അകാലനരയും പ്രായമാകുമ്പോഴുണ്ടാകുന്ന നരയും പലരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ്. ഇതിനെല്ലാം പരിഹാരമായി കെമിക്കലുകൾ അടങ്ങിയ ഡൈ ഉപയോഗിക്കുന്നതിന് പകരം പ്രകൃതിദത്തമായ മാർഗങ്ങൾ ചെയ്യാവുന്നതാണ്. ഇങ്ങനെ എളുപ്പത്തിൽ വീട്ടിൽ ചെയ്യാൻ പറ്രുന്ന ഒരു എണ്ണയെ പറ്റിയാണ് പറയാൻ പോകുന്നത്. നര മാറുന്നതിന് മാത്രമല്ല മുടി വളർച്ച വർദ്ധിപ്പിക്കാനും ഈ എണ്ണ സഹായിക്കുന്നു. എങ്ങനെയാണ് തയാറാക്കുന്നതെന്ന് നോക്കാം.
ആവശ്യമായ സാധനങ്ങൾ
വെളിച്ചെണ്ണ, നെല്ലിക്ക പൊടി, നീലയമരി പൊടി, പനിക്കൂർക്ക ഇല
എണ്ണ തയാറാക്കേണ്ട വിധം
ഒരു സ്റ്റീൽ പാത്രത്തിൽ വെളിച്ചെണ്ണ ഒഴിച്ച് അതിലേയ്ക്ക് നെല്ലിക്ക പൊടിയും നീലയമരി പൊടിയും ചേർത്ത് നന്നായി യോജിപ്പിക്കുക. ഇതിലേയ്ക്ക് പനിക്കൂർക്കയുടെ ഇല ചെറുതായി കീറിയിടുക. ശേഷം ഈ എണ്ണ നേരിട്ട് ചൂടാക്കാൻ പാടുള്ളതല്ല. മറ്റൊരു പാത്രത്തിൽ വെള്ളം വച്ച് തിളപ്പിച്ചശേഷം അതിലേയ്ക്ക് ഈ എണ്ണയും കൂട്ടും അടങ്ങിയ പാത്രം ഇറക്കിവച്ച് നന്നായി ചൂടാക്കുക.
ഉപയോഗിക്കേണ്ട വിധം
ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ എണ്ണ തേച്ച് കുളിക്കാവുന്നതാണ്. തലയോട്ടിയിൽ നന്നായി തേച്ച് പിടിപ്പിച്ച് മസാജ് ചെയ്യുക. ശേഷം ഷാംപൂ ഉപയോഗിക്കാൻ പാടില്ല. പകരം ചെമ്പരത്തി താളി ഉപയോഗിക്കാവുന്നതാണ്.