എ ഗ്രൂപ്പിലെ മത്സരഫലങ്ങൾ
ഇക്വഡോർ 2-ഖത്തർ 0
ഹോളണ്ട് 2-സെനഗൽ 0
സെനഗൽ 3 - ഖത്തർ1
ഹോളണ്ട് 1-ഇക്വഡോർ 1
ഹോളണ്ട് 2-ഖത്തർ 0
സെനഗൽ 2- ഇക്വഡോർ 1
ദോഹ : ലോകകപ്പിൽ പ്രാഥമിക റൗണ്ട് മത്സരങ്ങൾ പൂർത്തിയാകുമ്പോൾ ഗ്രൂപ്പ് എയിൽ പ്രതീക്ഷിച്ചതിന് അപ്പുറത്തേക്ക് കാര്യങ്ങൾ ഒന്നും സംഭവിച്ചില്ല. ഫിഫ റാങ്കിംഗിൽ എട്ടാം സ്ഥാനത്തുള്ള ഹോളണ്ടും 18-ാം സ്ഥാനത്തുള്ള സെനഗലും പ്രീ ക്വാർട്ടറിലേക്ക് കടന്നു.ആതിഥേയരായ ഖത്തറും ആദ്യ വിജയത്തിന് അവകാശികളായ ഇക്വഡോറും പുറത്തായി.
അവസാന മത്സരങ്ങളിൽ ഖത്തറിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴടക്കിയാണ് ഹോളണ്ട് ഗ്രൂപ്പ് ചാമ്പ്യൻമാരായത്. ഇക്വഡോറിനെ 2-1ന് കീഴടക്കി സെനഗലും അവസാന പതിനാറിൽ എത്തുകയായിരുന്നു. ഹോളണ്ട് മൂന്ന് മത്സരങ്ങളിൽ നിന്ന് ഏഴ് പോയിന്റും സെനഗൽ ആറ് പോയിന്റുമാണ് നേടിയത്. ആദ്യ മത്സരത്തിൽ ഖത്തറിനെ തോൽപ്പിക്കുകയും രണ്ടാം മത്സരത്തിൽ ഹോളണ്ടിനെ സമനിലയിൽ പിടിക്കുകയും ചെയ്ത ഇക്വഡോർ സെനഗലിനോട് തോറ്റതോടെ 4 പോയിന്റുമായി മൂന്നാം സ്ഥാനത്ത് ഒതുങ്ങി. മൂന്ന് മത്സരവും തോറ്റ ഖത്തറിന് പോയിന്റ് അക്കൗണ്ട് തുറക്കാനായില്ല.
ഓറഞ്ചിന് അതിമധുരം
തുടർച്ചയായ മൂന്നാം മത്സരത്തിലും സ്കോർ ചെയ്ത കോഡി ഗാക്പോയും ടൂർണമെന്റിലെ ആദ്യ ഗോൾ കണ്ടെത്തിയ ഫ്രാങ്ക് ഡി യോംഗുമാണ് ആതിഥേയരായ ഖത്തറിനെ വീഴ്ത്തി ഗ്രൂപ്പ് എയിലെ ചാമ്പ്യൻമാരായി ഹോളണ്ടിനെ നോക്കൗട്ടിലെത്തിക്കുന്നതിൽ മുഖ്യപങ്കുവഹിച്ചത്.
നേരത്തേ തന്നെ പുറത്തായിക്കഴിഞ്ഞ ഖത്തറിനെതിരെ ഹോളണ്ടിന് തന്നെയായിരുന്നു ആധിപത്യം. അൽബയാത് സ്റ്റേഡിയം വേദിയായ മത്സരത്തിന്റെ തുടക്കം മുതൽ അവർ ഖത്തർ ഗോൾ മുഖത്തേയ്ക്ക് ഇരച്ചത്തി. 26-ാം മിനിട്ടിലാണ് ഡേവി ക്ലാസ്സന്റെ പാസിൽ നിന്ന് ഗാക്പോ ഹോളണ്ടിനായി ലക്ഷ്യം കണ്ടത്. മറുവശത്ത് ഖത്തർ ചില നല്ല നീക്കങ്ങൾ നടത്തിയെങ്കിലും ഫിനിഷിംഗിലെ പിഴവുകൾ അവർക്ക് തിരിച്ചടിയാവുകയായിരുന്നു. ഹോളണ്ട് ഗോളി നോപ്പെർട്ടിന് വെല്ലുവിളി ഉയർത്തിയ ഒരു ഷോട്ടുപോലും ഖത്തറിന്റെ ഭാഗത്തു നിന്നുണ്ടായില്ല.
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഡിയോംഗിലൂടെ ഹോളണ്ട് ലീഡുയർത്തി. ക്ലാസ്സന്റെ ക്രോസിൽ നിന്ന് ഡിപെയുടെ തകർപ്പൻ ഷോട്ട് ഖത്തർ ഗോളി ബർഷിം മനോഹരമായി തട്ടിക്കളഞ്ഞെങ്കിലും റീബൗണ്ട് പിടിച്ചെടുത്ത് ഡിയോംഗ് വലകുലുക്കുകയായിരുന്നു. 68-ാം മിനിട്ടിൽ ഹോളണ്ട് വീണ്ടും ഖത്തറിന്റെ വലകുലുക്കിയെങ്കിലും വാറിന്റെ പരിശോധനയിൽ ഗോളിനായുള്ള ബിൽഡപ്പിനിടെ ഗാക്പോയുടെ കൈയിൽ പന്ത് കൊണ്ടെന്ന് കണ്ടെത്തിയതിനാൽ ഹാൻഡ് ബാൾ വിധിക്കുകയും ഗോൾ നിഷേധിക്കുകയും ചെയ്തു.
