ദോഹ : ആദ്യമത്സരത്തിൽ ഇറാനെതിരേ ആറാടിയ ഇംഗ്ളണ്ടുകാരെ പ്രതിരോധമതിലുകെട്ടി ഗോൾരഹിത സമനിലയിൽ തടുത്തുനിറുത്തി അമേരിക്ക.കഴിഞ്ഞ രാത്രി ഇംഗ്ലീഷ് മുന്നേറ്റങ്ങളെ നിർവീര്യമാക്കിയ അമേരിക്ക പ്രത്യാക്രമണങ്ങളിലും മിടുക്കുകാട്ടിയെങ്കിലും ഫിനിഷിംഗിൽ കൃത്യതയുണ്ടായില്ലെന്ന് മാത്രം. ക്രിസ്റ്റ്യൻ പുലിസിച്ചിന്റെ ഷോട്ട് ബാറിൽ തട്ടിത്തെറിച്ചതടക്കമുള്ള നിർഭാഗ്യവും അമേരിക്കയ്ക്ക് ഒപ്പമുണ്ടായിരുന്നു.
തുടക്കം മുതൽ ആക്രമണം അഴിച്ചുവിട്ട ഇംഗ്ലണ്ട് ഒമ്പതാം മിനിട്ടിൽ ആദ്യ അവസരവും സൃഷ്ടിച്ചു. സ്റ്റെർലിംഗും ബെല്ലിംഗ്ഹാമും സാക്കയും ചേർന്നുള്ള മുന്നേറ്റത്തിൽനിന്ന് ബോക്സിനുള്ളിലെ ഹാരി കേനിലേക്ക് പന്തെത്തിയെങ്കിലും ഷോട്ടുതിർക്കാനുള്ള അവസരം നൽകാതെ വാക്കർ സിമ്മർമാൻ അപകടമൊഴിവാക്കി.
ഇംഗ്ലണ്ട് പിന്നെയും ആക്രമണങ്ങൾ കടുപ്പിച്ചപ്പോൾ പിന്നോട്ടിറങ്ങി പ്രതിരോധിച്ച അമേരിക്ക കൗണ്ടർ അറ്റാക്കുകളിലൂടെ തിരിച്ചടിക്കാനും ശ്രമിച്ചു. ലോംഗ്പാസുകളിലൂടെ ഡിഫൻസിനെ മറികടക്കാനുളള ഇംഗ്ളീഷ് ശ്രമവും വിഫലമായി.
സാക്ക, മേസൺ മൗണ്ട്, ഹാരി കേൻ, ജൂഡ് ബെല്ലിംഗ്ഹാം എന്നിവർക്ക് പന്തുമായി ഓടിക്കയറാൻ അവസരം നൽകാതെ തടുക്കുകയായിരുന്നു അമേരിക്കൻ തന്ത്രം. ഇതോടെ ബോക്സിനുള്ളിൽ പന്തെത്തിക്കുക ഇംഗ്ലണ്ടിന് പ്രയാസമായി.ഇതിനിടയിൽ 26-ാം മിനിട്ടിൽ തിമോത്തി വിയയുടെ ക്രോസിൽ നിന്നുളള ചാൻസ് വെസ്റ്റേൺ മക്കെന്നി പുറത്തേക്കടിച്ചുകളഞ്ഞത് അമേരിക്കയ്ക്ക് തിരിച്ചടിയായി. 32-ാം മിനിട്ടിൽ മക്കെന്നിയും മൂസയും ചേർന്നുള്ള നീക്കത്തിനൊടുവിൽ പുലിസിച്ചിന്റെ ഷോട്ട് ബാറിലിടിച്ച് മടങ്ങിയത് ഇംഗ്ളണ്ടിന്
ജീവശ്വാസം നൽകി. ആദ്യപകുതി അവസാനിക്കാൻ നിമിഷങ്ങൾമാത്രം ശേഷിക്കേ മേസൺ മൗണ്ടിന്റെ ഷോട്ട് യു.എസ് ഗോളി മാറ്റ് ടർണർ രക്ഷപ്പെടുത്തുകയും ചെയ്തു. ഇതിന് തൊട്ടുമുമ്പായിരുന്നു ഇംഗ്ലണ്ടിന് ആദ്യ പകുതിയിലെ ഏറ്റവും മികച്ച അവസരം ലഭിച്ചത്. പക്ഷേ ലൂക്ക് ഷോ കട്ട്ബാക്ക് ചെയ്ത് നല്കിയ പന്ത് പോസ്റ്റിന് മുന്നിൽവെച്ച് സാക്കയ്ക്ക് വലയിലെത്തിക്കാനായില്ല.
രണ്ടാം പകുതിയിൽ മുന്നേറ്റത്തിൽ മുന്നിട്ടുനിന്നത് അമേരിക്കയായിരുന്നു. മാർക്കസ് റാഷ്ഫോർഡ്, ജോർദാൻ ഹെൻഡേഴ്സൺ, ജാക്ക് ഗ്രീലിഷ് തുടങ്ങിയ പകരക്കാരെ പരീക്ഷിച്ചെങ്കിലും അമേരിക്കൻ പ്രതിരോധമതിൽ തകർക്കാൻ അവർക്കായില്ല.
അമേരിക്കയോട് സമനില വഴങ്ങിയെങ്കിലും ബി ഗ്രൂപ്പിൽ നാല് പോയിന്റുമായി ഇംഗ്ലണ്ടാണ് ഒന്നാം സ്ഥാനത്ത്. മൂന്ന് പോയിന്റുള്ള ഇറാൻ രണ്ടാമതും രണ്ട് പോയിന്റുള്ള യു.എസ്.എ മൂന്നാം സ്ഥാനത്തുമാണ്. രണ്ട് മത്സരങ്ങളിൽ നിന്ന് ഒരു പോയിന്റ് മാത്രമുള്ള വെയ്ൽസ് അവസാന സ്ഥാനത്താണ്. 1 ലോകകപ്പിൽ ആദ്യമായാണ് അമേരിക്ക ഗോൾരഹിത സമനില വഴങ്ങുന്നത്. 2 ഈ ലോകകപ്പിൽ അമേരിക്കയുടെ രണ്ടാം സമനിലയാണിത്. ആദ്യ മത്സരത്തിൽ വേയ്ൽസിനോട് 1-1നായിരുന്നു സമനില. 12 ലോകകപ്പിൽ ഇംഗ്ളണ്ടിന്റെ പന്ത്രണ്ടാമത് സമനിലയാണിത്. ഇക്കാര്യത്തിൽ ഏറ്റവും മുന്നിലുള്ള ടീമും ഇംഗ്ളണ്ട് തന്നെ. ഗ്രൂപ്പ് ബിയിൽ ഇനി ബുധനാഴ്ച രാത്രി 12.30ന് ഇറാൻ അമേരിക്കയെയും ഇംഗ്ളണ്ട് വേയ്ൽസിനെയും നേരിടും.