SignIn
Kerala Kaumudi Online
Friday, 19 April 2024 6.31 AM IST

'ഞങ്ങളും മനുഷ്യരാണ്, മറക്കരുത്!' ആക്രമണത്തിന്റെ ഭയപ്പാട് മാറാതെ പൊലീസുകാർ

തിരുവനന്തപുരം: ഞായറാഴ്ച രാത്രിയിലെ വിഴിഞ്ഞം പൊലീസ് സ്റ്റേഷനു നേരെയുണ്ടായ ആക്രമണത്തെക്കുറിച്ചോർക്കുമ്പോൾ വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലെ ചില പൊലീസുകാർക്കെങ്കിലും രോക്ഷം വരും. ഞങ്ങളും മനുഷ്യരാണ്, മറക്കരുത്! എന്നാണ് കൈയിൽ കിട്ടിയതൊക്കെ എടുത്ത് തങ്ങൾക്ക് നേരെ ചീറിയടുത്തവരോട് അവർക്കു പറയാനുള്ളത്. ശനിയാഴ്ച പദ്ധതി പ്രദേശത്ത് അക്രമം അഴിച്ചുവിട്ടവർക്കെതിരെ പൊലീസ് സംയമനം പാലിച്ചിരുന്നു. എന്നിട്ടും പ്രതിഷേധക്കാർ പൊലീസ് സ്റ്റേഷൻ ആക്രമിക്കുകയായിരുന്നു.

ആന കയറിയിറങ്ങിയ കരിമ്പിൻകാടു പോലെയായിരുന്നു ഇന്നലെ രാവിലെ വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ. ഞായറാഴ്‌ച നടന്ന ആക്രമണത്തിന്റെ ഭയത്തിൽ നിന്ന് പല പൊലീസ് ഉദ്യോഗസ്ഥരും മുക്തരായിരുന്നില്ല. സംഘർഷസമയത്ത് സമരസമിതി പ്രവർത്തകർ പൂട്ടിയിട്ട വനിതാ പൊലീസുകാർ ഉൾപ്പെടെയുള്ളവർ രാവിലെ മുതൽ ഡ്യൂട്ടിയിൽ സജീവമായിരുന്നു. അമ്പതോളം പൊലീസുകാരാണ് സ്റ്റേഷനുള്ളിലും പരിസരത്തുമായി നിലയുറപ്പിച്ചിരുന്നത്. സ്റ്റേഷന് മുന്നിലെ ബോർഡടക്കം കീറിയെറിഞ്ഞിരുന്നു. തകർത്ത നാല് ജീപ്പുകൾ സ്റ്റേഷൻ പരിസരത്തും രണ്ട് വാനുകൾ റോഡിലുമുണ്ടായിരുന്നു. സ്റ്റേഷന് മുൻവശം മുതൽ ബസ് സ്റ്റാൻഡ് പരിസരം വരെ ബീയർ കുപ്പികൾ പൊട്ടിച്ച് അപകടമുണ്ടാക്കുന്ന തരത്തിൽ സമരക്കാർ വിതറിയിരുന്നു. നഗരസഭാ ജീവനക്കാരെത്തിയാണ് മാറ്റിയത്.സ്റ്റേഷനിൽ നിന്ന് പുറത്തേക്കെറിഞ്ഞ കമ്പ്യൂട്ടറടക്കമുളള ഉപകരണങ്ങൾ അതിരാവിലെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ടോയ്‌ലെറ്റ്,വനിതാ ഹെൽപ്പ് ‌ഡെസ്‌ക്ക്,റിസപ്ഷൻ,സി.ഐ ഓഫീസ് ഉൾപ്പെടെ സ്ഥിതി ചെയ്യുന്നിടങ്ങളിലെ ജനാലകൾ തക‌ർന്ന നിലയിലായിരുന്നു. സ്റ്റേഷനോട് ചേർന്ന് നിർമ്മാണം നടക്കുന്ന പുതിയ കെട്ടിടത്തിലെ തടിക്കഷണങ്ങളും ചുടുകട്ടകളും കരിങ്കല്ലുകളും ഉപയോഗിച്ചാണ് സ്റ്റേഷനിൽ ആക്രമണം നടത്തിയത്. അവശിഷ്‌ടങ്ങൾ പലയിടത്തായി ചിതറിക്കിടക്കുന്നുണ്ടായിരുന്നു. വാട്ടർ പ്യൂരിഫയറടക്കം തകർന്ന നിലിയിലായിരുന്നു. ഫോറൻസിക് സംഘം സ്റ്റേഷനിലും പരിസരപ്രദേശങ്ങളിലും പരിശോധന നടത്തി. ഉച്ചയ്ക്ക് 12.15ന് എത്തിയ ഡി.സി.പി വി.അജിത്തും സിറ്റി പൊലീസ് കമ്മിഷണർ സ്‌പർജൻ കുമാറും ഒരു മണിക്കൂറോളം സ്റ്റേഷനരികിൽ ചെലവഴിച്ചു. വിഴിഞ്ഞം എസ്.എച്ച്.ഒ പ്രജീഷ് ശശിയോട് അടക്കം സംസാരിച്ച് കൃത്യമായ ക്രമീകരണം ഏർപ്പെടുത്തിയാണ് ഇരുവരും മടങ്ങിയത്.സംഭവമറിഞ്ഞ് സ്റ്റേഷനിലേക്കെത്തിയ ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണർ ഷാജി സഞ്ചരിച്ചിരുന്ന കരമന സ്റ്റേഷനിലെ പുതിയ വാഹനമാണ് സമരക്കാർ തകർത്തത്. മത്സ്യത്തൊഴിലാളികൾ ഇന്നലെ രാവിലെ പൂന്തുറ സ്റ്റേഷനിലേക്ക് ഉപരോധപ്രകടനം നടത്തിയെങ്കിലും കാര്യമായ പ്രശ്‌നമുണ്ടായില്ല.