സെനഗലിന്റെ തിരിച്ചുവരവ്
ഗ്രൂപ്പ് റൗണ്ടിലെ ആദ്യ മത്സരത്തിൽ ഹോളണ്ടിനോട് തോറ്റതിന്ശേഷം രണ്ട് മത്സരത്തിൽ തകർപ്പൻ വിജയം നേടിയാണ് സെനഗൽ അവസാന 16ലെത്തിയത്.
നിർണായകമായിരുന്ന അവസാന മത്സരത്തിന്റെ ആദ്യ പകുതിയിൽ പെനാൽറ്റിയിലൂടെ ഇസ്മയില സാർ നൽകിയ ലീഡ് കായ്സെഡോയുടെ ഗോളിലൂടെ ഇക്വഡോർ നിർവീര്യമാക്കിയതിന് തൊട്ടുപിന്നാലെ കൗലിബാലിയിലൂടെ സെനഗൽ വിജയം പിടിച്ചെടുക്കുകയായിരുന്നു.
വിജയം മാത്രമേ പ്രീ ക്വാർട്ടറിലേക്കുള്ള വാതിൽ തുറക്കൂ എന്നതിനാൽ ശക്തമായ ആക്രമണമാണ് സെനഗൽ തുടക്കം മുതൽ കാഴ്ചവച്ചത്. ആദ്യ പകുതിയിൽ ഇക്വഡോറിന്റെ നായകൻ എന്നർ വലൻസിയ മുന്നേറ്റങ്ങൾക്ക് ശ്രമിച്ചെങ്കിലും സെനഗളീസ് പ്രതിരോധത്തിൽ അവരുടെ നായകൻ കൗലിബാലി വിലങ്ങുതടിയായി നിന്നു.
42-ാം മിനിട്ടിലാണ് അപ്രതീക്ഷിതമായി സെനഗലിന് അനുകൂലമായി പെനാൽറ്റി വിധിക്കപ്പെട്ടത്. മദ്ധ്യലൈനിന് അരികിൽ നിന്നെടുത്ത ഒരു ഫ്രീകിക്കിൽ നിന്നുള്ള പന്തുമായി ഇടതുവശത്തുകൂടി ബോക്സിലേക്ക് ഓടിക്കയറിയ ഇസ്മയില സാറിനെ ഹിൻകാപ്പി മറിച്ചിട്ടതിനാണ് റഫറി സ്പോട്ട്കിക്ക് വിധിച്ചത്.
കിക്കെടുത്ത ഇസ്മയില പോസ്റ്റിന്റെ വലതുകോർണറിലേക്ക് പന്തുപായിച്ച് സെനഗൽ കൊതിച്ച ഗോൾ സ്വന്തമാക്കി. 67-ാം മിനിട്ടിൽ കായ്സെഡോയിലൂടെ ഇക്വഡോർ സമനില പിടിച്ചു. എന്നാൽ ആ ഗോൾ ആഘോഷിക്കാൻ സമയം കിട്ടുംമുന്നേ 70-ാം മിനിട്ടിൽ കൗലി ബാലിയിലൂടെ സെനഗൽ തിരിച്ചടിക്കുകയായിരുന്നു.
ഇടിവെട്ടേറ്റ ഇക്വഡോർ
ആദ്യ മത്സരത്തിൽ ആതിഥേയരെതന്നെ തോൽപ്പിക്കുകയും രണ്ടാം മത്സരത്തിൽ വമ്പന്മാരായ ഹോളണ്ടിനെ സമനിലയിൽ തളയ്ക്കുകയും ചെയ്തെങ്കിലും ഒരൊറ്റ പരാജയം ഇക്വഡോറിനെ പ്രീ ക്വാർട്ടറിൽ നിന്ന് പുറത്താകുകയായിരുന്നു. ആദ്യ രണ്ട് മത്സരങ്ങളിലും ഗോളടിച്ച സൂപ്പർ സ്ട്രൈക്കർ എന്നർ വലൻസിയയെ അവസാനമത്സരത്തിൽ സെനഗൽ പ്രതിരോധം നിർവീര്യമാക്കിയതാണ് ലാറ്റിനമേരിക്കൻ ടീമിന്റെ പ്രതീക്ഷകൾ തച്ചുടച്ചത്. സെനഗലിനെതിരെ സമനില നേടിയാൽ മതിയായിരുന്നു ഇക്വഡോറിന് മുന്നോാുപോകാൻ. സെനഗൽ ലീഡ് നേടിയശേഷം തിരിച്ചടിച്ച് അവർ പ്രതീക്ഷ വീണ്ടെടുത്തതുമാണ്. എന്നാൽ ഒന്നര മിനിട്ടിനുള്ളിൽ വീണ്ടും സ്വന്തം വലകുലുങ്ങിയതോടെ എല്ലാം തകർന്നു.
പ്രീ ക്വാർട്ടർ ഇങ്ങനെ
ഗ്രൂപ്പ് എയിൽ ഒന്നാമന്മാരായ ഹോളണ്ടിന് ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരായ അമേരിക്കയാണ് എതിരാളികൾ. ഗ്രൂപ്പ് ബിയിലെ ഒന്നാമന്മാരായ ഇംഗ്ളണ്ടിനെയാണ് സെനഗൽ നേരിടേണ്ടത്.
പ്രീക്വാർട്ടർ ഫിക്സ്ചർ
ഡിസംബർ 3 ശനി
ഹോളണ്ട് Vs അമേരിക്ക
രാത്രി 8.30 മുതൽ
ഡിസംബർ 5 തിങ്കൾ
ഇംഗ്ളണ്ട് Vs സെനഗൽ
വെളുപ്പിന് 12.30 മുതൽ