തിരുവനന്തപുരം: വിഴിഞ്ഞം സംഘർഷവുമായി ബന്ധപ്പെട്ട് ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്ന് ഡി ഐ ജി ആർ നിശാന്തിനി. സംഘർഷസ്ഥലം സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.
പ്രതികളെ തിരിച്ചറിയാനുള്ള നടപടി ആരംഭിച്ചുവെന്ന് ഡി ഐ ജി വ്യക്തമാക്കി. "വിഴിഞ്ഞം സംഘർഷത്തിന് പിന്നിൽ തീവ്രസംഘടനകൾ ഉള്ളതായി വിവരമൊന്നും ലഭിച്ചിട്ടില്ല. "എൻ ഐ എ വിവരങ്ങൾ അന്വേഷിച്ചോ എന്ന് ഇപ്പോൾ പറയാനാകില്ല. ഞാൻ പങ്കെടുത്ത യോഗത്തിൽ എൻ ഐ എ ഉണ്ടായിരുന്നില്ല."- ആർ നിശാന്തിനി പറഞ്ഞു.
വിഴിഞ്ഞത്ത് ഇന്ന് നടക്കുന്ന ഹിന്ദു ഐക്യവേദി മാർച്ച് പൊലീസ് തടയുമെന്നും ഡി ഐ ജി കൂട്ടിച്ചേർത്തു. തുറമുഖ പദ്ധതിയെ അനുകൂലിച്ചും സമരത്തിനെതിരെയുമാണ് മാർച്ച് നടത്തുന്നത്. മാർച്ച് മൂലമുണ്ടാകുന്ന പ്രശ്നങ്ങൾക്ക് സംഘടനയായിരിക്കും ഉത്തരവാദിയെന്ന് കാണിച്ച് പൊലീസ് നോട്ടീസ് നൽകിയിട്ടുണ്ട്.
വിഴിഞ്ഞം സമരം മറ്റ് പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കാൻ കരുതിക്കൂട്ടിയ ശ്രമമുണ്ടെന്ന ഇന്റലിജൻസ് മുന്നറിയിപ്പിനെത്തുടർന്നാണ് തീരദേശ സുരക്ഷയ്ക്ക് നിശാന്തിനിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ സർക്കാർ നിയോഗിച്ചത്. സംഘർഷം നിയന്ത്രിക്കലും മറ്റു മേഖലകളിലേക്ക് അക്രമം വ്യാപിക്കാതിരിക്കാനുള്ള മേൽനോട്ടച്ചുമതലയും അഞ്ച് എസ് പി മാരും എട്ടു ഡിവൈ എസ് പി മാരും അടങ്ങിയ സംഘത്തിനുണ്ട്.
അതേസമയം, വിഴിഞ്ഞം ആക്രമണത്തിൽ സംസ്ഥാന ഇന്റലിജൻസ് തീവ്രവാദ ബന്ധം സ്ഥിരീകരിച്ചു. സമരസമിതിയിലെ ചില നേതാക്കളും തീവ്രവാദ ബന്ധമുള്ളവരും ചേർന്ന് വിഴിഞ്ഞം കോട്ടപ്പുറം സ്‌കൂളിൽ രഹസ്യയോഗം നടത്തിയെന്നും പോപ്പുലർ ഫ്രണ്ട് ബന്ധമുള്ളവരടക്കം ഇതിൽ പങ്കെടുത്തിട്ടുണ്ടെന്നുമാണ് ഇന്റലിജൻസിന്റെ കണ്ടെത്തൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |