ചികിത്സ തേടിയെത്തുന്നവർക്ക് മരുന്നിനൊപ്പം സ്നേഹവാക്കുകൾ കൊണ്ട് ഹൃദയത്തിൽ ആശ്വാസത്തിന്റെ കുളിർമഴ പെയ്യിക്കുന്ന ഡോക്ടർ. വിദ്യാർത്ഥികൾക്ക് ഉയരങ്ങളിലേക്ക് കുതിക്കാനുള്ള ഊർജ്ജം പകരുന്ന പ്രിൻസിപ്പൽ. പാവങ്ങളുടെ കണ്ണുനീരൊപ്പുന്ന സാമൂഹ്യപ്രവർത്തകൻ. അക്ഷരങ്ങളിൽ സ്നേഹവും കരുതലും നിറയ്ക്കുന്ന എഴുത്തുകാരൻ. ഡോ. വി.കെ. ജയകുമാറിനെ ഇങ്ങനെ വാക്കുകൾ കൊണ്ട് അടയാളപ്പെടുത്തിത്തീർക്കുക പ്രയാസമാണ്.
ഡോ. വി.കെ. ജയകുമാറിനെ അടുത്തറിയുന്നവരുടെ പ്രധാന സംശയം, ഇദ്ദേഹം എപ്പോഴാണ് ഉറങ്ങുന്നതെന്നാണ്. ഒരു നിമിഷം പാഴാക്കാതെയുള്ള അദ്ധ്വാനമാണ് ഡോ. വി.കെ.ജയകുമാറിനെ ആയിരങ്ങളുടെ ഹൃദയത്തിൽ പ്രതിഷ്ഠിക്കുന്നത്. ചികിത്സ തേടിയെത്തുന്ന രോഗികൾക്ക് കൊടുക്കാൻ ആവശ്യത്തിന് മരുന്നില്ലാത്ത സർക്കാർ ആശുപത്രിയിലെ ദുരവസ്ഥയിൽ മനം മടുത്ത് അദ്ദേഹം ജോലി രാജിവച്ച് സ്വന്തമായി ആശുപത്രി തുടങ്ങുകയായിരുന്നു. ഒരുകാലത്ത് കുഗ്രാമമായിരുന്ന അഞ്ചലിലെ കുട്ടികൾക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭ്യമാക്കാനാണ് ഡോ. വി.കെ.ജയകുമാർ നാട്ടിൽ സ്കൂൾ തുടങ്ങിയത്. ചിട്ടയായ അദ്ധ്യയനത്തിലൂടെ ആ സ്കൂൾ അതിവേഗം വളർന്ന് മികവിന്റെ ബ്രാൻഡായതോടെ ശബരിഗിരി വലിയൊരു വിദ്യാഭ്യാസശൃംഖലയായി വളർന്നു. കൊല്ലം ജില്ലയിലെ ആദ്യത്തെ സി.ബി.എസ്.ഇ സ്കൂൾ അഞ്ചലിലെ ശബരിഗിരിയാണ്.
