SignIn
Kerala Kaumudi Online
Friday, 19 April 2024 3.16 PM IST

സുശക്തം നമ്മുടെ ഭരണഘടന

photo

നമ്മുടെ ഭരണഘടനയ്ക്ക്

നാളെ 73 വയസ്

....................

നമ്മുടെ രാജ്യത്തെ എല്ലാ നിയമങ്ങളുടെയും നിയമം എന്നറിയപ്പെടുന്ന ഭരണഘടന തയ്യാറാക്കിയത് 1946 നവംബറിൽ രൂപീകരിച്ച ഭരണഘടനാ നിർമ്മാണ സമിതിയാണ്.

നിലവിൽ വന്നത് 1950 ജനുവരി 26 നാണെങ്കിലും, ഭരണഘടനയുടെ ജന്മദിനം എന്നറിയപ്പെടുന്നതു നവംബർ 26 ആണ്. കാരണം 1949 നവംബർ 26 നാണ് ഭരണഘടനാ നിർമ്മാണ സമിതി ഡോ. രാജേന്ദ്രപ്രസാദിന്റെ നേതൃത്വത്തിൽ യോഗം ചേർന്ന്, ഭരണഘടന അംഗീകരിച്ച് ഒപ്പുവച്ചത്. അതിന്റെ സ്മരണയ്ക്കാണ് നവംബർ 26 'ഭരണഘടനാദിന"മായി ആഘോഷിക്കുന്നത്. ആദ്യകാലങ്ങളിൽ ഇത് 'നിയമദിന"മായി ആചരിച്ചിരുന്നു.

സമിതിയുടെ ആദ്യ സമ്മേളനം 1946 ഡിസംബർ ഒൻപതിനു ഡോ. സച്ചിദാനന്ദ സിൻഹയുടെ അദ്ധ്യക്ഷതയിൽ ചേർന്നു. സ്ഥിരം അദ്ധ്യക്ഷനായി ഡോ. രാജേന്ദ്രപ്രസാദിനെ തിരഞ്ഞെടുത്തു. ഭരണഘടനാ കരടുരൂപീകരണ സമിതി അദ്ധ്യക്ഷനായി ഡോ. ബി.ആർ. അംബേദ്‌കറെയും.

ഇന്ത്യയോട് അനുഭാവം പുലർത്തിയിരുന്ന ലേബർ പാർട്ടി ബ്രിട്ടനിൽ അധികാരത്തിൽ വന്നതിനെ തുടർന്ന് 1946ൽ അന്നത്തെ ബ്രിട്ടീഷ് കാബിനറ്റ് മന്ത്രിമാരായിരുന്ന ലോർഡ് പതിക് ലോറൻസ്, സർ സ്റ്റാഫഡ് ക്രിപ്‌സ്, എ.വി. അലക്സാണ്ടർ എന്നിവരെ ഇന്ത്യയിലെ പ്രശ്നങ്ങൾ പഠിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ 'ക്യാബിനറ്റ് മിഷൻ" എന്ന പേരി​ൽ നിയോഗി​ച്ചി​രുന്നു. അതനുസരി​ച്ച് 1946 മാർച്ച് നാലിനു ക്യാബിനറ്റ് മിഷൻ യോഗം ചേർന്നു സമർപ്പിച്ച നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണു ഭരണഘടനാ നിർമ്മാണ സമിതി രൂപീകരിച്ചത്.

1947 ആഗസ്റ്റ് 29നു ഡോ. ബി.ആർ. അംബേദ്‌കറുടെ നേതൃത്വത്തിൽ ഏഴ് അംഗങ്ങളെ ഉൾപ്പെടുത്തി രൂപീകൃതമായ കമ്മിറ്റി 1948 ജനുവരിയിൽ കരടുരൂപം പ്രസിദ്ധീകരിച്ചു. കരടു ഭരണഘടനയെപ്പറ്റി ജനങ്ങൾക്കു ചർച്ചകൾ സംഘടിപ്പിക്കാനും ഭേദഗതികൾ നിർദ്ദേശിക്കാനും എട്ടുമാസം അനുവദിച്ചിരുന്നു.

അപ്രകാരം ജനങ്ങളിൽ നിന്ന് 7,635 ഭേദഗതികളാണു നിർദ്ദേശിക്കപ്പെട്ടത്. അവയിൽ പ്രാധാന്യമുണ്ടെന്നു കണ്ട 2,473 എണ്ണം സംബന്ധിച്ചു ഭരണഘടനാ നിർമ്മാണ സമിതി 11 വട്ടം യോഗങ്ങൾ കൂടി ചർച്ചനടത്തി. അതിനു ശേഷം 114 ദിവസമാണു കരടുരൂപം സമഗ്രമായി ചർച്ചയ്ക്കു വിധേയമാക്കിയത്. അങ്ങനെ ആകെ രണ്ടുവർഷവും 11 മാസവും 18 ദിവസവും പഠനം നടത്തിയശേഷമാണ് 1949 നവംബർ 26നു ഭരണഘടനയിൽ സമിതി അദ്ധ്യക്ഷൻ ഡോ. രാജേന്ദ്രപ്രസാദ് ഒപ്പുവച്ചത്. 1950 ജനുവരി 26നു ഭരണഘടന നിലവിൽ വന്നതു പ്രകാരം ഇന്ത്യ പരമാധികാര റിപ്പബ്ളിക്കായി.

