മോസ്കോ: പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധത്തിന്റെ പശ്ചാത്തലത്തിൽ സുപ്രധാന വ്യവസായങ്ങളുടെ പ്രവർത്തനത്തിന് റഷ്യ ഇന്ത്യയുടെ സഹായം തേടിയെന്ന് റിപ്പോർട്ട്. കാർ, വിമാനം, ട്രെയിനുകൾ എന്നിവയുടെ ഭാഗങ്ങളുൾപ്പെടെ ഇന്ത്യയിൽ നിന്ന് വിതരണ സാദ്ധ്യതയുള്ള 500ലധികം ഉത്പന്നങ്ങളുടെ പട്ടിക റഷ്യ കൈമാറിയെന്ന് അന്താരാഷ്ട്ര മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. പട്ടികയിലുള്ളതിൽ എത്ര ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുമെന്നോ എത്ര അളവിലായിരിക്കുമെന്നോ വ്യക്തമല്ല. വിഷയത്തിൽ റഷ്യൻ വ്യവസായ വകുപ്പോ ഇന്ത്യയോ പ്രതികരിച്ചിട്ടില്ല.