അഭേദാശ്രമത്തിൽ ഒറ്റയ്ക്കിരുന്ന ബാലൻ
വി.കേശവന്റെയും സി.കെ.ഗോമതിയുടെയും രണ്ടാമത്തെ മകനായി ചിറയിൻകീഴിൽ ശാർക്കരയ്ക്കടുത്ത് കേശവമന്ദിരത്തിലാണ് ജനനം. അമ്മയുടെ അനുജത്തിക്ക് മക്കളില്ലായിരുന്നു. ഒരുദിവസം കുഞ്ഞമ്മ വീട്ടിൽ വന്നപ്പോൾ ചേച്ചിയോട് ഇക്കാര്യം പറഞ്ഞ് സങ്കടപ്പെട്ടു. കാരുണ്യവതിയായ അമ്മ തന്റെ അഞ്ചു മക്കളിൽ ഒരു കൊച്ചിനെ നീ കൊണ്ടുപോയി വളർത്താൻ പറഞ്ഞു. നറുക്ക് വീണത് കുഞ്ഞ് ജയകുമാറിനായിരുന്നു. അങ്ങനെ കുഞ്ഞമ്മ സി.കെ.ഭാരതിക്കൊപ്പം തിരുവനന്തപുരം കൈതമുക്കിന് അടുത്തുള്ള വീട്ടിലേക്ക് പോയി. കുഞ്ഞമ്മയും ചിറ്റപ്പനും ഏറെ സ്നേഹത്തോടെയാണ് നോക്കിയത്. പക്ഷെ മനസിൽ വല്ലാത്തൊരു വിങ്ങൽ. അച്ഛനെയും അമ്മയെയും സഹോദരങ്ങളെയും കാണാതെ ഹൃദയത്തിൽ വല്ലാത്ത വിങ്ങൽ. തിരുവനന്തപുരത്ത് ഫോർട്ട് ഹൈസ്കൂളിലായി പ്രൈമറി വിദ്യാഭ്യാസം.
പഠനത്തിൽ ശ്രദ്ധയില്ലാതായി. ക്ലാസിൽ ശ്രദ്ധയില്ലാതിരുന്ന ജയകുമാറിനെ ക്ലാസ് ടീച്ചറായിരുന്ന അയ്യങ്കാർ സാർ വഴക്കുപറഞ്ഞു. ഇതോടെ സ്കൂളിൽ പോകാൻ മടിയായി. ഒരു ദിവസം സ്കൂളിൽ പോകാതെ തൊട്ടടുത്തുള്ള അഭേദാശ്രമത്തിൽ പോയിരുന്നു. ഉച്ചയ്ക്ക് ചോറ് അവിടിരുന്ന് കഴിച്ചു. വൈകിട്ട് വീട്ടിലേക്ക് പോയി. രണ്ടാമത്തെ ദിവസവും ഇതുപോലെ അഭേദാശ്രമത്തിലേക്ക് പോയി. അവിടെ സ്വാമിമാരെത്തി എന്താ സ്കൂളിലേക്ക് പോകാത്തതെന്ന് ചോദിച്ചു. ഇതോടെ ആശ്രമത്തിലും പോയിരിക്കാൻ കഴിയാത്ത അവസ്ഥയായി. അന്ന് വീട്ടിലെത്തി അച്ഛന് അയയ്ക്കാനായി ഒരു കത്തെഴുത്തി. ''എന്നെ ജീവനോടെ കാണണമെങ്കിൽ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകണ""മെന്നായിരുന്നു കത്തിന്റെ ഉള്ളടക്കം. ഈ കത്ത് കണ്ട ചിറ്റപ്പൻ മാനസികമായി തകർന്നു. അന്ന് തന്നെ ചിറയിൻകീഴിലെ വീട്ടിൽ തിരിച്ചുകൊണ്ടാക്കി. അങ്ങനെ ചിറയിൻകീഴിലെ ശ്രീചിത്തിരവിലാസം ഹൈസ്കൂളിൽ ചേർന്നു.
ആദ്യ കവിത
ഹൈസ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ അന്നത്തെ പ്രീ യൂണിവേഴ്സിറ്റി കോഴ്സിന് ചേർന്നു. ഹോസ്റ്റലിലായിരുന്നു താമസം. അതുകൊണ്ട് തന്നെ മനസിൽ വല്ലാത്ത സങ്കടമായിരുന്നു. വിഷമം മാറ്റാൻ എല്ലാ ദിവസവും വൈകിട്ട് കോളേജിന് താഴെയുള്ള ശിവക്ഷേത്രത്തിൽ പോകും. അവിടെയുള്ള മരച്ചുവട്ടിൽ സങ്കട്ടപ്പെട്ടിരിക്കുമ്പോഴാണ് മനസിൽ ആദ്യം കവിത വരുന്നത്.
''നീറും മനസിന്റെ നീരസം മാറ്റുവാൻ
ഏറെ ശ്രമിച്ചു ഞാൻ ഏകനായി"".
