പാലക്കാട്: സംസ്ഥാനത്ത് സർക്കാർ ഔട്ട് ലെറ്റുകളായ ബെവ്‌കോയിലും കൺസ്യൂമർ ഫെഡിലും പോപ്പുലർ ബ്രാൻഡ് മദ്യത്തിന് ക്ഷാമം. ഹെർക്കുലീസ്, ഹണീബി, ഓൾഡ് മങ്ക്, ഒ.സി.ആർ, എം.സി.ബി, വൈറ്റ് മിസ് ചീഫ് തുടങ്ങി സാധാരണ ബ്രാൻഡുകൾക്കാണ് ക്ഷാമം. വിൽപ്പനയ്ക്കുള്ളതാകട്ടെ, തീരെ ചാത്തൻ ബ്രാൻഡുകളും വൻ വിലയുള്ളവയും മാത്രം. ഇതോടെ ഉപഭോക്താക്കളും ജീവനക്കാരും തമ്മിൽ പലയിടങ്ങളിലും വാക്കേറ്റവും പതിവാണ്. സ്പിരിറ്റിന് (ഇ.എൻ.എ) വില വർദ്ധിച്ചതോടെ മദ്യക്കമ്പനികൾ ഉല്പാദനം കുറച്ചതാണ് പ്രതിസന്ധിക്ക് കാരണം.
വാർഷിക വില്പന അനുസരിച്ച് സർക്കാർ നികുതി ഏർപ്പെടുത്തിയതോടെ പ്രമുഖ ബ്രാൻഡഡ് കമ്പനികൾ സർക്കാർ ഔട്ട് ലെറ്റുകൾക്ക് മദ്യം കൊടുക്കാത്തത് പ്രതിസന്ധി ഇരട്ടിയാക്കി. മഹാരാഷ്ട്ര, പഞ്ചാബ്, കർണാടക സംസ്ഥാനങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് പ്രധാനമായും സ്പിരിറ്റ് എത്തുന്നത്. സ്പിരിറ്റ് വരവ് കുറഞ്ഞതോടെ ചെറുകിട കമ്പനികൾ ഉല്പാദനം 60 ശതമാനത്തോളം കുറച്ചു.
ഇതോടെ, വില കുറഞ്ഞ മദ്യത്തിന് ബെവ്‌കോ ഔട്ട് ലെറ്റുകളിൽ മാസങ്ങളായി ക്ഷാമം നേരിടുകയാണ്. അര ലിറ്ററിനു ശരാശരി 400 500 രൂപ വരെയുള്ള ബ്രാൻഡുകളാണ് ഇല്ലാത്തത്. 180 230 രൂപ വില വരുന്ന ക്വാർട്ടർ മദ്യം ഔട്ട് ലെറ്റിൽ എത്തിയിട്ട് അഞ്ചുമാസമായെന്നാണ് ആധികൃതർ പറയുന്നത്.
ജവാനും ഇല്ല
സർക്കാരിന്റെ സ്വന്തം ബ്രാൻഡായ ജവാനും ഔട്‌ലെറ്റുകളിൽ എത്തുന്നില്ല. പ്രീമിയം ഇനത്തിലെ കുറഞ്ഞ ബ്രാൻഡിന് പോലും ലിറ്ററിന് 1000 രൂപയ്ക്ക് മുകളിൽ നൽകണം. ബവ്‌കോ ഔട്‌ലെറ്റുകളിൽ മാത്രമല്ല ബാറുകളിലും വില കുറഞ്ഞ മദ്യം കിട്ടാനില്ല. അതേ സമയം ഷോപ്പുകളിൽ കെട്ടിക്കിടന്ന പ്രീമിയം ബ്രാൻഡുകളുടെ വിൽപന കൂടി. ഇതിലൂടെ കോർപറേഷന്റെ വരുമാനം വർദ്ധിച്ചെന്നാണ് അധികൃതരുടെ വിശദീകരണം.
പ്രതിസന്ധി രൂക്ഷം
മദ്യ കമ്പനികൾ പോപ്പുലർ ബ്രാൻഡുകൾ നൽകാതായിട്ട് മാസങ്ങളായി. ഗോഡൗണുകളിൽ സ്റ്റോക്ക് ചെയ്ത മദ്യം തീർതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. സാധനമില്ലായ്മയ്ക്ക് പുറമേ വാക്കേറ്റവും ബഹളവും കാരണം പല ഔട്ട്‌ലെറ്റുകളും അടച്ചുപൂട്ടേണ്ട അവസ്ഥയിലാണിപ്പോഴെന്ന് ബിവറേജസ് ജീവനക്കാർ പറയുന്നു.