തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ ഇനി മുതൽ ഐസിയുവിലും വാർഡിലും കൂട്ടിരിപ്പിനായി ഒരാളെ മാത്രമേ അനുവദിക്കുകയുള്ളു എന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. മെഡിക്കൽ കോളേജിലെ ന്യൂറോസർജറി ഐസിയുവിൽ വെച്ച് വനിതാ ഡോക്ടറിന് മർദ്ദനമേറ്റു എന്ന പരാതിയ്ക്ക് പിന്നാലെയാണ് പുതിയ സുരക്ഷാ പരിഷ്കരണം നടപ്പിലാക്കുന്നത്. കൂടുതൽ പരിചാരകരെ ആവശ്യമുള്ള പക്ഷം ഡോക്ടറുടെ നിർദേശാനുസരണം ഒരാളെ കൂടി പാസ് വഴി അധികമായി അനുവദിക്കാവുന്നതാണെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.
ആശുപത്രിയിലെ സന്ദർശനസമയം വൈകുന്നേരം 3.30 മുതൽ 5.30 വരെ വരെയാണ്. മെഡിക്കൽ കോളേജിലെ ഐസിയുവിലുണ്ടായ സംഭവം പരിശോധിച്ച ശേഷം മന്ത്രി വിളിച്ചു ചേര്‍ത്ത പൊലീസിന്റേയും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റേയും പിജി ഡോക്ടര്‍മാരുടേയും യോഗത്തിലാണ് തീരുമാനങ്ങൾ അറിയിച്ചത്. അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങൾ ശ്രദ്ധയിൽപ്പെടുത്തുന്നതിന് പോലീസ് എയ്ഡ് പോസ്റ്റിലുള്ള പോലീസിന്റേയും സെക്യൂരിറ്റി ചീഫിന്റേയും നമ്പരുകള്‍ എല്ലാ ജീവനക്കാര്‍ക്കും ലഭ്യമാക്കുന്നതാണ്. കൂടാതെ അലാറം സംവിധാനം നടപ്പിലാക്കാനും തീരുമാനമായിട്ടുണ്ട്.
ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണങ്ങളില്‍ ശക്തമായ നടപടി സ്വീകരിക്കും. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ആഭ്യന്തര വകുപ്പിന്റെ സഹകരണത്തോടെ പൊലീസ് ഔട്ട് പോസ്റ്റ് രൂപീകരിക്കാന്‍ നടപടി സ്വീകരിക്കും. ഇതിലൂടെ ആശുപത്രികളിലെ ക്രമസമാധാന പ്രശ്നങ്ങളും മെഡിക്കോ ലീഗല്‍ കേസുകളും കൈകാര്യം ചെയ്യുന്നതിനും ഉടന്‍ തന്നെ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുന്നതിനും സാധിക്കും. ഇതിനായുള്ള നടപടികള്‍ സ്വീകരിക്കാനും മന്ത്രി നിര്‍ദേശം നല്കി.