തിരുവനന്തപുരം : ഹ്വിഗ്വിറ്റ എന്ന സിനിമാപേരിനെ ചൊല്ലി വിവാദം കൊഴുക്കുമ്പോൾ എഴുത്തുകാരൻ എൻ.എസ്. മാധവനെതിരെ വിമർശനവുമായി സംവിധായകൻ വേണു, ചെറുകഥയ്ക്ക് എൻ.എസ്. മാധവൻ ഹിഗ്വിറ്റ എന്ന പേരിട്ടത് ആരോട് ചോദിച്ച് അനുവാദം വാങ്ങിയിട്ടാണെന്ന് വേണു ചോദിച്ചു, എൻ, എസ്, മാധവനില്ലായിരുന്നെങ്കിൽ ഹിഗ്വിറ്റയെ കേരളത്തിലാരും അറിയില്ലായിരുന്നുവെന്ന അവസ്ഥയിലേക്കെല്ലാം വിവാദം മാറുകയാണ്. എൻ.എസ്. മാധവനാണ് ഹിഗ്വിറ്റ എന്ന പേരിന്റെ അതോറിട്ടിയെന്ന നിലപാട് അംഗീകരിച്ച് നൽകാനാവില്ല. ഫിലിം ചേംബർ എങ്ങനെയാണ് അത്തരമൊരു നിലപാട് സ്വീകരിച്ചതെന്ന് വ്യക്തമല്ല. ഫുട്‌ബാളിനെ, ഹിഗ്വിറ്റയെ അറിയുന്ന എത്രയോ പേർ കേരളത്തിലുണ്ട്. ഇത് ഒരുതരം കെട്ടിയേൽപ്പിക്കലാണ്. ചിലർക്കാണ് ഇതിവന്റെയെല്ലാം അവകാശം എന്ന കെട്ടിയേൽപ്പിക്കൽ. മലയാളത്തിൽ ഹിഗ്വിറ്റയുടെ പിതൃത്വാൃവകാശം എൻ.എസ്. മാധവനാണോയെന്ന് ഫിലിം ചേംബറിനോടാണ് ചോദിക്കേണ്ടതെന്നും വേണു പറഞ്ഞു.
ദിവസങ്ങൾക്ക് മുമ്പ് ഹേമന്ദ് നായർ സംവിധാനം ചെയ്യുന്ന ഹിഗ്വിറ്റ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നിരുന്നു, ഇതിന് പിന്നാലെയാണ് എൻ.എസ്. മാധവൻ ചിത്രത്തിനെതിരെ രംഗത്ത് വന്നത്. ഹിഗ്വിറ്റ എന്ന തന്റെ പ്രശസ്തമായ കഥയുടെ പേരിന് മേൽ തനിക്ക് യാതൊരു അവകാശവും ഇല്ലാതെ പോകുന്നത് ദുഃഖകരമാണെന്നായിരുന്നു മാധവന്റെ ട്വീറ്റ്. എൻ,എസ് മാധവനെ പിന്തുണച്ച് കേരള സാഹിത്യ അക്കാഡമി പ്രസിഡന്റ് കെ. സച്ചിദാനന്ദനും രംഗത്ത് വന്നിരുന്നു.