SignIn
Kerala Kaumudi Online
Saturday, 20 April 2024 9.10 AM IST

കായികക്ഷമതാ മിഷൻ ലഹരിയെ പ്രതിരോധിക്കട്ടെ

photo

കാൽപന്തുകളിയുടെ വിശ്വമാമാങ്കത്തിന്റെ ആവേശത്തിലാണ് ലോകം. യുവജനത ലഹരിയിലേക്ക് വഴുതിപ്പോകാതിരിക്കാൻ കായികരംഗം വഴികാട്ടിയാകട്ടെ എന്ന് പ്രത്യാശിക്കാം. വരുംതലമുറയിലും യുവാക്കളിലും കായിക താത്‌പര്യങ്ങൾ വർദ്ധിപ്പിക്കുന്നതിലൂടെ ലഹരിയെന്ന സാമൂഹ്യവിപത്തിനെ അടർത്തി മാറ്റാനാവും. കേരളം ആവിഷ്‌കരിച്ച ആർദ്രം പദ്ധതിയിലൂടെ സർക്കാർ ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും മെച്ചപ്പെടുത്താനും രോഗികൾക്ക് സൗഹൃദപരമായ അന്തരീക്ഷം ഒരുക്കാനും സാധിച്ചതുപോലെ കായികക്ഷമതാ മിഷൻ പ്രവർത്തനങ്ങൾ ത്വരിതവേഗത്തിലാക്കി 'സേ നോ ടു ഡ്രഗ്‌സ് ' എന്ന ലഹരിവിരുദ്ധ പ്രചാരണത്തിന് കൂടുതൽ ശക്തിപകരാം.

കേരള സംസ്ഥാന സാക്ഷരതാ മിഷൻ മാതൃകയിൽ 'കായിക സാക്ഷരത' എന്ന ആശയം സംസ്ഥാനത്തെ എല്ലാ വിഭാഗം ജനങ്ങളിലും എത്തിക്കാനുള്ള പ്രവർത്തനങ്ങളാണ് കായിക ക്ഷമതാ മിഷൻ രൂപീകരണത്തിലൂടെ ഉദ്ദേശിച്ചിരുന്നത്. കായിക ക്ഷമതാ മിഷൻ രൂപീകരിച്ച് നടപ്പിലാക്കാൻ ചുമതലപ്പെട്ട കേരള സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ ഈ പദ്ധതിയുടെ കാലികപ്രസക്തി കണ്ടറിഞ്ഞ് കാര്യക്ഷമമായ പ്രചാരണ പ്രവർത്തനങ്ങളുമായി മുന്നോട്ടുവരണം. വിദ്യാഭ്യാസം, ആരോഗ്യം, തദ്ദേശസ്വയംഭരണം, കായികം എന്നീ വകുപ്പുകളുടെ പൂർണ ഏകോപനം ഈ പദ്ധതിയുടെ നടത്തിപ്പിന് അനിവാര്യമാണ്. പ്രീപ്രൈമറിതലം മുതൽ നാലാം ക്ലാസ് വരെയും അഞ്ചാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയും തുടർന്ന് ഉന്നതവിദ്യാഭ്യാസ മേഖലയിലെ വിദ്യാർത്ഥികളെയും യുവജന, തൊഴിൽരംഗത്ത് പ്രവർത്തിക്കുന്നവരെയും മുതിർന്ന പൗരന്മാരെയും ഉൾപ്പെടുത്തിക്കൊണ്ട് വളരെ ബൃഹത്തായ പദ്ധതിയാണ് ആസൂത്രണം ചെയ്യേണ്ടത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ മുഴുവൻ കുട്ടികളുടെയും ആരോഗ്യ കായികക്ഷമതാ നിർണയം നടത്തി പരിഹാര ബോധന പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള നിരന്തരവും സമഗ്രവുമായ കർമ്മപദ്ധതിയാണ് ആസൂത്രണം ചെയ്യേണ്ടത് .

സംസ്ഥാനത്തെ ഓരോ വിദ്യാർത്ഥിയിലൂടെയും ഈ വലിയ ലക്ഷ്യത്തിന്റെ സന്ദേശം ഓരോ വീടുകളിലും എത്തിക്കണം. ജനങ്ങൾക്കിടയിൽ മികച്ച ആരോഗ്യശീലങ്ങൾ രൂപപ്പെടുത്തുകയും ജീവിതചര്യയുടെ ഭാഗമായി വ്യായാമത്തിന് നിശ്ചിതസമയം കണ്ടെത്തുകയും ചെയ്യുന്നതിലൂടെ തെറ്റായ സ്വഭാവരീതികളും മനോഭാവങ്ങളും തിരുത്താനാകും. കുടുംബശ്രീ പ്രവർത്തകർ, ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികൾ,സന്നദ്ധ സംഘടനാ പ്രവർത്തകർ എന്നിവരുടെ പങ്കാളിത്തത്തോടെ പൊതുജനങ്ങളിലേക്കും ഇതിന്റെ ആശയം വ്യാപിപ്പിക്കണം. കായികാദ്ധ്വാനത്തിലൂടെ ആരോഗ്യം മെച്ചപ്പെടുത്തി നിത്യവരുമാനം കണ്ടെത്തി ജീവിതലഹരി ആസ്വദിക്കാമെന്ന സന്ദേശം ജനഹൃദയങ്ങളിൽ എത്തിക്കേണ്ടതുണ്ട്.