എന്നിങ്ങനെയായിരുന്നു ആദ്യ വരികൾ. ഓടി ഹോസ്റ്റലിലേക്ക് പോയി കവിത പേപ്പറിൽ പകർത്തി. തൊട്ടടുത്ത ദിവസം മലയാളം പ്രൊഫസറായ പി.സി. ദേവസ്യാ സാറിനെ കാണിച്ചു. നീ കൊള്ളമല്ലോ, നല്ല കവിത, ഇനിയും എഴുതണമെന്ന അദ്ദേഹത്തിന്റെ പ്രോത്സാഹനം. അങ്ങനെ പഠനത്തിനൊപ്പം കവിതകൾ എഴുതി ഹോസ്റ്റൽ ജീവിതത്തിലെ മടുപ്പ് തീർത്തു. മാർ ഇവാനിയോസ് കോളേജിൽ നിന്ന് തന്നെ ബി.എസ്സി കെമസ്ട്രിയും പാസായി. 80 ഓളം കവിതകൾ എഴുതിയിട്ടുണ്ട്. ഇംഗ്ലീഷിലും മലയാളത്തിലുമായി നിരവധി ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചു. ഇരുപത്തിരണ്ടാമത്തെ പുസ്തകം ഉടൻ പുറത്തിറങ്ങും.
എം.ബി.ബി.എസ്
പ്രവേശനം
1965 ൽ ഡിഗ്രി കഴിഞ്ഞ് നിൽക്കവേ എച്ച്.എം.ടിയിൽ ജോലിയുള്ള ജ്യേഷ്ഠനെ എറണാകുളത്തെ ആശുപത്രിയിൽ ചെറിയചികിത്സയ്ക്ക് പ്രവേശിപ്പിച്ചു. ജയകുമാറായിരുന്നു കൂട്ടിരിപ്പുകാരൻ. ജ്യേഷ്ഠൻ പത്രം വായിച്ചുകൊണ്ടിരുന്നപ്പോൾ അതിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ് പ്രവേശന പട്ടികയിലുള്ളവരുടെ പേര് കിടക്കുന്നു. അതിലേക്ക് കണ്ണോടിച്ച ജ്യേഷ്ഠൻ പറഞ്ഞു. ''ദേ നിനക്കും എം.ബി.ബി.എസ് പ്രവേശനം"". അങ്ങനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എം.ബി.ബി.എസിന് ചേർന്നു. അക്കാലത്ത് കോളേജ് മാഗസിൻ എഡിറ്ററായി. ഹൗസ് സർജൻസി കഴിഞ്ഞ് മെഡിക്കൽ രജിസ്ട്രേഷൻ കിട്ടി. പച്ച പാലോട് ഒരു ആശുപത്രിയിൽ ആദ്യമായി പ്രാക്ടീസ് തുടങ്ങി.
