SignIn
Kerala Kaumudi Online
Thursday, 25 April 2024 9.47 PM IST

യുവതിയെയും കുഞ്ഞിനെയും കൊലപ്പെടുത്തിയ സംഭവം: മാഹിനിന്റെ ഭാര്യയും പ്രതി

തിരുവനന്തപുരം: വിവാഹം കഴിക്കണമെന്ന് ശാഠ്യം പിടിച്ച കാമുകിയുടെ ശല്യം ഒഴിവാക്കാൻ കൈക്കുഞ്ഞിനെ സഹിതം കടലിൽ തള്ളിയ മാറനല്ലൂർ ഇരട്ടക്കൊലപാതക കേസ് മുഖ്യപ്രതി മാഹിൻ കണ്ണും ഭാര്യ റുക്കിയയും അറസ്റ്റിലായി. കൊലപാതകത്തിന് പ്രേരിപ്പിച്ചതിനാണ് റുക്കിയയെ അറസ്റ്റുചെയ്തത്.

പൂവച്ചൽ വേങ്ങവിളയിൽ നിന്ന് ഊരുട്ടമ്പലം വെള്ളൂർക്കോണത്ത് വാടകയ്ക്ക് താമസിച്ചുവന്ന ദിവ്യ(വിദ്യ-21), മകൾ ഗൗരി(രണ്ടര) എന്നിവരെ കൊലപ്പെടുത്തിയതിന് കൊലപാതകം,​ തെളിവ് നശിപ്പിക്കൽ വകുപ്പുകളാണ് മാഹിനെതിരെ ചുമത്തിയിരിക്കുന്നത്. ദിവ്യയെയും ഗൗരിയെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയതിനൊപ്പം ദിവ്യയുടെ കൈവശമുണ്ടായിരുന്ന മൊബൈൽഫോൺ കൈക്കലാക്കി കടലിലെറിഞ്ഞതിനാണ് തെളിവ് നശിപ്പിക്കൽ കൂടി ചുമത്തിയത്. ഡി.എൻ.എ പരിശോധനാഫലം ലഭിച്ചശേഷം ഗൗരിയെ കൊലപ്പെടുത്തിയതിന് പോക്സോ ഉൾപ്പെടെ കൂടുതൽ വകുപ്പുകൾ ചുമത്താൻ സാദ്ധ്യതയുണ്ട്.

കൊലപാതകത്തിന് പ്രേരിപ്പിച്ചതിന് പുറമേ സംഭവം രഹസ്യമാക്കി വച്ച് കുറ്റകൃത്യത്തിൽ പരസ്‌പര സഹായികളായി പ്രവർത്തിച്ചതിന് റുക്കിയയ്ക്കെതിരെയും കൂടുതൽ വകുപ്പുകൾ വരുംദിവസങ്ങളിലെ അന്വേഷണത്തിൽ ചുമത്താനാണ് സാദ്ധ്യത. കേസിൽ ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയ റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് സംഘം ദമ്പതികളെ കോടതിയിൽ ഹാജരാക്കി. സംഭവത്തിൽ കുടുംബാംഗങ്ങളോ സുഹൃത്തുക്കളോ ആയ മറ്റാർക്കെങ്കിലും ബന്ധമുണ്ടോയെന്ന് കണ്ടെത്താൻ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പ്രതികളെ വരും ദിവസങ്ങളിൽ കസ്റ്റഡിയിൽ വാങ്ങുന്നതോടെ ഇക്കാര്യത്തിൽ വ്യക്തത വരുത്താനാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

ആദ്യ ഭാര്യയെയും മക്കളെയും ഉപേക്ഷിക്കാൻ ഒരുക്കമല്ലാതിരുന്ന മാഹിൻ ദിവ്യയെ രണ്ടാം ഭാര്യയാക്കാനും വിസമ്മതിച്ചു. മാഹിന് മറ്റൊരു സ്ത്രീയുമായി ബന്ധമുള്ളതായി അറിഞ്ഞതോടെ റുക്കിയ ബന്ധുക്കളുമായി ദിവ്യയുടെ വീട്ടിലെത്തി പ്രശ്നമുണ്ടാക്കിയിരുന്നു. തുടർന്ന് മാഹിനെ കൂട്ടികൊണ്ടുപോയി വിദേശത്തേക്ക് അയച്ചു. 2011ൽ മാഹിൻ തിരിച്ചെത്തിയതറിഞ്ഞ് ദിവ്യ പൂവാറിലെത്തിയെങ്കിലും അനുനയിപ്പിച്ച് മാഹിൻ തിരികെ വീട്ടിലേക്ക് അയച്ചു. 2011 ആഗസ്റ്റ് 18ന് ദിവ്യയുടെ അമ്മയായ രാധ ചിറയിൻകീഴിൽ ഭർത്താവിന്റെ ജോലിസ്ഥലത്തേക്ക് പോകുന്നതറിഞ്ഞ് മാഹിൻ ആരുമറിയാതെ ദിവ്യയുടെ വീട്ടിലെത്തി ഇരുവരെയും കൊലപ്പെടുത്താൻ ലക്ഷ്യമിട്ട് കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. രാധ തിരിച്ചെത്തി മകളെ വിളിച്ചപ്പോൾ സ്വിച്ച് ഓഫ് ആയതിനെ തുടർന്ന് മാഹീൻ കണ്ണിന്റെ ഫോണിലേക്ക് വിളിച്ചപ്പോൾ അവർ വേളാങ്കണ്ണിയിലേക്ക് പോകുന്നുവെന്നാണ് മറുപടി നൽകിയത്.

