കാഠ്മണ്ഡു: നേപ്പാൾ പ്രധാനമന്ത്രിയും നേപ്പാളി കോൺഗ്രസ് പാർട്ടി അദ്ധ്യക്ഷനുമായ ഷേർ ബഹദൂർ ദ്യൂബയും സി.പി.എൻ - മാവോയിസ്റ്റ് സെന്റർ ചെയർമാനും മുൻ പ്രധാനമന്ത്രിയുമായ പുഷ്പ കമൽ ദഹാൽ പ്രചണ്ഡയും അന്തിമ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷവും അഞ്ച് പാർട്ടികളടങ്ങുന്ന തങ്ങളുടെ സഖ്യം തുടരുമെന്ന് ധാരണയായി.
നിലവിലെ ഫലങ്ങളിലും പുതിയ പാർട്ടികളുടെ ഉയർച്ചയിലും ഇരുവരും അതൃപ്തരാണ്. സർക്കാർ രൂപീകരണത്തിന് ഒരുമിച്ച് ചർച്ചകൾ നടത്താനും ഇരുവരും ധാരണയായെന്നാണ് വിവരം. പ്രചണ്ഡ ഇന്നലെ ദ്യൂബയുടെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി. ഭിന്നതകൾ മറന്ന് ഇടതുപാർട്ടികൾ ഒരുമിച്ച് സഖ്യം രൂപീകരിക്കണമെന്ന ആവശ്യവുമായി എതിരാളിയും സി.പി.എൻ - യു.എം.എല്ലിന്റെ നേതാവുമായ കെ.പി. ശർമ്മ ഒലി കഴിഞ്ഞ ദിവസം സമീപിച്ചതിന് പിന്നാലെയാണ് പ്രചണ്ഡ ദ്യൂബയുമായി ചർച്ച നടത്തിയത്.
അതേ സമയം, ഇതുവരെ ഫലം പ്രഖ്യാപിച്ച 152 സീറ്റിൽ 80 എണ്ണം ദ്യൂബയുടെ സഖ്യം നേടി. ശർമ്മ ഒലിയുടെ പ്രതിപക്ഷ സഖ്യം 47 സീറ്റുകൾ നേടി. കഴിഞ്ഞ ഞായറാഴ്ചയാണ് നേപ്പാളിൽ തിരഞ്ഞെടുപ്പ് നടന്നത്. നേപ്പാളി കോൺഗ്രസ് ഒറ്റയ്ക്ക് 51ഉം സി.പി.എൻ - യു.എം.എൽ 39ഉം സീറ്റ് നേടി. 275 അംഗ പാർലമെന്റിൽ 138 സീറ്റാണ് ഭൂരിപക്ഷത്തിന് വേണ്ടത്. പാർലമെന്റിലെ 165 സീറ്റിൽ നേരിട്ടും 110 എണ്ണത്തിൽ ആനുപാതിക പ്രാതിനിധ്യാടിസ്ഥാനത്തിലുമാണ് തിരഞ്ഞെടുപ്പ്.