തമ്പാനൂരിൽ നിന്ന്
മലപ്പുറം ടിക്കറ്റ്
പച്ച പാലോട് ആശുപത്രിയിൽ പ്രാക്ടീസ് തുടരവേ സ്വന്തമായി ഒരു ആശുപത്രി തുടങ്ങണം എന്ന മോഹമുദിച്ചു. അങ്ങനെ തമ്പാനൂർ സ്റ്റാൻഡിൽ പോയി മലപ്പുറം ടിക്കറ്റെടുത്ത് കെ.എസ്.ആർ.ടി.സി ബസിൽ കയറി യാത്ര തുടങ്ങി. ഇഷ്ടപ്പെട്ട സ്ഥലത്തിറങ്ങി ഒരു ആശുപത്രി തുടങ്ങണം. അതായിരുന്നു മനസിലെ തീരുമാനം. ചേർത്തല കഴിഞ്ഞ് കുത്തിയതോട് എത്തിയപ്പോൾ വഴിവക്കിലെല്ലാം ജലാശയങ്ങൾ. നിരത്തുകളിൽ നിറയെ ആളുകൾ. സ്ഥലം ഇഷ്ടപ്പെട്ടു. അവിടെയിറങ്ങി നോക്കിയപ്പോൾ റോഡ് വക്കിലെ വീടിന് മുന്നിൽ ഒരു ബോർഡ് ഇരിക്കുന്നു. 'വി.കെ. കോയ, എൽ.ഐ.സി ഏജന്റ്. അദ്ദേഹത്തെ സമീപിച്ചു. അദ്ദേഹത്തോട് ആശുപത്രി തുടങ്ങാൻ സഹായം അഭ്യർത്ഥിച്ചു. അദ്ദേഹം കുത്തിയതോട് ഭാസി എന്ന കോൺഗ്രസ് നേതാവിന്റെ വീട്ടിലേക്ക് കൊണ്ടു പോയി. കുത്തിയതോട് ജംഗ്ഷനിൽ അദ്ദേഹത്തിന്റെ വീടിനോട് ചേർന്ന് ഒരു കശുഅണ്ടി ഫാക്ടറി പ്രവർത്തനമില്ലാതെ ഉണ്ടായിരുന്നു. ഫാക്ടറി ആശുപത്രി തുടങ്ങാൻ വിട്ടുനൽകാമെന്ന് അദ്ദേഹം സമ്മതിച്ചു. ഫാക്ടറി ഒന്നു വെള്ളയടിച്ച് തന്നാൽ മതി ബാക്കി താൻ നോക്കിക്കൊള്ളാമെന്ന് പറഞ്ഞു. ഉടനേ എറുണാകുളത്ത് പഴയ ഫർണിച്ചറുകൾ വിൽക്കുന്ന കടയിൽ പോയി രണ്ടായിരം രൂപയ്ക്ക് പത്ത് കട്ടിലുകളും ഫർണിച്ചറുകളും വാങ്ങി. തന്റെ ബോസായിരുന്ന മെഡിക്കൽ കോളേജിലെ പ്രമുഖ കാർഡിയോളജിസ്റ്റ് സി.കെ. ഗോപിയെ കൊണ്ടുവന്ന് ആശുപത്രി ഉദ്ഘാടനം ചെയ്തു. നൂറ് കണക്കിന് രോഗികളെത്തി. ആറ് മാസം കഴിഞ്ഞപ്പോൾ സ്വന്തമായി കാർ വാങ്ങി.
നിന്ന് തിരിയാൻ സമയമില്ലാത്ത തരത്തിൽ ആശുപത്രിയിൽ രോഗികളുടെ തിരക്ക്. അങ്ങനെയിരിക്കെ പെട്ടെന്നൊരു കത്ത് വന്നു. സർക്കാർ ഡോക്ടറായി നിയമിച്ചുകൊണ്ടുള്ള പി.എസ്.സിയുടെ അപ്പോയിന്റ്മെന്റ് ലെറ്ററായിരുന്നു.
താൻ തുടങ്ങിയ ആശുപത്രി നിന്നു പോകുമെന്നോർത്ത് ഇക്കാര്യം വീട്ടിൽ പറഞ്ഞില്ല. നാല് മാസം കഴിഞ്ഞപ്പോൾ പി.എസ്.സി അപ്പോയിന്റ്മെന്റ് ലെറ്റർ വീട്ടിലെത്തി. അച്ഛൻ വിളിച്ചപ്പോൾ താല്പര്യക്കുറവ് പ്രകടിപ്പിച്ചു. ആലപ്പുഴ ഡെപ്യൂട്ടി കളക്ടറായ അച്ഛന്റെ സഹോദരൻ വിവരമറിഞ്ഞു. ''ശ്രീപത്മനാഭന്റെ കാശാണ്, മര്യാദയ്ക്ക് പോയി ജോയിൻ ചെയ്യാൻ"" ശകാര ഭാവത്തിൽ പറഞ്ഞു. അങ്ങനെ മൂന്നാം വർഷം ആശുപത്രി സുഹൃത്തിന് വിറ്റു. വെളിയത്തായിരുന്നു അസിസ്റ്റന്റ് സർജനായി ആദ്യ നിയമനം.
