ബാഹുബലി എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരനായി മാറിയ നടനാണ് പ്രഭാസ്. കൃതി സാനോനും പ്രഭാസും തമ്മിൽ പ്രണയത്തിലാണെന്ന വാർത്തകൾ കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രചരിക്കുന്നുണ്ട്. അടുത്തിടെ നടൻ വരുൺ ധവാൻ ഇവർ തമ്മിൽ പ്രണയത്തിലാണെന്ന സൂചന നൽകിയതോടെ ഈ ചർച്ചകൾ ആരാധകർക്കിടയിൽ സജീവമായത്. 'ആദിപുരുഷ്' എന്ന ചിത്രത്തിലായിരുന്നു ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. അന്നുമുതൽ ഗോസിപ്പുകളും ആരംഭിച്ചിരുന്നു. ഒരു അഭിമുഖത്തിൽ റാപ്പിഡ് ഫയർ റൗണ്ടിൽ പ്രഭാസിനെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്ന് കൃതി സാനോൺ പറഞ്ഞിരുന്നു. ഇതോടെയാണ് ഗോസിപ്പുകൾ തുടങ്ങിയത്.
ഒടുവിൽ പ്രചരിച്ച വാർത്തകൾക്കെല്ലാം മറുപടിയുമായി എത്തുകയാണ് കൃതി. തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് നടി നിലപാട് വ്യക്തമാക്കിയത്. ഇത് പ്രണയവുമല്ല പി ആറുമല്ലെന്നും വരുൺ ധവാൻ തമാശയായാണ് അങ്ങനെ പറഞ്ഞതെന്നും കൃതി വ്യക്തമാക്കി. ചില പോർട്ടലുകൾ തന്റെ കല്യാണ തീയതി പ്രഖ്യാപിക്കും മുമ്പ് താൻ ആ കുമിള പൊട്ടിക്കുകയാണെന്നും അഭ്യൂഹങ്ങൾ തീർത്തും അടിസ്ഥാനരഹിതമാണെന്നും കൃതി പറഞ്ഞു.
'കൃതിയുടെ പേര് ഒരാളുടെ ഹൃദയത്തിലുണ്ട്. പക്ഷെ അയാൾ മുംബയ് സ്വദേശിയല്ല. ഇപ്പോൾ അദ്ദേഹം ദീപികയ്ക്കൊപ്പം ഒരു ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്' എന്നുമാണ് വരുൺ പറഞ്ഞത്. നിലവിൽ പ്രഭാസ് ദീപികയ്ക്കൊപ്പം 'പ്രൊജക്ട് കെ' എന്ന ചിത്രത്തിൽ അഭിനയിക്കുകയാണ്.