SignIn
Kerala Kaumudi Online
Friday, 29 March 2024 2.47 PM IST

സർക്കാർ ജോലി യൂണിയനുകൾ നൽകുന്നതോ ?

opnion

സർക്കാർ ജോലി ആരാണ് മോഹിക്കാത്തത് ? ജോലി നേടണമെന്ന് നിശ്ചയദാർഢ്യമുള്ളവർ കോച്ചിംഗ് ക്ളാസുകൾക്ക് പോയി പഠിച്ച് പി.എസ്.സി ടെസ്റ്റ് എഴുതി റാങ്ക് പട്ടികയിൽ ഇടംപിടിക്കും. നിയമനം ഉറപ്പായവരുടെ സന്തോഷം ചെറുതല്ല. കഠിനാദ്ധ്വാനത്തിന്റെ ഫലം നിയമന ഉത്തരവായി കയ്യിൽ കിട്ടുന്നതാണ് ഉദ്യോഗാർത്ഥിയുടെ ജീവിതത്തിലെ വലിയ ആഹ്ളാദം. എൽ.ഡി ക്ളാർക്ക് റാങ്ക് പട്ടികയിൽ മുന്നിലെത്തിയവർ ജില്ലാ കളക്ടർ ഒപ്പിട്ട നിയമന ഉത്തരവ് കാത്തിരിക്കുന്ന സമയമാണിത്. തപാലിൽ വീട്ടിൽ ലഭിക്കുന്ന ഉത്തരവുമായി അടുത്ത ദിവസം ജോലിയിൽ പ്രവേശിക്കാനുള്ള തയ്യാറെടുപ്പിലാണ് ഉദ്യോഗാർത്ഥികൾ. അങ്ങനെയിരിക്കെ, ഒരു ദിവസം രണ്ട് എൽ.ഡി ക്ളാർക്ക് ഉദ്യോഗാർത്ഥികൾക്ക് ജീവനക്കാരുടെ സംഘടനാ നേതാവ് നിയമന ഉത്തരവ് കൈമാറിയത് പത്തനംതിട്ടയിൽ വലിയ വിവാദമായി . കളക്ടറേറ്റിലെ സീക്രട്ട് സെക്‌ഷൻ ജീവനക്കാർ കൈകാര്യം ചെയ്യേണ്ട നിയമന ഉത്തരവ് ഇടത് അനുകൂല സംഘടനയായ ജോയിന്റ് കൗൺസിലിന്റെ നേതാവ് കൈമാറിയത് ചട്ടലംഘനമായി ഉയർത്തിക്കാട്ടിയിരിക്കുകയാണ് പ്രതിപക്ഷ സംഘടനകൾ. ഗൗരവമായ വിഷയമാണിത്. ജില്ലാ കളക്ടറുടെ ഒാഫീസിലെ സീക്രട്ട് സെക്‌ഷനിലെ ജീവനക്കാർ ഓരോ ഫയലുകളും സുരക്ഷാ പ്രാധാന്യത്തോടെ കൈകാര്യം ചെയ്യേണ്ടവരാണ്. സെക്‌ഷനിലെ കമ്പ്യൂട്ടർ പാസ് വേർഡുകൾ അതീവ രഹസ്യമായി സൂക്ഷിക്കേണ്ടതുമാണ്. പക്ഷേ, പത്തനംതിട്ട കളക്ടറേറ്റിൽ ഇതിനൊന്നും വലിയ പ്രാധാന്യം കൽപ്പിക്കുന്നില്ല എന്നതാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ചട്ടലംഘനങ്ങൾ സൂചിപ്പിക്കുന്നത്.

ആർക്കും ചോർത്താമോ

കളക്ടറേറ്റിലെ ഫയലുകൾ?