ഇന്ദിരാഗാന്ധി ജനസംഖ്യാനിയന്ത്രണ പ്രവർത്തനം ശക്തമാക്കിയ കാലമാണ്. വെളിയത്ത് നിന്ന് ഡോ. വി.കെ. ജയകുമാർ അഞ്ചൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തി. അവിടെ ഒരു ദിവസം 110 പേരെ വരെ വാസക്ടമിക്ക് ശസ്ത്രക്രിയയ്ക്ക് വിധേയരാക്കി. അഞ്ചൽ ഒന്നാം സ്ഥാനത്തെത്തി. ഈ മുന്നേറ്റത്തിന് ആരോഗ്യ മന്ത്രി എൻ.കെ. ബാലകൃഷ്ണനിൽ നിന്നും ജില്ലാ കളക്ടറിൽ നിന്നും പ്രത്യേക കാഷ് അവാർഡും മെരിറ്റ് സർട്ടിഫിക്കറ്റും ലഭിച്ചു. നിരവധി പ്രസവങ്ങളും പോസ്റ്റ്മോർട്ടങ്ങളും നടത്തി. പക്ഷെ ആശുപത്രിയിൽ മരുന്നുകളില്ലായിരുന്നു. എല്ലാ രോഗങ്ങൾക്കുമായി വളരെക്കുറച്ച് മരുന്നുകളേയുള്ളു. അങ്ങനെ ബോറടിച്ചു. 1977ൽ പെട്ടെന്ന് അഞ്ചൽ ജംഗ്ഷനിൽ ഗവൺമെന്റ് ആശുപത്രിയോട് ചേർന്ന് ഒരു ആശുപത്രി തട്ടിക്കൂട്ടി. അതാണ് ഇപ്പോഴത്തെ അഞ്ചൽ ശബരിഗിരി മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി.
ഈ സമയം ആശുപത്രിയുടെ തിരക്കിനിടയിൽ അനസ്തേഷ്യോളജിയിൽ പി.ജി ചെയ്യാൻ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിച്ചു. രണ്ടു മാസമായപ്പോൾ ആശുപത്രിക്ക് തടസമെന്ന് കണ്ട് പി.ജി. പഠനം ഉപേക്ഷിച്ചു. എങ്കിലും പിന്നീട് ഗൈനക്കോളജിയിലും ചെസ്റ്റ് മെഡിസിനിലും ജനറൽ പ്രാക്ടീസിലും ഫെല്ലോഷിപ്പുകൾ ലഭിച്ചു.
ശബരിഗിരി ആശുപത്രിക്കായി യൂനിസെഫ് നൽകിയ ശിശുസൗഹൃദ ആശുപത്രി പുരസ്കാരവും ഡോ. ജയകുമാർ നേടി. 52 വർഷത്തെ രോഗീപരിചരണാനുഭവമുള്ള അദ്ദേഹം ഇപ്പോഴും ശബരിഗിരി ഹോസ്പിറ്റലിലെ ചീഫ് മെഡിക്കൽ ഓഫീസറാണ്.
ഭാര്യ സുല ജയകുമാറിനൊപ്പം
കാരുണ്യത്തിന്റെ നിലാമഴ
സുനാമി തിരകൾ താണ്ഡവനൃത്തമാടിയ കരുനാഗപ്പള്ളി അടക്കമുള്ള സമുദ്രതീരത്ത് രക്ഷാപ്രവർത്തനവുമായി ആദ്യം ഓടിയെത്തിയത് ഡോ. വി.കെ. ജയകുമാറും ആശുപത്രി സംഘവുമാണ്. ഇക്കഴിഞ്ഞ പ്രളയകാലങ്ങളിൽ കുട്ടനാട്, നിലമ്പൂർ എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിഞ്ഞ ആയിരങ്ങൾ ഡോ. വി.കെ. ജയകുമാറിന്റെ കാരുണ്യസ്പർശം അനുഭവിച്ചറിഞ്ഞു. കൊവിഡിന്റെ രൂക്ഷ വ്യാപനഘട്ടത്തിൽ നൂറ് കണക്കിന് കുടുംബങ്ങൾക്ക് ഭക്ഷ്യവസ്തുക്കളും മരുന്നും എത്തിച്ചു.
