കോഴിക്കോട്: വിദ്യാർത്ഥികളെ വെയിലത്ത് നിർത്തിയുള്ള സ്വീകരണം ഒഴിവാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. കക്കോടി പടിഞ്ഞാറ്റുംമുറി ജി.യു.പി സ്കൂളിൽ പ്രീ പ്രൈമറി കെട്ടിടം വർണക്കൂടാരത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
മന്ത്രിയെ സ്വീകരിക്കാൻ മുൻനിരയിലുണ്ടായിരുന്നത് വിദ്യാർത്ഥികളായിരുന്നു. സദസിൽ കയറിയ മന്ത്രി ആദ്യം പറഞ്ഞത് കുട്ടികളെ വെയിലത്ത് നിർത്തിയുള്ള താലപ്പൊലി പോലുള്ള സ്വീകരണങ്ങൾ നടത്തേണ്ട കാര്യമില്ലെന്നാണ്. കൊച്ചു കുട്ടികളെ ഇതുപോലെ ബുദ്ധിമുട്ടിക്കുന്നത് ശരിയല്ല. അദ്ധ്യാപകരും മുതിർന്നവരും മതിയെന്നും മന്ത്രി പറഞ്ഞു.