ബീജിംഗ്: മുൻ ചൈനീസ് പ്രസിഡന്റും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി മുൻ നേതാവുമായ ജിയാംഗ് സെമിൻ (96) അന്തരിച്ചു. ലുക്കീമിയ ബാധിതനായിരുന്നു. ഒന്നിലധികം അവയവങ്ങൾ പ്രവർത്തനരഹിതമായതും മരണകാരണമായതായി ചൈനീസ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്ന് ഉച്ചയ്ക്ക് 12.13ന് ഷാങ്ഹായിലെ വീട്ടിലായിരുന്നു അന്ത്യം.
ചൈനയെ പ്രധാന സാമ്പത്തിക ശക്തിയാക്കുന്നതിൽ നിർണായക പങ്ക് വഹിച്ച നേതാവാണ് ജിയാംഗ് സെമിൻ. 1989ൽ ജനാധിപത്യ അനുകൂല പ്രക്ഷോഭകർക്കെതിരെ നടന്ന ടിയാനൻമെൻ കലാപത്തിന് ശേഷമാണ് ചൈനയുടെ ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തലവനായി ജിയാംഗ് അധികാരത്തിൽ എത്തിയത്.
ജിയാംഗ് സെമിന്റെ നേതൃത്വത്തിലാണ് ചൈന ശക്തമായ സമ്പദ്വ്യവസ്ഥ കെട്ടിപ്പടുത്തത്. കമ്മ്യൂണിസ്റ്റുകൾ അധികാരത്തിൽ പിടി മുറുക്കി. ലോകശക്തികളുടെ കൂട്ടത്തിൽ ചൈന സ്ഥാനം പിടിച്ചതും ജിയാംഗ് സെമിൻ അധികാരത്തിലെത്തിയതിന് ശേഷമായിരുന്നു.
1997ലെ ഹോങ്കോംഗ് കൈമാറ്റത്തിനും 2001ലെ ചൈനയുടെ ലോക വ്യാപാര സംഘടനയിലേക്കുള്ള പ്രവേശനത്തിനും അദ്ദേഹം മേൽനോട്ടം വഹിച്ചു. അതേസമയം, 1999ൽ മതവിഭാഗമായ ഫലുൻ ഗോംഗിനെ ശക്തമായി അടിച്ചമർത്തിയ സംഭവത്തിൽ അദ്ദേഹം രൂക്ഷവിമർശനങ്ങൾ നേരിടുകയും ചെയ്തിരുന്നു.