എല്ലാ ഓണത്തിനും പാവങ്ങൾക്ക് ഓണക്കോടി നൽകും. പാവങ്ങൾക്ക് വീട് നിർമ്മിച്ച് നൽകിയിട്ടുണ്ട്. ദശാബ്ദങ്ങൾക്ക് മുൻപ് തന്നെ തന്റെ ശരീരത്തിലെ ആന്തരികാവയവങ്ങൾ അദ്ദേഹം മരണാനന്തരദാനം എഴുതി നൽകിയിട്ടുണ്ട്.
ഗൃഹനാഥൻ പെട്ടെന്ന് നഷ്ടപ്പെട്ട വീടുകളിലെ നിരവധി വിദ്യാർത്ഥികളെ അദ്ദേഹം സ്വന്തം ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ തികച്ചും സൗജന്യമായി 12-ാം ക്ലാസ് വരെ പഠിപ്പിക്കുന്നുണ്ട്. നിലവിൽ 16 ഓളം വിദ്യാർത്ഥികളെ ഇത്തരത്തിൽ പഠിപ്പിക്കുന്നുണ്ട്. ഒരിക്കൽ ആശുപത്രിയിൽ രോഗികളെ നോക്കവേ തെങ്ങിൽ നിന്ന് വീണ് ഭർത്താവ് മരിച്ച നിർദ്ധനയായ വീട്ടമ്മ മുന്നിലെത്തി. ഒപ്പം രണ്ട് കുട്ടികളും ഉണ്ടായിരുന്നു. അവരുടെ കണ്ണീർ കണ്ടാണ് ഡോ. വി.കെ. ജയകുമാർ 'പ്രത്യാശ" എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിക്ക് തുടക്കമിട്ടത്.
ഉജ്ജ്വല സംഘാടകൻ
കേരളാ റെക്കഗ്നൈസ്ഡ് സ്കൂൾ മാനേജ്മെന്റ് അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റായി 26 വർഷം പ്രവർത്തിച്ചു. ഇപ്പോൾ കേരള സി.ബി.എസ്.ഇ സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ രക്ഷാധികാരി, ഡോ. പൽപു ഫൗണ്ടേഷൻ രക്ഷാധികാരി, സി.ബി.എസ്.സി സഹോദയ കോംപ്ലക്സ് രക്ഷാധികാരി, ഗുരുധർമ്മ പ്രചരണസഭ പുനലൂർ താലൂക്ക് പ്രസിഡന്റ്, സി. കേശവൻ സ്മാരക സമിതി രക്ഷാധികാരി എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.
മലയാളത്തിലെ ഏറ്റവും മികച്ച സാഹിത്യ കൃതിക്ക് അവാർഡ് നൽകുന്ന മലയാറ്റൂർ സ്മാരകസമിതി സ്ഥാപിച്ച് എല്ലാ വർഷവും അവാർഡ് നൽകുന്നു. അഞ്ചൽ ജംഗ്ഷൻ അടക്കം മൂന്നിടങ്ങളിൽ ഗാന്ധിജിയുടെ പ്രതിമകൾ സ്ഥാപിച്ചിട്ടുണ്ട്. ഡോ. ജയകുമാർ ഒരു ഫാമിലി, സ്റ്റുഡന്റ്, മാരിറ്റൽ കൗൺസലറും പെർസണാലിറ്റി & ലീഡർഷിപ്പ് ട്രെയ്നറും മികച്ച പ്രഭാഷകനുമാണ്.