കളക്ടറുടെ ഒാഫീസിൽ രഹസ്യമായും സുരക്ഷാ പ്രാധാന്യത്തോടെയും കൈകാര്യം ചെയ്യേണ്ട ഏതു ഫയലും ആർക്കും ചോർത്തിയെടുക്കാം എന്ന സ്ഥിതി വന്നിരിക്കുന്നു. സീക്രട്ട് സെക്‌ഷനിൽ നിന്ന് തപാലിൽ ഉദ്യോഗാർത്ഥികളുടെ മേൽവിലാസത്തിൽ എത്തിക്കേണ്ട ഉത്തരവ് എങ്ങനെ ജോയിന്റ് കൗൺസിൽ നേതാവിന് ലഭിച്ചു എന്നത് വലിയ ചട്ടലംഘനമായി. നിയമന ഉത്തരവ് സീക്രട്ട് സെക്‌ഷനിൽ നിന്ന് ചോർത്തിയ നേതാവ് തന്റെ ഫോണിൽ നിന്ന് വാട്സാപ്പ് വഴി ഉദ്യോഗാർത്ഥികൾക്ക് അയച്ചു കൊടുക്കുകയായിരുന്നു. ഉത്തരവ് വാട്സാപ്പിൽ ലഭിച്ച ഉദ്യോഗാർത്ഥികൾ പ്രിന്റൗട്ടുമായി അടൂർ താലൂക്ക് ഒാഫീസിൽ ജോലിയിൽ പ്രവേശിച്ചു. ഗുരുതരമായ ഇൗ ചട്ടലംഘനം ജില്ലാ കളക്ടർ അറിഞ്ഞത് പ്രതിപക്ഷ സംഘടനാ നേതാക്കൾ പ്രതിഷേധവുമായി കളക്ടറെ ഉപരോധിച്ചപ്പോഴാണ്. നിയമന ഉത്തരവ് ചോർത്തിയത് ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറിയാണെന്ന് പുറംലോകം അറിഞ്ഞത് ആ സംഘടനയ്ക്കുള്ളിൽ നേതാക്കൾ തമ്മിൽ നിലനിൽക്കുന്ന രൂക്ഷമായ പടലപ്പിണക്കത്തിൽ നിന്നാണ്. സംഘടനാ തിരഞ്ഞെടുപ്പിലുണ്ടായ തർക്കത്തെത്തുടർന്ന് തക്കം പാർത്തിരുന്ന ഒരു വിഭാഗം ജില്ലാ സെക്രട്ടറിക്ക് പണി കൊടുത്തതാണത്രേ. സീക്രട്ട് സെക്‌ഷനിലെ ജീവനക്കാരനിൽ നിന്ന് കമ്പ്യൂട്ടർ പാസ് വേർഡ് മനസിലാക്കി മറ്റൊരു ജീവനക്കാരന്റെ സഹായത്തോടെയാണ് നേതാവ് നിയമന ഉത്തരവ് ചോർത്തിയതെന്നാണ് പുറത്തു വന്നിരിക്കുന്ന വിവരം.

വിഷയത്തിന്റെ ഗൗരവം മനസിലാക്കിയ കളക്ടർ അന്വേഷണത്തിന് ഉത്തരവിട്ടു. തിരുവല്ല സബ് കളക്ടർക്കാണ് അന്വേഷണച്ചുമതല. സെക്‌ഷനിലെ ഏതാനും ജീവനക്കാരുടെയും നിയമനം ലഭിച്ചവരുടെയും മൊഴി രേഖപ്പെടുത്തിയെങ്കിലും ആരോപണ വിധേയരായ നേതാക്കളെ മാത്രം ചോദ്യം ചെയ്തില്ല.