ഭീതിയോടെ വ്യാപാരികൾ

പരിസരപ്രദേശങ്ങളിലെ ഭൂരിപക്ഷം കടകളും ഇന്നലെ അടച്ചിട്ടു. ചില കടകൾ മാത്രം സമരാനുകൂലികൾ തെരഞ്ഞുപിടിച്ച് ആക്രമിച്ചെന്നാണ് ആക്ഷേപം. സംഘർഷം ഭയന്ന് ഷട്ടറിട്ട കടകളുടെ പൂട്ടുകൾ പലതും പൊട്ടിച്ചു. സ്റ്റേഷന് സമീപത്തുള്ള തട്ടുകടയിലെ കസേരകൾ നശിപ്പിച്ചു. ടിയർ ഗ്യാസ് പൊട്ടിച്ചതിന്റെ അസ്വസ്ഥതകളും പല വ്യാപാരികളും പങ്കുവച്ചു. ഇനി സംഘർഷമുണ്ടായാൽ സംഘടിച്ച് ചെറുക്കാനാണ് ഇവരുടെ തീരുമാനം.

ആനവണ്ടികൾക്കും കിട്ടി കല്ലേറ്

ഞായറാഴ്‌ച രാത്രി വിഴിഞ്ഞം ബസ് സ്റ്റാൻഡിൽ നിന്ന് കാട്ടാക്കടയിലേക്ക് പുറപ്പെടാനിരുന്ന കെ.എസ്.ആർ.ടി.സി ബസിന് നേരെ നടന്ന ആക്രമണത്തിൽ മുൻവശത്തെ ചില്ലുകൾ തകർന്നു. പൂവാർ ഡിപ്പോയിലെ ബസിനുനേരെയും ആക്രമണമുണ്ടായി. സംഘർഷവിവരം ലഭിച്ചതിനെത്തുടർന്ന് രാത്രി വൈകി വിഴിഞ്ഞം ഡിപ്പോയിലേക്ക് വന്നുകൊണ്ടിരുന്ന ബസുകൾ പിന്നീട് പാപ്പനംകോട് ഡിപ്പോയിലേക്ക് വഴിതിരിച്ചുവിട്ടു.

ഇന്നലെ രാവിലെ 9 മണി വരെ ഡിപ്പോയിൽ നിന്ന് കെ.എസ്.ആർ.ടി.സി ദീർഘദൂര സർവീസ് നടത്തിയില്ല. വിദ്യാർത്ഥികളും ജീവനക്കാരും രാവിലെ ബസ് കിട്ടാതെ വലഞ്ഞു.

റോഡ് അടച്ചും പ്രതിഷേധം

മത്സ്യബന്ധന തുറമുഖത്തേക്കുളള റോഡിനു കുറുകെ വളളം കൊണ്ടിട്ടാണ് സമരാനുകൂലികൾ ഗതാഗതം മുടക്കിയത്. ഇതെടുത്ത് മാറ്റാൻ പൊലീസ് തയ്യാറായില്ല. ഞായറാഴ്ച രാത്രി കൊണ്ടുവന്ന വളളം റോഡിലിട്ട് കത്തിക്കാനായിരുന്നു പദ്ധതി.എന്നാൽ ടിയർ ഗ്യാസ് പ്രയോഗിച്ച് പൊലീസ് ലാത്തി വീശിയതോടെ സമരക്കാർ പിൻവാങ്ങുകയായിരുന്നു.

പരിക്കേറ്റവരെ സന്ദർശിച്ച് ആനാവൂർ

സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ മുല്ലൂരിൽ കല്ലേറിലും ആക്രമണത്തിലും പരിക്കേറ്റവരുടെ വീടുകൾ സന്ദർശിച്ചു. കോവളം ഏരിയ സെക്രട്ടറി പി.എസ്.ഹരികുമാർ,ജില്ലാകമ്മിറ്റി അംഗം പി.രാജേന്ദ്രകുമാർ,ഏരിയ കമ്മിറ്റി അംഗം എ.ജെ.സുക്കാർണോ,സി.പി.എം ഏരിയ കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറിയുമായ ശിജിത്ത് ശിവസ്,വിഴിഞ്ഞം ലോക്കൽ സെക്രട്ടറി യു.സുധീർ ഉൾപ്പെടെയുള്ളവർ ആനാവൂരിനൊപ്പമുണ്ടായിരുന്നു. ഇന്നലെയും പദ്ധതി പ്രദേശത്ത് തുറമുഖ വിരുദ്ധ-അനുകൂല സമരങ്ങൾ സമാധാനപരമായി നടന്നു.

സർക്കാർ പരാജയപ്പെട്ടെന്ന് കോൺഗ്രസ്

വിഴിഞ്ഞത്ത് ക്രമസമാധാനം ഉറപ്പുവരുത്തുന്നതിൽ പരാജയപ്പെട്ട സർക്കാർ ഒഴിയണമെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽസെക്രട്ടറിമാരായ ലെഡ്‌ഗർ ബാവയും സേവ്യർ ലോപ്പസും ആവശ്യപ്പെട്ടു. ഭരണസിരാ കേന്ദ്രത്തിന്റെ മൂക്കിനുതാഴെ ഗുരുതരമായ ക്രമസമാധാന പ്രശ്‌നം ഉണ്ടായിട്ടും അതിൽ ഇടപെടാതെ മുഖം തിരിഞ്ഞുനിൽക്കുന്ന ജില്ലയിലെ മന്ത്രിമാർക്ക് സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും നേതാക്കൾ കുറ്റപ്പെടുത്തി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.