ശാന്തികേന്ദ്രം
അഞ്ചൽ ജംഗ്ഷനിൽ പഞ്ചായത്ത് ഓഫീസിനോട് ചേർന്നുള്ള ഡോ. വി.കെ.ജയകുമാറിന്റെ കെട്ടിടത്തിന് ശാന്തികേന്ദ്രമെന്നാണ് പേരിട്ടിരിക്കുന്നത്. സാംസ്കാരിക, സാമൂഹ്യ പ്രവർത്തനങ്ങളുടെ കേന്ദ്രമാണിവിടം. തൊഴിൽരഹിതരെ സഹായിക്കാൻ തൊഴിലന്വേഷണ സഹായകേന്ദ്രം എന്ന പുതിയ സംരംഭത്തിന് ഇവിടെ തുടക്കമിട്ടിരിക്കുകയാണ്. തൊഴിലില്ലാത്ത ആർക്കും അവിടേക്ക് ചെല്ലാം. അവിടെ ഒരുപാട് തൊഴിൽ വിവരങ്ങളുണ്ട്. അവിടെയുള്ള ജീവനക്കാർ കമ്പ്യൂട്ടറിൽ നിന്ന് വിവരങ്ങൾ നൽകും. ഒപ്പം 'എങ്ങനെയൊരു ജോലി സമ്പാദിക്കാം" എന്ന ഡോ. വി.കെ. ജയകുമാറിന്റെ പുസ്തകവും നൽകും. അനുയോജ്യമായ തൊഴിൽ അവസരങ്ങൾ ലഭ്യമല്ലെങ്കിൽ സ്വന്തം നിലയിൽ സംരംഭം തുടങ്ങാനുള്ള ഉപദേശവും നൽകും.
കുടുംബം
അഞ്ചൽ ശബരിഗിരി എച്ച്.എസ്.എസ് മാനേജർ സുല ജയകുമാറാണ് ഭാര്യ. പീഡിയാട്രിഷ്യൻ ഡോ. ദിവ്യ അരുൺ, ഗൈനക്കോളജിസ്റ്റ് ഡോ. ലയ ശരത്ത്, ഫിസിഷ്യനായ ഡോ. ശബരീഷ് എന്നിവർ മക്കളാണ്. മൂവരും ചേർന്നാണ് ശബരിഗിരി മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി നയിക്കുന്നത്. എൻജിനിയറായ അരുൺദിവാകർ, നേത്രരോഗ സ്പെഷ്യലിസ്റ്റായ ഡോ. ശരത്ത് രവി, അനസ്തെറ്റിക്കായ ഡോ. രേവതി ശബരീഷ് എന്നിവർ മരുമക്കൾ. നാല് പേരക്കിടാങ്ങളുമുണ്
വിദ്യാലയ ശൃംഖലയുടെ പിറവി
മകൾക്ക് മൂന്ന് വയസായി. തൊട്ടടുത്തെങ്ങും ഇംഗ്ലീഷ് സ്കൂളില്ല. തൊട്ടടുത്തുള്ള കത്തോലിക്ക പള്ളിയിൽ പോയി ഒരു ഇംഗ്ലീഷ് മീഡിയം സ്കൂൾ തുടങ്ങണമെന്ന് പറഞ്ഞു. പക്ഷേ ഇപ്പോൾ ഞങ്ങൾക്ക് അങ്ങനെയൊരു പരിപാടിയില്ലെന്ന് പറഞ്ഞു.
