തിരുവനന്തപുരം: സംസ്ഥാന നേതൃഘടകങ്ങളിൽ നിന്ന് പ്രായപരിധി മൂലം ഒഴിവാക്കപ്പെട്ട മുതിർന്ന നേതാക്കളായ പന്ന്യൻ രവീന്ദ്രൻ, കെ.ഇ.ഇസ്മായിൽ, സി.ദിവാകരൻ, എ.കെ.ചന്ദ്രൻ എന്നിവരെ അതത് ജില്ലാ ഘടകങ്ങളിലുൾപ്പെടുത്താൻ നിർദ്ദേശിച്ച് സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം. പന്ന്യൻ രവീന്ദ്രൻ കണ്ണൂർ,കെ.ഇ.ഇസ്മായിലിൽ പാലക്കാട്.സി.ദിവാകരൻ തിരുവനന്തപുരം,എ.കെ.ചന്ദ്രൻ തൃശൂർ എന്നിങ്ങനെ ജില്ലാ കൗൺസിലുകളിലുൾപ്പെടുത്തി വേണ്ട നടപടികൾ ജില്ലാ കൗൺസിലുകൾ സ്വീകരിക്കും.പന്ന്യൻ രവീന്ദ്രന്റെ പ്രവർത്തനകേന്ദ്രം തിരുവനന്തപുരത്ത് തന്നെ തുടരാനാണ് സാദ്ധ്യത. പാർട്ടി യോഗങ്ങൾക്ക് കണ്ണൂരിലെത്തും. പാർട്ടിയുടെ മറ്റ് പോഷകസംഘടനകളുടെ ചുമതലകളൊന്നും തത്കാലം പന്ന്യൻ വഹിക്കുന്നില്ല.
പ്രഭാത് ബുക്സിന്റെ ചുമതലയിൽ സി.ദിവാകരൻ തത്കാലം തുടരും. കെ.പി.എ.സിയുടെ ചുമതല കെ.ഇ.ഇസ്മായിൽ ഒഴിഞ്ഞതിനാൽ ഇനി പ്രവർത്തനകേന്ദ്രം പാലക്കാട്ടായിരിക്കും. കെ.ഇ.ഇസ്മായിലും പന്ന്യനും ദേശീയ എക്സിക്യൂട്ടീവിലും സി.ദിവാകരനും എ.കെ.ചന്ദ്രനും സംസ്ഥാന എക്സിക്യൂട്ടീവിലും അംഗങ്ങളായിരുന്നു. ഇക്കഴിഞ്ഞ സമ്മേളനത്തിലാണ് ഇവർ ഒഴിവാക്കപ്പെട്ടത്. ദേശീയ കൺട്രോൾ കമ്മിഷൻ ചെയർമാൻസ്ഥാനം വിജയവാഡ പാർട്ടി കോൺഗ്രസിൽ വച്ച് പന്ന്യൻ ഒഴിഞ്ഞു.