ദോഹ : അവസാന ഗ്രൂപ്പ് മത്സരത്തിൽ ലോക ചാമ്പ്യന്മാരായ ഫ്രാൻസിനെ അട്ടിമറിച്ചെങ്കിലും ആഫ്രിക്കൻ ടീമായ ടുണീഷ്യയ്ക്ക് മുന്നിൽ ലോകകപ്പ് പ്രീ ക്വാർട്ടറിന്റെ വാതിൽ തുറന്നില്ല. ഡി ഗ്രൂപ്പിൽ ഒരേ സമയം നടന്ന മറ്റൊരു മത്സരത്തിൽ ഓസ്ട്രേലിയ 1-0ത്തിന് ഡെൻമാർക്കിനെ തോൽപ്പിച്ചതോടെയാണ് ടുണീഷ്യയ്ക്ക് കണ്ണീരോടെ മടങ്ങേണ്ടിവന്നത്.
കുഞ്ഞന്മാരെ നേരിടാൻ രണ്ടാം നിരയുമായി ഇറങ്ങിയ ഫ്രാൻസിനെ ഞെട്ടിച്ചുകൊണ്ടാണ് ഇന്നലെ ടുണീഷ്യ രണ്ടാം പകുതിയിൽ ഗോൾ നേടിയത്. ആദ്യ പകുതിയിൽ നിരവധി തവണ ഫ്രഞ്ചു ഗോൾമുഖത്ത് അപകടമുയർത്തിയ സ്ട്രൈക്കർ വാബി ഖസ്റി 58-ാം മിനിട്ടിലാണ് വലകുലുക്കിയത്. ഈ ഗോളോടെ ടുണീഷ്യ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി ഉയർന്നു. പക്ഷേ ഓസ്ട്രേലിയ 60-ാം മിനിട്ടിൽ മാത്യു ലെക്കീയിലൂടെ ഡെന്മാർക്കിനെതിരെ ഗോളടിച്ചതോടെ കംഗാരുക്കൾ രണ്ടാം സ്ഥാനക്കാരായി. ഇൻജുറി ടൈമിൽ ഗ്രീസ ്മാൻ ഫ്രാൻസിനായി ഗോളടിച്ചെങ്കിലും വാർ പരിശോധനയിൽ അത് അസാധുവായി.
ആറു പോയിന്റുള്ള ഫ്രാൻസ് അവസാന മത്സരം തോറ്റെങ്കിലും ഗ്രൂപ്പ് ചാമ്പ്യന്മാരായിത്തന്നെ പ്രീ ക്വാർട്ടറിലെത്തി. ആറു പോയിന്റിലെത്തിയെങ്കിലും ഗോൾ വ്യത്യാസത്തിൽ ഓസ്ട്രേലിയ രണ്ടാം സ്ഥാനക്കാരായി. നാലു പോയിന്റുമായി ടുണീഷ്യയ്ക്ക് മൂന്നാമതാവേണ്ടിവന്നു.
ബെൽജിയം, ജർമ്മനി
ജയിച്ചേ പറ്റൂ
ജർമ്മനി,ജപ്പാൻ,ബെൽജിയം ടീമുകൾക്ക് പ്രീ ക്വാർട്ടറിൽ എത്തണമെങ്കിൽ ഇന്ന് വിജയം കൂടിയേതീരൂ. ഗ്രൂപ്പ് ഇയിൽ ജർമ്മനി കോസ്റ്റാറിക്കയെയും ജപ്പാൻ സ്പെയ്നിനെയുമാണ്നേരിടുന്നത്
സ്പെയിൻ നാലു പോയിന്റോടെ ഗ്രൂപ്പിൽ മുന്നിൽ. മൂന്ന് പോയിന്റുമായി ജപ്പാനും കോസ്റ്റാറിക്കയും രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ജർമ്മനി ഒരു പോയിന്റുമായി നാലാമത്
ജയത്തിൽ കുറഞ്ഞതൊന്നും ജർമ്മനിയെ മുന്നോട്ടുകടത്തി വിടില്ല. ജർമ്മനി ജയിച്ചാലും സ്പെയിൻ ജപ്പാനെ തോൽപ്പിക്കുകയോ സമനിലയിലാക്കുകയോ ചെയ്തില്ലെങ്കിൽ പുറത്താകും
ഗ്രൂപ്പ് എഫിൽ മൂന്ന് പോയിന്റുമായി മൂന്നാമതുള്ള ബെൽജിയത്തിന് മുന്നോട്ടുപോകണമെങ്കിൽ കൊയേഷ്യയെ തോൽപ്പിച്ചേ പറ്റൂ. ക്രൊയേഷ്യയ്ക്ക് സമനില മതി പ്രീ ക്വാർട്ടറിലെത്താൻ