ഭരണഘടന നിലവിൽ വന്നപ്പോൾ അതിൽ 395 വകുപ്പുകളും (അനുഛേദങ്ങൾ) എട്ടു പട്ടികകളും 22 ഭാഗങ്ങളുമാണ് ഉണ്ടായിരുന്നത്. ഇപ്പോൾ നാലെണ്ണം കൂടി ചേർത്തു 12 പട്ടികയുണ്ട്. അതേസമയം ആകെ അനുച്ഛേദങ്ങൾ 395 തന്നെയായി നിലനിറുത്തിക്കൊണ്ട് ഭരണഘടന ഭേദഗതികൾ പ്രകാരമുള്ള ഇതര ഉപവകുപ്പുകൾകൂടി ഉൾപ്പെടുത്തിയിരിക്കുന്നു.

നമ്മുടെ ഭരണഘടനയുടെ ആമുഖം എഴുതിയത് ജവഹർലാൽ നെഹ്‌റു ആണ്. ഇന്ത്യൻ ഭരണഘടനയുടെ 'ആത്മാവ്' എന്നാണ് പണ്ഡിറ്റ് നെഹ്‌റു ആമുഖത്തെ വിശേഷിപ്പിച്ചത്. അതേസമയം അനുച്ഛേദം 32നെ ഇന്ത്യൻ ഭരണഘടനയുടെ 'ഹൃദയം' എന്നാണ് ഡോ. അംബേദ്കർ വിശേഷിപ്പിച്ചത്. പൗരന്മാർക്ക് ഭരണഘടന സംബന്ധമായ പരിഹാര മാർഗങ്ങൾക്കുള്ള അവകാശങ്ങൾ ഉറപ്പാക്കുന്നത് സംബന്ധിച്ച വ്യവസ്ഥകളാണ് അനുച്ഛേദം 32ൽ.

ഭരണഘടനയുടെ ആമുഖം എന്നത് അടിസ്ഥാന ഘടനയാണെന്നും അതിനാൽ അതിൽ ഭേദഗതികൾ വരുത്താൻ പാടില്ലെന്നും സുപ്രീംകോടതി സുപ്രധാന വിധിന്യായങ്ങളിലൂടെ നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ, ആമുഖത്തിൽ 1976 ൽ 42-ാം ഭരണഘടനഭേദഗതി വഴി ഒരുതവണ മാറ്റം വരുത്തിയിട്ടുണ്ട്. 1978 ൽ മൊറാർജി ദേശായി പ്രധാനമന്ത്രി ആയിരുന്നപ്പോഴാണ് 44-ാം ഭരണഘടനാഭേദഗതി വഴി 'സ്വത്തവകാശം " മൗലികാവകാശങ്ങളുടെ കൂട്ടത്തിൽനിന്നു നീക്കം ചെയ്തത്. അതിനാൽ 42, 44 ഭരണഘടനാ ഭേദഗതികൾ വളരെ പ്രാധാന്യമുള്ളവയായാണ് കണക്കാക്കപ്പെടുന്നത്.

അമേരിക്കൻ ഭരണഘടനയിൽനിന്ന് കടംകൊണ്ട ആശയങ്ങളാണ് മൗലികാവകാശങ്ങൾ,​സുപ്രീംകോടതി, ആമുഖം എന്നിവ. ബ്രിട്ടനിൽ നിന്നുള്ളതാണ് പാർലമെന്ററി ജനാധിപത്യവും ഏക പൗരത്വവും. കാനഡയിൽ നിന്നു ഫെഡറൽ സംവിധാനവും യൂണിയൻ സ്റ്റേറ്റ് പട്ടികയും. അയർലൻഡിൽ നിന്നു രാഷ്ട്രനയത്തിന്റെ നിർദ്ദേശക തത്വങ്ങളും ഒാസ്‌ട്രേലിയയിൽനിന്നു കൺകറന്റ് ലിസ്റ്റും സ്വീകരിച്ചു. ഭരണഘടനാ ഭേദഗതിക്കുള്ള നിയമവ്യവസ്ഥകൾ ദക്ഷിണാഫ്രിക്കയിൽ നിന്നാണെങ്കിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത് സംബന്ധിച്ച നിയമവ്യവസ്ഥകൾക്ക് ആധാരമാക്കിയിരിക്കുന്നത് ജർമ്മൻ ഭരണഘടനയാണ്.

ഇന്ത്യയോടൊപ്പം സ്വാതന്ത്ര്യം നേടിയ ഒട്ടേറെ രാഷ്ട്രങ്ങളുണ്ട്. ഇന്ന് അവയിൽ മിക്ക രാഷ്ട്രങ്ങളുടെയും അവസ്ഥ പരിതാപകരമാണ്. പലയിടങ്ങളിലെയും ജനങ്ങൾ അശാന്തിയിലും അനിശ്ചിതത്വത്തിലും ജീവിക്കാൻ വിധിക്കപ്പെട്ട അവസ്ഥയിലാണ്. അത്തരം ഒരു താരതമ്യം നടത്തുമ്പോഴാണ് സുശക്തവും ദൃഢവുമായ നമ്മുടെ ഭരണഘടനയുടെ മഹത്വം എത്ര വലുതാണെന്നു തിരിച്ചറിയുന്നത്.

.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CONSTITUTION
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.