുന്നു.
തൃശൂരിലുള്ള പിതാവ് വാസുദേവൻ നമ്പൂതിരി, മാതാവ് പാർവതി എന്നിവരുടെ അടുത്തേക്ക് ഇന്നലെ വൈകിട്ട് പോകാനിരുന്നതാണ്. യാത്രയ്ക്കായി തൃശൂരിൽ നിന്ന് ഡ്രൈവർ കാറുമായി പുറപ്പെടുകയും ചെയ്തിരുന്നു. അടുത്ത സുഹൃത്തുക്കൾക്കൊപ്പം കൊല്ലൂർ മൂകാംബിക ക്ഷേത്രദർശനവും ആലോചിച്ചിരുന്നു. സാഹിത്യകാരൻ എന്ന നിലയിൽ തലസ്ഥാനത്ത് സാമൂഹിക, സാംസ്കാരിക രംഗത്തും നിറസാന്നിദ്ധ്യമായിരുന്നു സതീഷ് ബാബു. 2011 മുതൽ 2016 വരെ സർക്കാരിന്റെ ഭാരത് ഭവന്റെ മെമ്പർ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്ന അദ്ദേഹത്തിന് വലിയൊരു സുഹൃദ് വലയവും തിരുവനന്തപുരത്തുണ്ടായിരുന്നു. തിരക്കുകൾക്കിടയിലും തലസ്ഥാനത്തെ പരിപാടികളിൽ പങ്കെടുത്തിരുന്നു. സതീഷ് ബാബു എഡിറ്ററും ഡയറക്ടറുമായ കേരള പനോരമയിലൂടെ നിരവധി പേർ ദൃശ്യമേഖലയിൽ എത്തിയിട്ടുണ്ട്.
മരണവാർത്തയറിഞ്ഞ് സംവിധായകനും നടനുമായ മധുപാൽ, കവിയും അദ്ധ്യാപകനുമായ വിനോദ് വൈശാഖി, ഐ.ബി.സതീഷ് എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് പാലോട് രവി, നെയ്യാറ്റിൻകര സനൽ, വി.എസ്.ശിവകുമാർ, ബി.ജെ.പി ജില്ലാപ്രസിഡന്റ് വി.വി.രാജേഷ് തുടങ്ങിയവർ ഫ്ളാറ്റിലെത്തി.