ആരോഗ്യമുള്ള ശരീരത്തിൽ മാത്രമേ ആരോഗ്യമുള്ള മനസുണ്ടാകൂ എന്ന വാചകം വളരെ പ്രസക്തമാണ്. ആരോഗ്യമുള്ള ജനത രാജ്യത്തിന്റെ സമ്പത്തായിട്ടാണ് പരിഗണിക്കപ്പെടുന്നത്. രോഗമില്ലാത്ത അവസ്ഥ എന്നതു മാത്രമല്ല ആരോഗ്യം, ഓരോ വ്യക്തിക്കും സമൂഹത്തിലെ ഒരംഗമായി ജീവിക്കാനും ദൈനംദിന ആവശ്യങ്ങൾ കൃത്യമായി നിറവേറ്റാനുമുള്ള കഴിവ് നേടുക എന്നതാണ് ഇതിലൂടെ അർത്ഥമാക്കുന്നത്. ജനങ്ങളുടെ ആരോഗ്യവും കായികക്ഷമതയും വർദ്ധിക്കുന്നതിലൂടെ സാമ്പത്തികവും സാമൂഹികവുമായ പുരോഗതിയുടെ ആക്കംകൂടുന്നുവെന്ന് പറയാം.

മികച്ച ആരോഗ്യവും കായികക്ഷമതയുമുള്ള വ്യക്തികൾ അവർ ഇടപെടുന്ന മേഖലകളിൽ സദാ കർമ്മനിരതരായിരിക്കും. ഇത് ഓരോ രംഗത്തിന്റെയും ഉത്പാദനക്ഷമത വർദ്ധിപ്പിക്കാനും വ്യക്തികളുടെ ആരോഗ്യപരിപാലന ചെലവുകൾ കുറയ്ക്കാനും സഹായിക്കും. സമൂഹത്തിൽ കായിക വിനോദങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ജനങ്ങളുടെ കഴിവുകളെ ഉയർന്ന നിലയിലേക്കെത്തിക്കാനും പൊതുവായ സൗഖ്യം നിലനിറുത്തി മുന്നോട്ട് പോകാനും സാധിക്കുന്നു. മൂല്യബോധവും അച്ചടക്കശീലവുമുള്ള പൗരനിർമിതിയും സാദ്ധ്യമാകും.


സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ എല്ലാ പഞ്ചായത്തുകളിലും സ്‌പോർട്‌സ് കൗൺസിലുകൾ രൂപീകരിക്കാനുള്ള പ്രവർത്തനങ്ങൾ വളരെ വിജയകരമായ രീതിയിൽ നടന്നുവരികയാണ്. ഇതിനായി നോഡൽ ഓഫീസർമാരെ നിയോഗിക്കുകയും മേൽനോട്ട ചുമതല പൂർണമായും പഞ്ചായത്ത് സെക്രട്ടറിമാർക്ക് നൽകുകയും ചെയ്തിട്ടുണ്ട്. കളിക്കളങ്ങളില്ലാത്ത പഞ്ചായത്തുകളിൽ പ്രത്യേക സ്ഥലം കണ്ടെത്തി അവ ഒരുക്കിക്കൊടുക്കുകയും കായികരംഗത്ത് അടിസ്ഥാന പശ്ചാത്തല സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുകയും ചെയ്യുന്നുണ്ട് . ഇത്തരം പ്രവർത്തനങ്ങളെല്ലാം നല്ല രീതിയിൽ ആസൂത്രണം ചെയ്തത് നടപ്പിലാക്കി വരുമ്പോൾ ഇതിനെല്ലാം ശക്തിപകരുന്ന തരത്തിൽ കായികക്ഷമതാ മിഷന്റെ പൂർണസമയ പ്രവർത്തനം ആവശ്യമാണ്.


(റിസർച്ച് ഓഫീസർ, എസ്.സി.ഇ.ആർ.ടി കേരളം.
ഫോൺ - 9846024102 )

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PHYSICAL FITNESS MISSION
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.