അങ്ങനെ 1978 ൽ തങ്കശേരിയിൽ പോയി ഒരു ആംഗ്ലോ ഇന്ത്യൻ ടീച്ചറെ കൊണ്ടുവന്ന് സ്കൂൾ തുടങ്ങി. അതാണ് ഇപ്പോഴത്തെ അഞ്ചൽ ശബരിഗിരി ഇംഗ്ലീഷ് സ്കൂൾ. അഞ്ചലിലെ ആദ്യ ഇംഗ്ലീഷ് സ്കൂൾ വലിയൊരു വിദ്യാഭ്യാസ ശൃംഖലയുടെ തുടക്കമായിരുന്നു. ശബരിഗിരി എച്ച്.എസ്.എസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ (സ്റ്റേറ്റ് സിലബസ്), പുനലൂർ ശബരിഗിരി സീനിയർ സെക്കൻഡറി സ്കൂൾ, ശബരിഗിരി ബി.എഡ് കോളേജ്, തിരുവനന്തപുരം ശബരിഗിരി ഇന്റർനാഷണൽ സ്കൂൾ, നിലമേൽ ശബരിഗിരി ന്യൂ ജനറേഷൻ സ്കൂൾ, തിരുവനന്തപുരം കവടിയാർ ശബരിഗിരി ന്യൂ ജനറേഷൻ സ്കൂൾ, അഞ്ചൽ ശബിരിഗിരി കോളേജ് ഒഫ് അലൈഡ് മെഡിക്കൽ സയൻസസ് എന്നിങ്ങനെ കേരളത്തിലെ ഏറ്റവും മികവുറ്റ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നായകനാണ് ഡോ. വി.കെ. ജയകുമാർ.ഇതിനിടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നല്ലനിലയിൽ മുന്നോട്ടുകൊണ്ടുപോകാൻ അദ്ദേഹം ഇംഗ്ലീഷ് സാഹിത്യത്തിൽ എം.എ ബിരുദവും ബി.എഡും എടുത്തു. ശിശുപരിപാലനത്തിൽ സിംഗപ്പൂരിൽ നിന്ന് പി.എച്ച്.ഡി നേടി. പത്ത് വർഷത്തിലേറെ സി.ബി.എസ്.ഇ സ്കൂളിന്റെ അപ്രൂവ്ഡ് പ്രിൻസിപ്പലായി സേവനം.
അംഗീകാരങ്ങൾ
രണ്ട് കേന്ദ്രമന്ത്രിമാർ ചേർന്ന് ഡൽഹിയിൽ വച്ച് നൽകിയ ബാബ സാഹേബ് അംബേദ്കർ അവാർഡ്, കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മെഡിക്കൽ കോളേജിൽ വച്ച് നൽകിയ തിരുവനന്തപുരം മെഡിക്കൽ കോളേജ് അലുമിനി അസോസിയേഷന്റെ വിശിഷ്ട പൂർവ വിദ്യാർത്ഥി അവാർഡ്, മുൻ വാണിജ്യമന്ത്രി കുഞ്ഞാലിക്കുട്ടി നൽകിയ മില്ലേനിയം ലീഡർ അവാർഡ്, മികച്ച വിദ്യാഭ്യാസ പ്രവർത്തകനുള്ള റോട്ടറി അവാർഡ്, കേരള മുൻ ഗവർണർ പി. സദാശിവം നൽകിയ ഡോ. പൽപു ഫൗണ്ടേഷൻ പുരസ്കാരം, മുൻമന്ത്രി കെ.പി. മോഹനൻ നൽകിയ പ്രവാസി ബന്ധു അവാർഡ്, ഗുരുധർമ്മ പ്രചരണസഭ നൽകിയ ശ്രീനാരായണ ധർമ്മ പുരസ്കാരം, ഗാന്ധിഭവൻ അവാർഡ്, മഹാത്മാഗാന്ധി പീസ് ഫൗണ്ടേഷൻ അവാർഡ്, ചികിത്സാരത്ന അവാർഡ്, സേവനരത്ന അവാർഡ്, മാർത്തോമ്മ സഭയുടെ വിദ്യാഭ്യാസ പ്രവർത്തനത്തിനുള്ള അഞ്ചലച്ചൻ പുരസ്കാരം, ലയൺസ് ക്ലബ് ഇന്റർനാഷണലിൽ നിന്ന് അതിന്റെ സ്ഥാപകന്റെ പേരിലുള്ള പ്രോഗ്രസീവ് മെൽവിൻ ജോൺസ് പുരസ്കാരം എന്നിങ്ങനെ നിരവധി ബഹുമതികൾ ലഭിച്ചിട്ടുണ്ട്.