മിൻസ്ക് : ബെലറൂസ് വിദേശകാര്യ മന്ത്രി വ്ലാഡിമിർ മാകിയുടെ ( 64 ) മരണത്തിൽ ദുരൂഹതയേറുന്നു. മാകിയുടെ മരണം ഹൃദയാഘാതം മൂലമെന്ന് റിപ്പോർട്ടുണ്ടായിരുന്നെങ്കിലും ബെലറൂസ് ഭരണകൂടം ഇതിൽ നിശബ്ദത പാലിക്കുന്നതാണ് ദുരൂഹതകൾക്ക് കാരണം. അതിനിടെ, മാകിയെ സ്റ്റിംഗ് ഓപ്പറേഷനിലൂടെ റഷ്യൻ ഏജന്റുമാർ വിഷം കൊടുത്ത് കൊന്നതാണെന്ന പ്രചാരണവുമുണ്ട്. എന്നാൽ ആരോപണങ്ങൾക്ക് തെളിവൊന്നുമില്ല.
മുൻ ചാരൻ കൂടിയായ മാകി യുക്രെയിൻ അധിനിവേശത്തിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നെന്നും പാശ്ചാത്യ രാജ്യങ്ങളുമായി രഹസ്യമായി ആശയവിനിമയം നടത്തിയിരുന്നെന്നുമാണ് സംസാരം. തങ്ങളുടെ സഖ്യകക്ഷിയായ ബെലറൂസിനെ യുദ്ധത്തിനൊപ്പം കൂട്ടാൻ റഷ്യ സമ്മർദ്ദം ചെലുത്തുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. മാകി ഇതിനെതിരായിരുന്നുവെന്ന് കരുതുന്നവരുണ്ട്.
മാകിയ്ക്ക് പ്രത്യേകിച്ച് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലായിരുന്നു. നവംബർ 26ന് മരിക്കുന്നതിന് മുന്നേ മാകി ബെലറൂസ് മിലിട്ടറിയുടെ കാർഗോ വിമാനത്തിൽ സഞ്ചരിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നു. ഇതിലും മാകി പൂർണ ആരോഗ്യവാനാണ്. മാകി പെട്ടെന്നുള്ള ഹൃദയാഘാതം മൂലമാണ് മരിച്ചതെന്നാണ് ബെലറൂസ് മാദ്ധ്യമങ്ങൾ നൽകുന്ന വിവരം. റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലവ്റൊവുമായി കൂടിക്കാഴ്ച നടത്താനിരിക്കെയാണ് തലേദിവസം മാകിയുടെ അപ്രതീക്ഷിത വിയോഗം.
പുട്ടിന്റെ നിദ്ദേശ പ്രകാരം റഷ്യയുടെ സുരക്ഷാ ഏജൻസിയായ ഫെഡറൽ സെക്യൂരിറ്റി സർവീസിന്റെ (എഫ്.എസ്.ബി) പ്രത്യേക ലബോറട്ടറിയിൽ വികസിപ്പിച്ച വിഷം ഉള്ളിലെത്തിയാണ് മാകി മരിച്ചതെന്ന് പുട്ടിന്റെ ശത്രുവായ ബിസിനസുകാരൻ ലിയനിഡ് നെവ്സ്ലിൻ ആരോപിച്ചു. ഇദ്ദേഹം നിലവിൽ ഇസ്രയേലിലാണ് താമസിക്കുന്നത്. എഫ്.എസ്.ബിയുമായി ബന്ധമുള്ളവരാണ് തന്നോട് ഇത് പറഞ്ഞതെന്നും ഇത്തരം മരണങ്ങൾ സ്ട്രോക്ക് വന്നോ ഹൃദയാഘാതം മൂലമോ സംഭവിച്ചതാണെന്ന് വിധിയെഴുതപ്പെടുമെന്നും ലിയനിഡ് പറഞ്ഞു.
ഈ ആഴ്ച പോളണ്ടിൽ നടക്കുന്ന ഓർഗനൈസേഷൻ ഫോർ സെക്യൂരിറ്റി ആൻഡ് കോ - ഓപറേഷൻ ഇൻ യൂറോപ്പിന്റെ മീറ്റിംഗിൽ പങ്കെടുക്കാനിരിക്കുകയായിരുന്നു മാകി. പ്രധാനപ്പെട്ട പാശ്ചാത്യ നേതാക്കൾ മീറ്റിംഗിൽ പങ്കെടുന്നുണ്ട്. എന്നാൽ റഷ്യയ്ക്ക് പ്രവേശനം നിരോധിച്ചിരുന്നു.
മാകിയുടേത് സ്വാഭാവിക മരണമാണെന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടാണെന്ന് റഷ്യൻ പ്രതിപക്ഷ പാർട്ടി നേതാവും മനുഷ്യാവകാശ പ്രവർത്തകനുമായ ലെവ് ഷ്ലോസ്ബെർഗ് പറഞ്ഞു. മാകിയുടെ ഭാര്യ വേര പോളിയക്കോവ അദ്ദേഹത്തിന്റെ മരണത്തെ പറ്റി പ്രതികരിച്ചിട്ടില്ല. അതിനിടെ മാകി കൊല്ലപ്പെട്ടതാണെന്ന വാർത്ത ബെലറൂസിലെ രാഷ്ട്രീയ ഗവേഷകനായ അലെക്സി സെർമാന്റ് നിഷേധിച്ചു. മാകിയ്ക്ക് ആവശ്യമായ സുരക്ഷ ഉണ്ടായിരുന്നെന്നും മരണകാരണം സ്വാഭാവികമാണെന്നും അലെക്സി പ്രതികരിച്ചു.
ലുകാഷെൻകോയ്ക്ക് ഭയം ?
അതേ സമയം, തന്റെ അടുത്ത അനുയായി ആയിരുന്ന മാകിയുടെ മരണം ബെലറൂസ് പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെൻകോയെ ഞെട്ടിച്ചു. തന്റെ സുരക്ഷയോർത്ത് ലുകാഷെൻകോ ഭയപ്പെടുന്നുണ്ടെന്ന് ഒരു ബ്രിട്ടീഷ് മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. റഷ്യയിൽ നിന്ന് വധശ്രമം ഉണ്ടാകുമോ എന്ന് ഭയന്ന് പാചകക്കാരെയും സഹായികളെയും ലുകാഷെൻകോ മാറ്റിയെന്നാണ് റിപ്പോർട്ട്. മാകിയുടെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെയടക്കം ചോദ്യം ചെയ്യാൻ ലുകാഷെൻകോ ഉത്തരവിട്ടെന്ന് ഒരു ടെലിഗ്രാം ചാനൽ അവകാശപ്പെട്ടു.
2012 മുതൽ ബെലറൂസിന്റെ വിദേശകാര്യ മന്ത്രിയായി തുടർന്ന മാകിയുടെ സംസ്കാരം ഇന്നലെ മിൻസ്കിൽ നടന്നു. സംസ്കാരച്ചടങ്ങിൽ ലുകാഷെൻകോ പങ്കെടുത്തിരുന്നു. അതീവ ദുഃഖിതനായാണ് ലുകാഷെൻകോ കാണപ്പെട്ടത്.