മത്സര ഇനങ്ങൾ - 138
വിദ്യാർത്ഥികൾ - 6500
അഞ്ചൽ: അറുപത്തിയൊന്നാമത് റവന്യൂ ജില്ലാ കലോത്സവത്തിന് അഞ്ചുചൊല്ലിന്റെ നാട്ടിൽ കൊടിയേറി. ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ കെ.എസ്.ലാൽ പതാക ഉയർത്തി.
ചടങ്ങിൽ അഞ്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ബൈജു, ജില്ലാ പഞ്ചായത്ത് അംഗം കെ.അംബികാകുമാരി, ഗ്രാമപഞ്ചായത്ത് അംഗം അഖിൽ രാധാകൃഷ്ണൻ, സ്വാഗത സംഘം ജോ. ജനറൽ കൺവീനർ അനസ് ബാബു തുടങ്ങിയവർ പങ്കെടുത്തു.
ഔദ്യോഗിക ഉദ്ഘാടനം ഇന്ന് രാവിലെ 9.30ന് മന്ത്രി കെ.എൻ.ബാലഗോപാൽ നിർവഹിക്കും. സ്വാഗതസംഘം ചെയർമാൻ പി.എസ്.സുപാൽ എം.എൽ.എ അദ്ധ്യക്ഷനാകും. കലാമത്സരങ്ങളുടെ ഉദ്ഘാടനം മന്ത്രി ജെ.ചിഞ്ചുറാണി നിർവഹിക്കും.
ജില്ലയിലെ എം.പി.മാർ, എം.എൽ.എമാർ, മറ്റ് ജനപ്രതിനിധികൾ, ജില്ലാകളക്ടർ, റൂറൽ എസ്.പി തുടങ്ങിയവർ പങ്കെടുക്കും. മേളയുടെ നടത്തിപ്പിന് പന്ത്രണ്ട് സബ് കമ്മിറ്റികൾ രൂപീകരിച്ചു. പി.എസ്.സുപാൽ എം.എൽ.എ ചെയർമാനായി ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ കെ.എസ്.ലാൽ ജനറൽ കൺവീനറുമായ സ്വാഗതസംഘമാണ് നേതൃത്വം നൽകുന്നത്.
കലോത്സവത്തിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് മൂന്ന് നേരവും ഭക്ഷണം ഒരുക്കിയിരിക്കുന്നത് അഞ്ചൽ അൽ അമാൻ ഓഡിറ്റോറിയത്തിലാണ്. വാഹന സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. പ്രധാന നടത്തിപ്പ് കേന്ദ്രമായ അഞ്ചൽ ഈസ്റ്റ് സ്കൂൾ ഉൾപ്പെടെ പന്ത്രണ്ട് വേദികളാണ് സജ്ജമാക്കിയിട്ടുള്ളത്.
138 മത്സര ഇനങ്ങളിലായി 6500 ഓളം വിദ്യാർത്ഥികളാണ് പങ്കെടുക്കുന്നത്. ഡിസംബർ 2ന് വൈകിട്ട് 5ന് നടക്കുന്ന സമാപന സമ്മേളനം പി.എസ്.സുപാൽ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം.കെ.ഡാനിയേൽ അദ്ധ്യക്ഷനാകും. എം.നൗഷാദ് എം.എൽ.എ, മുൻ മന്ത്രി കെ.രാജു, കശുഅണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |