SignIn
Kerala Kaumudi Online
Friday, 19 April 2024 6.55 PM IST

എൻജി. വിദ്യാർത്ഥികളുടെ ഭാവി പന്താടരുത്

photo

കേരള സാങ്കേതിക സർവകലാശാലയുടെ താത്‌കാലിക വി.സിയായി ഡോ. സിസ തോമസിനെ നിയമിച്ച ഗവർണറുടെ നടപടി ഹൈക്കോടതി ശരിവച്ചിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് സർക്കാർ സമർപ്പിച്ചിരുന്ന ഹർജി തള്ളുകയാണുണ്ടായത്. രണ്ടോ മൂന്നോ മാസത്തിനകം പുതിയ വി.സിയെ കണ്ടെത്താൻ സർക്കാരിനോടു നിർദ്ദേശിച്ചിട്ടുമുണ്ട്. ഡോ. സിസയുടെ നിയമനത്തെച്ചൊല്ലി സർക്കാരും സർവകലാശാലയിലെ ഭരണാനുകൂല സംഘടനകളും നടത്തിവരുന്ന നിസഹകരണ സമരം സാധാരണഗതിയിൽ ഹൈക്കോടതി തീർപ്പിന്റെ പശ്ചാത്തലത്തിൽ അവസാനിക്കേണ്ടതാണ്. എന്നാൽ അതിനു സാദ്ധ്യത തെളിഞ്ഞിട്ടില്ലെന്ന സൂചനയാണ് കാണുന്നത്. ഡോ. സിസയുടെ നിയമനം ശരിവച്ചുള്ള സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകാൻ ഒരുങ്ങുകയാണ്. താത്‌കാലിക വി.സിയായി ഗവർണർ നിയമിച്ച ഡോ. സിസ ചുമതലയേറ്റിട്ട് ആഴ്ചകളായെങ്കിലും വി.സിയെന്ന നിലയിലുള്ള ഒരു ചുമതലയും നിർവഹിക്കാൻ പ്രതിഷേധക്കാർ ഇതുവരെ അനുവദിച്ചിട്ടില്ല. പുതിയ കോടതിവിധിയുടെ അടിസ്ഥാനത്തിൽ പ്രതിഷേധക്കാരിൽ നിന്നു അനുകൂല സമീപനം ഉണ്ടായില്ലെങ്കിൽ സർവകലാശാലയിൽ ഭരണസ്തംഭനം തുടർന്നേക്കും.

വി.സിക്കും അവരെ പച്ചതൊടുവിയ്ക്കില്ലെന്ന വാശിയിൽ നിൽക്കുന്ന സർക്കാരിനും സർക്കാർ അനുകൂല സംഘടനകളിൽപ്പെട്ടവർക്കും മുടങ്ങാതെ ശമ്പളം കിട്ടുമെന്നതിനാൽ സമരമുറകൾ എത്രനാൾ വേണമെങ്കിലും നീണ്ടേക്കാം. എന്നാൽ ഗവർണർ - സർക്കാർ പോരിൽ ബലിയാടുകളാകേണ്ടിവന്നിരിക്കുന്ന എൻജിനിയറിംഗ് വിദ്യാർത്ഥികളുടെ കാര്യം വിസ്മരിച്ചുകൂടാത്തതാണ്. എൻജിനിയറിംഗ് അവസാന പരീക്ഷയും പാസായി ഡിഗ്രി സർട്ടിഫിക്കറ്റ് വിതരണം കാത്ത് എണ്ണായിരത്തിലധികം കുട്ടികളാണ് പുറത്തുനിൽക്കുന്നത്. ഇവരിൽ നല്ലൊരു ഭാഗം വിവിധ സ്ഥാപനങ്ങളിൽ പ്ലേസ്‌മെന്റ് ഉറപ്പാക്കിയവരാണ്. ഇവിടെയും പുറത്തുമായി ഉന്നത പഠനത്തിനു പോകാൻ തയ്യാറെടുക്കുന്നവരും കുറവല്ല. യഥാസമയം സർട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെങ്കിൽ പലരുടെയും ഭാവിയെ പ്രതികൂലമായി ബാധിച്ചേക്കാം.

എൻജിനിയറിംഗ് വിദ്യാർത്ഥികളുടെ ഭാവികൂടി കണക്കിലെടുത്താണ് വി.സിയുടെ പേരിൽ ഗവർണറും സർക്കാരും തമ്മിലുള്ള തർക്കം ഒരിക്കലും കുട്ടികളെ ഉപദ്രവിക്കുന്ന തലത്തിലേക്കു മാറരുതെന്ന് കോടതി ഓർമ്മിപ്പിച്ചത്.

താത്‌കാലിക വി.സിയായി സർവകലാശാലയിൽ പ്രവേശിച്ച നാൾ മുതൽ ഇതുവരെ അൻപതോളം പേർ വി.സിയുടെ ഓഫീസിനു മുൻപിൽ കൂടിയിരുന്ന് പ്രവർത്തനം മുടക്കുകയാണ്. ഫയലുകൾ നോക്കാനോ കുട്ടികൾക്കുള്ള ബിരുദ സർട്ടിഫിക്കറ്റുകളിൽ ഒപ്പിടാനോ വി.സിയെ അനുവദിക്കുന്നില്ല. സർവകലാശാലാ ജീവനക്കാർ താത്‌കാലിക വി.സിയോട് പരിപൂർണ നിസഹകരണത്തിലായതിനാൽ ഒരു കടലാസ് എടുക്കാൻ പോലുമാകുന്നില്ല. ഉന്നത ഉദ്യോഗസ്ഥർ പോലും മുഖംതിരിഞ്ഞാണു നില്പ്. ഇത്തരമൊരു അന്തരീക്ഷത്തിൽ വി.സിക്കെന്നല്ല ആർക്കുംതന്നെ പ്രവർത്തിക്കാനാകില്ല. ഒരുതരത്തിലും ഈ പ്രശ്നത്തിൽ കക്ഷികളല്ലാത്ത കുട്ടികളുടെ ഭാവികൊണ്ടാണ് സമരക്കാർ പന്താടുന്നത്. സാങ്കേതിക സർവകലാശാലയുടെ കീർത്തിയെക്കൂടി ബാധിക്കുന്ന കാര്യമാണിത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PROTEST AGAINST KTU VC
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.