പറവൂർ: ഉത്തരാസ്വയംവരം കഥകളി കഥകളികാണുവാൻ നിമിഷയ്ക്ക് സാധിക്കില്ല. അകക്കണ്ണാൽ കണ്ട് വേദിയിൽ പാടുകയായിരുന്നു. ഹയർ സെക്കൻഡറി വിഭാഗം ലളിതഗാനം മത്സരത്തിൽ ഒന്നാംസ്ഥാനം ലഭിച്ച തലക്കോട് സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനിയായ നിമിഷ ആർ. നായർക്ക് ജന്മനാകാഴ്ചയില്ല. പത്താം ക്ളാസ് വരെ വിദേശത്തായിരുന്നു കുടുംബം. ഒമാനിൽ ഫാർമസ്റ്റിസ്റ്റായ വെള്ളിക്കുളം ലാഫഡിൽസിൽ രഞ്ജിത്തിന്റെയും അനിതയുടെയും മൂന്നുമക്കളിൽ മൂത്തമകളാണ് നിമിഷ. വിദേശത്ത് സ്കൂളിൽ പഠിക്കുമ്പോൾ സംഗീത മത്സരത്തിൽ പങ്കെടുത്തിട്ടുണ്ട്. സമ്മാനം ലഭിക്കുന്നത് ആദ്യമായാണ്. സംഗീത അദ്ധ്യാപകനായ ശിവജിയാണ് ആദ്യഗുരു. സെന്റ് മേരീസ് സ്കൂളിലെ സംഗീത അദ്ധ്യാപകനായ ആമ്പല്ലൂർ സാബുവിന്റെ ശിക്ഷണത്തിലാണ് ലളിതസംഗീതം പരിശീലിച്ചത്. നിഖിൽ ആർ. നായർ, നിരഞ്ജൻ എന്നിവർ സഹോദരങ്ങളാണ്.