ബ്രഹ്മാണ്ഡ ചലച്ചിത്രം അവതാറിന്റെ രണ്ടാം ഭാഗത്തിന്റെ റിലീസിന് വിലക്കില്ലെന്ന് കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ. സംഘടനയ്ക്ക് കീഴിലെ തിയേറ്ററുകളിൽ ചിത്രം തടസങ്ങളൊന്നുമില്ലാതെ തന്നെ പ്രദർശിപ്പിക്കുമെന്ന് ലിബർട്ടി ബഷീർ അറിയിച്ചു. നേരത്തേ 'അവതാർ- ദ വേ ഒഫ് വാട്ടർ' കേരളത്തിൽ റിലീസ് ചെയ്യില്ലെന്ന് തീയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക് അറിയിച്ചിരുന്നു ഇതിന് പിന്നാലെയാണ് ലിബർട്ടി ബഷീർ പ്രസ്താവന നടത്തിയിരിക്കുന്നത്.
ചിത്രത്തിന്റെ വിതരണക്കാർ കൂടുതൽ തുക ചോദിക്കുന്നു എന്ന പേരിലാണ് ഫിയോക് ചിത്രം ബഹിഷ്കരിക്കുന്നതായി അറിയിച്ചത്. അവതാറിന്റെ അണിയറ പ്രവർത്തകർ തിയേറ്റർ കളക്ഷന്റെ 60 ശതമാനം ആവശ്യപ്പെട്ടു എന്നും ഫിയോക് അധികൃതർ ആരോപിച്ചിരുന്നു. ഫിയോക്കിന്റെ പ്രതികരണത്തിന് പിന്നാലെ ആരാധകർ വർഷങ്ങളായി കാത്തിരുന്ന ചിത്രത്തിന്റ റിലീസ് തന്നെ ആശങ്കയിലായിരുന്നു.
ഡിസംബർ 16നാണ് ചിത്രത്തിന്റെ റിലീസ്. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ആറ് ഭാഷകളിലാണ് ചിത്രത്തിന് ഇന്ത്യയിൽ റിലീസ് നിശ്ചയിച്ചിരുന്നത്. 1832 കോടി രൂപയാണ് ചിത്രത്തിന്റെ നിർമാണ ചെലവ്. 2009ൽ റിലീസ് ചെയ്ത അവതാറിന്റെ ആദ്യഭാഗം ഏറ്റവും കൂടുതൽ വരുമാനം നേടിയ ചിത്രമെന്ന റെക്കോഡ് സ്വന്തമാക്കിയിരുന്നു. 2012ലാണ് ചിത്രത്തിന്റെ തുടർഭാഗങ്ങൾ ഉണ്ടാകുമെന്ന് സംവിധായകൻ ജെയിം കാമറൂൺ പ്രഖ്യാപിച്ചത്. പിന്നീട് കൊവിഡ് വന്നതോടെ ചിത്രീകരണം വൈകുകയായിരുന്നു.
മെറ്റ്കയിന എന്ന പാറകളിൽ വസിക്കുന്ന നവിയുടെ പുതിയ വംശത്തെ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ അവതരിപ്പിക്കുന്നുണ്ട്. ജയ്ക് സുള്ളിയുടെയും കുടുംബത്തിന്റെയും കഥയാണ് പ്രധാനമായും രണ്ടാം ഭാഗം പറയുക. സാം വർത്തിംഗ്ടൻ, സോ സൽദാന, സ്റ്റീഫൻ ലാങ്, മാട്ട് ജെറാൾഡ്, കേറ്റ് വിൻസ്‌ലെറ്റ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്.