പൊഴിയൂരിനപ്പുറം തമിഴ്നാട് അതിർത്തിയിലുള്ള ആൾപ്പാർപ്പില്ലാത്ത സ്ഥലത്തേക്ക് ഇവരെ എത്തിച്ച് ഇരുവരെയും കടലിൽ തള്ളി കൊലപ്പെടുത്തിയെന്നാണ് ചോദ്യം ചെയ്യലിൽ മാഹിൻ പൊലീസിനോടു വെളിപ്പെടുത്തിയത്. കന്യാകുമാരി ജില്ലയിലെ തേങ്ങാപ്പട്ടണം, ഇനയംപുതൂർക്കട എന്നിവിടങ്ങളിൽ നിന്ന് ദിവ്യയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ തമിഴ്നാട് പൊലീസ് കണ്ടെടുക്കുമ്പോൾ മാഹിൻ സ്ഥലത്തുതന്നെ ഉണ്ടായിരുന്നു. ദിവ്യ ജീവിച്ചിരിപ്പില്ലെന്ന് ഏറക്കുറെ അന്വേഷണ ഉദ്യോഗസ്ഥർക്ക് ബോദ്ധ്യപ്പെട്ടപ്പോൾ ചോദ്യം ചെയ്യലിൽ ദിവ്യ ആത്മഹത്യ ചെയ്‌തതാകാമെന്നും മാഹിൻ പറഞ്ഞു. കടൽത്തീരത്ത് ദിവ്യയെയും മകളെയും ഉപേക്ഷിച്ചെന്നും വാഹനത്തിൽ താൻ മടങ്ങുമ്പോൾ ദിവ്യ പിറകെ ഏറെദൂരം ഓടിയെന്നുമാണ് ഇയാൾ പറഞ്ഞത്. തുടർന്ന് ദിവ്യ കടലിൽ ചാടി ആത്മഹത്യ ചെയ്‌തിരിക്കാമെന്നുമാണ് പൊലീസിനോടു പറഞ്ഞത്. എന്നാൽ കൂടുതൽ ചോദ്യം ചെയ്യലിലാണ് ഇയാൾ കുറ്റം സമ്മതിച്ചത്.

ദിവ്യയ്ക്ക് വേണ്ടി തന്റെയും മക്കളുടെയും ജീവിതം തീറെഴുതാൻ തയ്യാറല്ലെന്ന നിലപാടെടുത്ത റുക്കിയയുടെ പ്രേരണയാണ് കൊലപാതകത്തിന് കാരണമായതെന്ന് ചോദ്യം ചെയ്യലിൽ മാഹിൻ പറഞ്ഞതോടെയാണ് റുക്കിയയെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിൽ റുക്കിയയും കുറ്റം സമ്മതിച്ചതോടെ കേസിൽ രണ്ടാം പ്രതിയാക്കുകയായിരുന്നു.

ദിവ്യയെയും കുഞ്ഞിനെയും കൊണ്ടുപോയ ബൈക്ക് പിന്നീട് മാഹിൻ വിറ്റതായി പൊലീസ് കണ്ടെത്തി. തൊണ്ടിയായ ബൈക്കുൾപ്പെടെയുള്ള തെളിവുകൾ പൊലീസിന് ഇനി കണ്ടെത്തേണ്ടതുണ്ട്. ഇരുവരെയും കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണവും തെളിവെടുപ്പും നടത്തുമെന്ന് റൂറൽ എസ്.പി ഡി. ശില്പ പത്രസമ്മേളനത്തിൽ പറഞ്ഞു. അഡി.എസ്.പി സുൾഫിക്കർ, ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ജോൺസൺ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.