റവന്യൂ വകുപ്പ് ഭരിക്കുന്നത് സി.പി.ഐയാണ്. ആ പാർട്ടിക്കാരായ ജീവനക്കാരുടെ സംഘടനയായ ജോയിന്റ് കൗൺസിലിന്റെ നേതാവാണ് നിയമന ഉത്തരവ് ചോർത്തി ഉദ്യോഗാർത്ഥിക്ക് നൽകിയതെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. അന്വേഷണം നടത്തുന്നത് കളക്ടർക്ക് കീഴിലുള്ള സബ് കളക്ടറും. ആരോപണ വിധേയരായ നേതാക്കൾ കളക്ടറേറ്റിൽ ജോലിയിൽ തുടരുകയാണ്. അതുകൊണ്ട് അന്വേഷണം എത്രത്തോളം നീതിയുക്തമാകുമെന്ന് പരക്കെ സംശയം ഉയർന്നിട്ടുണ്ട്. പ്രതിപക്ഷ സംഘടനകളായ എൻ.ജി.ഒ സംഘും എൻ.ജി.ഒ അസോസിയേഷനും ഇൗ ആശങ്ക ജില്ലാ കളക്ടറെ അറിയിച്ചിട്ടുണ്ട്.

ചട്ടം ലംഘിച്ച് നിയമന ഉത്തരവ് വാട്സാപ്പിലൂടെ ഉദ്യോഗാർത്ഥികൾക്ക് കൈമാറിയതിന് പിന്നിൽ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടെന്നും സംഘടനകൾ ആരോപിക്കുന്നു. ഉദ്യോഗാർത്ഥികൾക്ക് നിയമനം ലഭിച്ചത് വീടുകൾക്ക് അടുത്താണ് എന്നതു കൊണ്ടാണ് ഇങ്ങനെയും ആക്ഷേപം ഉയർന്നത്.

വില കുറഞ്ഞ തന്ത്രം

പുതിയതായി സർക്കാർ നിയമനം ലഭിക്കുന്നവരെ തങ്ങളുടെ സംഘടനയിൽ ചേർക്കാൻ ജീവനക്കാരുടെ വിവിധ സംഘടനാ നേതാക്കൾ രംഗത്തു വരാറുണ്ട്. അതിന്റെ ഭാഗമായിട്ടാണ് ജോയിന്റ് കൗൺസിൽ നേതാവ് നിയമന ഉത്തരവ് ചോർത്തി അതിബുദ്ധി കാണിച്ചതെന്ന് കരുതാം. ഒാരോ സംഘടനക്കാരും ഇങ്ങനെ തുനിഞ്ഞാലോ?. അദ്ധ്വാനിച്ചു പഠിച്ചതു കൊണ്ടല്ല, തങ്ങളാണ് നിങ്ങൾക്ക് ജോലി നൽകിയതെന്ന് വരുത്തിത്തീർക്കാനുള്ള വില കുറഞ്ഞ തന്ത്രങ്ങളാണ് യൂണിയൻ നേതാക്കൾ പയറ്റുന്നത്.

നിയമന ഉത്തരവ് ചോർന്നതിന്റെ പ്രാഥമിക ഉത്തരവാദിത്വം ജില്ലാ കളക്ടർക്കാണ്. കളക്ടറേറ്റിലെ സീക്രട്ട് സെക്‌ഷനിൽ കയറി ആർക്കും ഫയലുകൾ പൊക്കാമെന്നത് ഭരണസംവിധാനം കുത്തഴിഞ്ഞതിന്റെ പ്രത്യക്ഷ തെളിവാണ്. കളക്ടറേറ്റിലെ ഭരണം കളക്ടർക്കല്ല, ഭരണകക്ഷി നേതാക്കളുടെ കൈയിലാണെന്ന് ആക്ഷേപം ഉന്നയിക്കുന്നവരെ കുറ്റപ്പെടുത്താനാവില്ല. സ്വാധീനവും പണവും ഉണ്ടെങ്കിൽ കളക്ടറേറ്റിലെ ഏതു ഫയലുകളും പുറത്തേക്കും പറക്കുമെന്ന സ്ഥിതി വന്നാൽ അപകടകരമായ പ്രത്യാഘാതമുണ്ടാകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GOVT JOB AND POLITICAL INFLUENCE
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.